ഗുസ്തി താരങ്ങളുടെ സമരം ഒത്തുതീര്‍പ്പിലേക്ക്? ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും അനുരാഗ് ഠാക്കൂറുമായി ചർച്ച നടത്തുന്നു
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര കായികമന്ത്രി നിര്‍ണായക ചര്‍ച്ച നടത്തുന്നു. സമരം മുൻനിരയിൽ നിന്ന് നയിച്ച ബജ്റംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവരുമായാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചര്‍ച്ച നടത്തുന്നത്. കര്‍ഷക നേതാവ് രാകേഷ് ടികായത്തും കൂടിക്കാഴ്ചയിൽ പങ്കാളിയാകുന്നുണ്ട്.
ഗുസ്തി താരങ്ങളുയര്‍ത്തുന്ന വിഷയങ്ങളും ആശങ്കകളും വിശദമായി ചര്‍ച്ച ചെയ്യാൻ സന്നദ്ധമാണെന്ന് അനുരാഗ് ഠാക്കൂര്‍ ഇന്നലെരാത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ചര്‍ച്ച. സമരം ഒത്തുതീര്‍പ്പിലെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ശനിയാഴ്ച രാത്രി ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട് തുടങ്ങിയവരായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സാക്ഷി മാലിക് അടക്കമുള്ളവര്‍ സമരത്തിൽനിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. തിരികെജോലിയിൽ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഗുസ്തിതാരം ബജ്‌റംഗ് പുനിയ കഴിഞ്ഞദിവസം വ്യക്തമാക്കി. നീതി ലഭിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. '' ആഭ്യന്തരമന്ത്രിയെ കണ്ട് ഗുസ്തിതാരങ്ങള്‍ കരാറുണ്ടാക്കിയെന്ന വാര്‍ത്ത തെറ്റാണ്. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന് സര്‍ക്കാര്‍ തന്നെയാണ് ആവശ്യപ്പെട്ടത് എന്നാല്‍, അവര്‍തന്നെ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി'' - പുനിയ കുറ്റപ്പെടുത്തി. സമരക്കാൻ മുന്നോട്ടുവച്ച ഒരു ആവശ്യം പോലും പരിഗണിക്കാത്ത കേന്ദ്രനിലപാടിനെതിരെ താരങ്ങൾ കടുത്തവിമര്‍ശനമാണ് ഉന്നയിച്ചത്.