ബെംഗളുരു-മൈസുരു അതിവേഗപാത: ഗണങ്കൂരില്‍ ടോള്‍പിരിവിന് തര്‍ക്കത്തോടെ തുടക്കം, വാഹനങ്ങള്‍ക്ക് കേടുപാട്
ബെംഗളുരു-മൈസുരു അതിവേഗപാതയില്‍ രണ്ടാമത്തെ ടോള്‍ ബൂത്തിലും സാങ്കേതികപ്പിഴവും പ്രശ്‌നങ്ങളും. ടോള്‍ ഗേറ്റ് കൃത്യസമയത്ത് അടയ്ക്കാനും തുറക്കാനും കഴിയാതിരുന്നതോടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ശ്രീരംഗപട്ടണത്തിന് സമീപം ഇന്ന് പിരിവ് തുടങ്ങിയ ഗണങ്കൂര്‍ ടോള്‍ ബൂത്തിലാണ് സാങ്കേതികപ്രശ്‌നം മൂലം യാത്രക്കാര്‍ വലഞ്ഞത്. നിരവധി വാഹനങ്ങൾ ടോള്‍ ബൂത്തില്‍ കുടുങ്ങിയതോടെ അതിവേഗപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ഫാസ്റ്റാഗ് സംവിധാനം പ്രവര്‍ത്തിക്കായതോടെ ടോള്‍ ജീവനക്കാര്‍ നേരിട്ട് പണം സ്വീകരിച്ചുതുടങ്ങി. എന്നാല്‍ ഫാസ്റ്റാഗിനേക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക് തര്‍ക്കമായി. സാങ്കേതികപ്രശ്‌നം പരിഹരിക്കേണ്ടത് ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നിരിക്കെ യാത്രക്കാരെ പിഴിയാനുള്ള അവസരമായി ഇതിനെ കാണുകയാണ് ജീവനക്കാര്‍ ചെയ്തതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
ടോള്‍ ബൂത്ത് കടന്ന് യാത്രക്കാര്‍ മുന്നോട്ടുപോകാന്‍ വാഹനമെടുത്തതോടെ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. ഇത് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിൽ കലാശിച്ചു. പത്തോളം വാഹനങ്ങള്‍ക്കാണ് കേടുപാടുകളുണ്ടായത്. യാത്രക്കാരും ജീവനക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കന്നഡ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു.
കന്നഡ രക്ഷണ വേദികെ, ജയ കര്‍ണാടക എന്നീ സംഘടനകള്‍ ടോള്‍ ബൂത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. യാത്രക്കാരെ പിഴിയുന്ന ടോള്‍ നിരക്ക് കുറയ്ക്കണമെന്നും സാങ്കേതികപ്പിഴവ് പരിഹരിക്കുംവരെ ടോള്‍ ഈടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്‌നം പരിഹരിക്കും വരെ സമരം തുടരുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. ടോള്‍ ബൂത്തിന് മുന്നില്‍ പോലീസ് സംരക്ഷണം ഉറപ്പാക്കിയാണ് ടോള്‍ പിരിവ് പുനഃരാരംഭിച്ചത്.
ഗണങ്കൂരില്‍ കൂടി ടോള്‍ ബൂത്ത് നിലവില്‍ വന്നതോടെ അതിവേഗപാതയിലെ യാത്രയ്ക്ക് ചെലവേറുകയാണ്. ബിഡദിയിലെ കണിമെണികെയിലും ഗണങ്കൂരിലുമായി ടോള്‍ ഇനത്തില്‍ വിവിധ വാഹനങ്ങള്‍ 370 രൂപ മുതല്‍ 2570 രൂപ വരെയാണ് നല്‍കേണ്ടത്. വടക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ഇരുട്ടടിയാണ് രണ്ടാമത്തെ ടോള്‍ ബൂത്ത് തുറന്നത്. 90 മിനുട്ട് കൊണ്ട് മൈസൂരുവിലും ബംഗളൂരുവിലും എത്താന്‍ സാധിക്കുമെന്നതിനാല്‍ അതിവേഗപാതയെ ആശ്രയിക്കുന്നവരില്‍ കൂടുതലും മലയാളികളാണ്.
അതിവേഗപാതയിലെ ടോള്‍ നിരക്ക് കുറയ്ക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറായില്ലെങ്കില്‍ ടോള്‍ ഇല്ലാത്ത പഴയ പാത ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. അടിയന്തര അവസരങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന പാതയായി അതിവേഗപാത മാറാനുള്ള സാധ്യതയുണ്ട്.