21 ലക്ഷം രൂപയുടെ തക്കാളി കയറ്റിയ ലോറി കാണാതായി;
പരാതിയുമായി കോലാറിലെ വ്യാപാരികൾ

21 ലക്ഷം രൂപയുടെ തക്കാളി കയറ്റിയ ലോറി കാണാതായി; പരാതിയുമായി കോലാറിലെ വ്യാപാരികൾ

കോലാറിൽ നിന്നും രാജസ്ഥാനിലേക്കു പുറപ്പെട്ട തക്കാളിലോറിയാണ് കാണാതായത്
Updated on
1 min read

കർണാടകയിലെ കോലാർ മൊത്തവ്യാപാര കമ്പോളത്തിൽ നിന്നും തക്കാളി കയറ്റി പുറപ്പെട്ട ലോറി കാണാതായതായി പരാതി. 21 ലക്ഷം രൂപ വിലവരുന്ന തക്കാളികൾ കയറ്റി രാജസ്ഥാനിലേക്ക് പോയ വാഹനമാണ് കാണാതായത്. കഴിഞ്ഞ 27-ാം തീയതിയായിരുന്നു കോലാർ എപിഎംസിയിൽ നിന്ന് ഈ ലോറി ജയ്‌പൂരിലേക്കു തിരിച്ചത്. ജയ്‌പൂരിലെ കമ്പോളത്തിൽ നിന്ന് തക്കാളി ഓർഡർ ചെയ്തവർ സമയമായിട്ടും വാഹനം എത്തിചേരാതായതോടെ കോലാറിലെ വ്യാപാരികളെ ബന്ധപ്പെടുകയായിരുന്നു.

29-ാം തീയതി വരെ ലോറി ഡ്രൈവറെ മൊബൈലിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നു എന്നാണ് കോലാറിലെ വ്യാപാരികൾ പറയുന്നത്. നെറ്റ്‌വർക്ക് പ്രശ്നമാകുമെന്ന് കരുതി അവഗണിച്ചെങ്കിലും ജയ്‌പൂരിൽ നിന്ന് വിളി വന്നതോടെ കോലാറിലെ വ്യാപാരികൾ പരിഭ്രാന്തരായി. കോലാർ പോലീസിൽ ഇവർ രേഖാമൂലം പരാതി നൽകിയിരിക്കുകയാണ് . മധ്യപ്രദേശിലൂടെ വാഹനം അവസാനമായി സഞ്ചരിച്ചതായാണ് പ്രാഥമിക പരിശോധനയിൽ മനസിലാക്കാനായത് .

കോലാർ മാർക്കറ്റ്
കോലാർ മാർക്കറ്റ്

വാഹനം മറ്റാരെങ്കിലും തട്ടിയെടുത്തതാണോ ഡ്രൈവർക്ക് അപായം സംഭവിച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല . ലോറിയുടെ ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ടോൾ പ്ലാസകൾ കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണ് . മധ്യപ്രദേശ് പോലീസിന്റെ സഹായം കോലാർ പോലീസ് തേടിയിട്ടുണ്ട് .

തക്കാളിക്ക് രാജ്യത്ത് റെക്കോർഡ് വില ആയതോടെ തക്കാളി മോഷണം നിത്യ സംഭവമാകുകയാണ്. വിളവെടുക്കാറായ തോട്ടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും രാവും പകലും സെക്യൂരിറ്റി ജീവനക്കാരെ വച്ചുമാണ് കർഷകർ തക്കാളിക്ക് കാവൽ ഒരുക്കുന്നത്. കോലാർ എപിഎംസിയിലും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ട് രണ്ടുമാസത്തോളമായി.

logo
The Fourth
www.thefourthnews.in