സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം

സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം

കേസ് പരിഗണിച്ചത് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച്
Updated on
2 min read

സാമൂഹ്യ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതൽവാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ടീസ്റ്റ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ ടീസ്റ്റ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രാദേശികമായി ജാമ്യക്കാര്‍ ലഭ്യമല്ലാത്തതിനാല്‍ പകരമായി പണം കെട്ടിവയ്ക്കണമെന്നാണ് ജാമ്യവ്യവസ്ഥ.

കഴിഞ്ഞ ദിവസം വാദം കേട്ട സുപ്രീംകോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം നൽകുമെന്ന് സൂചിപ്പിച്ചെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന മാനിച്ച് വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ കപിൽ സിബലാണ് ടീസ്റ്റ സെതൽവാദിന് വേണ്ടി കോടതിയിൽ ഹാജരായത്.

സെപ്റ്റംബർ 19ന് ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റയുടെ സ്ഥിര ജാമ്യ ഹർജി പരിഗണിക്കും. ടീസ്റ്റയെ സ്ഥിര ജാമ്യത്തിൽ വിട്ടയക്കണോ വേണ്ടയോ എന്ന് ഹൈക്കോടതി തീരുമാനിക്കും. ടീസ്റ്റ കസ്റ്റഡിയിൽ തുടരേണ്ടത് നിർബന്ധമാണോ എന്നത് മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി.

ടീസ്റ്റ സെതല്‍വാദ് രണ്ട് മാസമായി കസ്റ്റഡിയിൽ കഴിയുകയാണെന്നും ചോദ്യം ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് ആവശ്യമായ സമയം ലഭ്യച്ചതിനാല്‍ തന്നെ ഇടക്കാല ജാമ്യത്തിന് ടീസ്റ്റയ്ക്ക് അർഹതയുണ്ടെന്നും കോടതി പറഞ്ഞു.

വ്യാഴാഴ്ച ടീസ്റ്റയുടെ ഹർജി പരിഗണിക്കവെ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ടീസ്റ്റയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കാൻ ആറ് ആഴ്ച നീട്ടി വെച്ചതാണ് പരമോന്നത കോടതിയെ പ്രകോപിപ്പിച്ചത്. സമാന സ്വഭാവമുള്ള എല്ലാ കേസുകളിലും ഗുജറാത്ത് ഹൈക്കോടതിക്ക് ഇതേ നിലപാടാണോ അതോ ഇതിൽ മാത്രമാണോ എന്ന് കോടതി ചോദിച്ചു. ഇത്രയും കാലം നീട്ടി വെക്കുന്ന മറ്റു കേസുകൾ ഉണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.

ടീസ്റ്റയ്ക്ക് ജാമ്യം നൽകാതിരിക്കാൻ കാരണമായ കുറ്റകൃത്യങ്ങളൊന്നും എഫ്ഐആറിൽ ഇല്ലെന്നും വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് മാസമായി കസ്റ്റഡിയിൽ തുടരുന്ന ടീസ്റ്റയെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസ് പുതിയതായി എന്താണ് കണ്ടെത്തിയതെന്നും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. കൂടാതെ 2002 ഗുജറാത്ത് വംശഹത്യയിൽ സർക്കാർ, ഉദ്യോഗസ്ഥ വൃന്ദങ്ങൾക്ക് പങ്കുണ്ടെന്ന സാകിയ ജാഫ്രിയുടെ കേസിലെ വിധിയിൽ പറയുന്നതിന് അപ്പുറമായി മറ്റൊന്നും ടീസ്‌റ്റയ്‌ക്കെതിരെയുള്ള എഫ് ഐ ആറിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

ഓഗസ്റ്റ് രണ്ടിന് വാദം കേട്ട ഹൈക്കോടതി ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ച ശേഷം ഹർജി പരിഗണിക്കാൻ സെപ്റ്റംബർ 19ലേക്ക് മാറ്റി. ഇതിനെ ചോദ്യം ചെയ്താണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.

സാകിയ ജാഫ്രി കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സുപ്രീംകോടതിയുടെ ജൂൺ 24ലെ വിധിയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു ടീസ്റ്റയുടെ അറസ്റ്റ്. ജൂൺ 25നാണ് മുംബൈയിലെ വസതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ടീസ്റ്റയെ കസ്റ്റഡിയിലെടുക്കുന്നത് . ടീസ്റ്റയുടെയും മറ്റൊരു പ്രതിയായ ഗുജറാത്ത് മുന്‍ ഡിജിപി ആർ ബി ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ ജൂലൈ 30ന് അഹമ്മദാബാദിലെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ടീസ്റ്റ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് മൂന്നിന് ഹൈക്കോടതി ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ച ശേഷം ഹർജി പരിഗണിക്കാൻ സെപ്റ്റംബർ 19ലേക്ക് മാറ്റി. ഇതിനെ ചോദ്യം ചെയ്താണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ് 22ന് സുപ്രീംകോടതി ഹർജി പരിഗണിക്കുകയും ജാമ്യം അനുവദിക്കുന്നതിൽ ഗുജറാത്ത് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വ്യാജ തെളിവ് ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. സാക്ഷികളുടെ വ്യാജ മൊഴികൾ അന്വേഷണ സംഘത്തിന് മുന്‍പാകെ ടീസ്റ്റ സെതൽവാദ് സമർപ്പിച്ചതായി പ്രത്യേക അന്വേഷണസംഘം എഫ്‌ഐആറിൽ പറയുന്നു.

logo
The Fourth
www.thefourthnews.in