പിടിവിട്ട് തക്കാളി വില; ഉത്തരേന്ത്യയിൽ കിലോയ്ക്ക് 250 രൂപ, വില നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാർ
രാജ്യവ്യാപകമായി തക്കാളി വില പിടിവിട്ട് ഉയരുകയാണ്. പ്രധാന നഗരങ്ങളിലുടനീളം കിലോഗ്രാമിന് 250 രൂപ വരെ ഉയർന്ന നിലയിലാണ് ചില്ലറ വിപണികളിൽ തക്കാളിയുടെ വില. സർക്കാർ കണക്കുകൾ പ്രകാരം, അഖിലേന്ത്യാതലത്തിൽ ശരാശരി വില കിലോയ്ക്ക് 117 രൂപയായിരുന്നു. വിപണി വില പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി, ഡൽഹി, പട്ന, ലക്നൗ എന്നിവിടങ്ങളിൽ കേന്ദ്രം നേരിട്ട് കിലോ 90 രൂപ നിരക്കിൽ തക്കാളി വിൽപന നടത്തുകയാണ്.
ഡഹിയിലെ വിവിധ സ്ഥലങ്ങളിലും ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ എന്നിവയുള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കിലോഗ്രാമിന് 90 രൂപ നിരക്കില്‍ തക്കാളി വില്‍പന തുടങ്ങി. നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (എൻസിസിഎഫ്) നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (നാഫെഡ്) മൊബൈൽ വാനുകൾ വഴിയാണ് വില കുറച്ച് തക്കാളി വിൽക്കുന്നത്.
ലഖ്‌നൗ, പട്‌ന, മുസാഫർപൂർ എന്നിവിടങ്ങളിലും വിലക്കിഴിവിൽ തക്കാളി വിൽപന ആരംഭിച്ചതായി കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് ട്വീറ്റ് ചെയ്തു. ഞായറാഴ്ച മുതൽ, ദേശീയ തലസ്ഥാനത്തെ 100-ഓളം കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ വഴി തക്കാളി വിൽക്കാനാണ് എൻസിസിഎഫ് പദ്ധതിയിടുന്നത്. കൂടാതെ ഡൽഹി-എൻസിആറിലെ 400 സഫൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി തക്കാളി വിൽക്കാൻ മദർ ഡയറിയുമായി ചർച്ച നടത്തിവരികയാണ്.
ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, തക്കാളിയുടെ അഖിലേന്ത്യാ റീട്ടെയിൽ വില ശനിയാഴ്ച കിലോയ്ക്ക് 116.86 രൂപയായിരുന്നു. അതേസമയം പരമാവധി നിരക്ക് കിലോയ്ക്ക് 250 രൂപയും കുറഞ്ഞത് 25 രൂപയുമാണ്. തക്കാളിയുടെ മോഡൽ വില കിലോയ്ക്ക് 100 രൂപയാണ്.
ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 116.86 രൂപയാണ് ശനിയാഴ്ച്ചത്തെ തക്കാളിയുടെ ഇന്ത്യയിലെ റീട്ടെയില്‍ വില. അതേസമയം തക്കാളിയുടെ പരമാവധി വില രാജ്യത്ത് 250 രൂപയും ഏറ്റവും കുറഞ്ഞ വില 25 രൂപയുമാണ്. തക്കാളിയുടെ ശരാശരി വില 100 രൂപയായി തുടരുകയുമാണ്.
മെട്രോ നഗരങ്ങളായ, ഡൽഹിയിൽ തക്കാളിക്ക് കിലോയ്ക്ക് 178 രൂപയും മുംബൈയിൽ കിലോയ്ക്ക് 150 രൂപയും ചെന്നൈയിൽ 132 രൂപയുമാണ്. ഹാപൂരിൽ കിലോയ്ക്ക് 250 രൂപയായിരുന്നു പരമാവധി വില. പൊതുവെ ഉത്പാദനം കുറഞ്ഞ ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലാണ് തക്കാളിയുടെ വില സാധാരണയായി ഉയരാറുള്ളത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതിയാണ് നിലവില്‍ തക്കാളിയുടെ വില കുത്തനെ കൂടാനുള്ള പ്രധാന കാരണം.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ മഴകനക്കുന്നതും ചില സ്ഥലങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തും തക്കാളി വില വീണ്ടും ഉയർത്തുമെന്നാണ് വിവരം. വരും ആഴ്ചകളില്‍ കിലോയ്ക്ക് 300 രൂപ കടക്കുമെന്നാണ് റിപ്പോർട്ട്.