ലഭ്യതക്കുറവ് രൂക്ഷം; തക്കാളി വില വീണ്ടും കുതിക്കുന്നു
രാജ്യത്ത് തക്കാളി വില വീണ്ടും കുതിക്കുന്നു. ദേശീയ ക്ഷീര വികസന ബോര്‍ഡിന് കീഴിലുള്ള സ്ഥാപനമായ മദര്‍ ഡയറിയുടെ സഫല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ തക്കാളി വില്‍ക്കുന്നത് ഇന്ന് 259 രൂപയ്ക്കാണ്. കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രധാന ഉത്പാദന മേഖലകളിലെ കനത്ത മഴയെ തുടര്‍ന്നാണ് തക്കാളിക്ക് വിലയേറിയത്. ജൂലായ് 14 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് സബ്സിഡി നിരക്കില്‍ തക്കാളി ലഭ്യമാക്കിയെങ്കിലും ലഭ്യതക്കുറവ് കാരണം വീണ്ടും വില വര്‍ധിക്കുകയാണ്.
ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തക്കാളിയുടെ ചില്ലറ വില്‍പന വില ഇന്ന് കിലോയ്ക്ക് 203 രൂപയിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മൊത്ത വിപണിയായ ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടിയില്‍ തക്കാളിയുടെ മൊത്തവില ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 170-220 രൂപയാണ്.
“കാലാവസ്ഥാ വ്യതിയാനം കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തുടനീളം തക്കാളി വിതരണത്തെ ബാധിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയുടെ പ്രധാന വിപണിയായ ആസാദ്പൂരിലെ വരവ് ഗണ്യമായി കുറഞ്ഞു. ലഭ്യതക്കുറവ് കാരണം മൊത്തക്കച്ചവടത്തിൽ വില കുത്തനെ ഉയർന്നു, ഇത് ചില്ലറ വിൽപ്പന വിലയിലും സ്വാധീനം ചെലുത്തുന്നു, ”മദർ ഡയറി വക്താവ് പറഞ്ഞു.