ജെല്ലിക്കെട്ടിനിടെ ആന്ധ്രയിലും തമിഴ്നാട്ടിലും അപകടങ്ങൾ
ജെല്ലിക്കെട്ടിനിടെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും നിരവധി പേർക്ക് പരുക്ക്. തമിഴ്നാട്ടിലെ മധുരയിലും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുമാണ് അപകടങ്ങളുണ്ടായത്. കാണികൾക്ക് സുരക്ഷയും കാളപ്പോരിന് സൗകര്യവും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പലയിടത്തും അത് പാലിക്കപ്പെട്ടില്ല.
തമിഴ്‌നാട് മധുര ജില്ലയിലെ ആവണിയാപുരം ഗ്രാമത്തിൽ ജെല്ലിക്കെട്ടിനിടെ 19 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 11 പേരെ വിദഗ്ധ ചികിത്സയ്ക്കായി മധുരയിലെ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെല്ലിക്കെട്ട് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായി മധുര ജില്ലാ കളക്ടർ അനീഷ് ശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു. കാളപ്പോരിനുള്ള സൗകര്യവും കാണികൾക്കുള്ള സംരക്ഷണവും ഉറപ്പാക്കാൻ മൂന്ന് ലെവൽ ബാരിക്കേഡുകൾ ആയിരുന്നു സ്ഥാപിച്ചിരുന്നത്.
അതേസമയം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇന്നലെ നടന്ന ജെല്ലിക്കെട്ടിൽ 15 പേർക്ക് പരുക്കേറ്റു. മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി നടന്നത്. നിരവധി യുവാക്കളാണ് ജെല്ലിക്കെട്ടിൽ പങ്കെടുക്കാനായി എത്തിയത്. ജനുവരി പകുതിയോടെയുള്ള പൊങ്കൽ വിളവെടുപ്പ് സമയത്ത് നടത്തുന്ന ഒരു ജനപ്രിയ കായിക വിനോദമാണ് ജെല്ലിക്കെട്ട്. വലിയ കാളയുടെ കൊമ്പിൽ പിടിച്ച് മെരുക്കുന്ന ആളെയാണ് കളിയിൽ വിജയിയായി പ്രഖ്യാപിക്കുന്നത്.
നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന വിളവെടുപ്പുത്സവത്തിന്റെ മൂന്നാം ദിനമായ മാട്ടുപൊങ്കലിന്റെ ഭാഗമായിട്ടാണ് സാധാരണയായി ജെല്ലിക്കെട്ട് നടത്തി വരുന്നത്. 'മാട്ടു' എന്ന തമിഴ് വാക്കിന്റെ അർത്ഥം കാള എന്നാണ്. പൊങ്കലിന്റെ മൂന്നാം ദിവസം കൃഷിയിൽ പ്രധാന പങ്കു വഹിക്കുന്ന കന്നുകാലികൾക്കായിട്ടാണ് കർഷകർ ഈ ദിനം സമർപ്പിക്കുന്നത്. മൃഗങ്ങളുടെ അവകാശങ്ങൾക്ക് സംരക്ഷണം വേണമെന്ന് ആഹ്വാനം നടത്തുന്ന ഒരു വിഭാഗവും, എന്നാൽ സംസ്കാരവും പാരമ്പര്യവും തുടരണമെന്ന് പറയുന്ന മറു വിഭാഗവും തമ്മിലുള്ള വാഗ്വാദങ്ങൾ ജെല്ലിക്കെട്ടിനെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്.