ഒഡിഷയില്‍ രണ്ട് ട്രെയിനുകൾ പാളം തെറ്റി അപകടം; 50 മരണം, 350-ലധികം പേർക്ക് പരുക്ക്
ഒഡിഷയില്‍ രണ്ട് ട്രെയിനുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അന്‍പത് പേര്‍ മരിച്ചു. 350-ലധികം പേർക്ക് പരുക്കേറ്റു. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഷാലിമാറില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോയ കോറമാണ്ടല്‍ എക്‌സ്പ്രസ്, ബെംഗളൂരു യശ്വന്ത്പൂരില്‍നിന്ന് ഹൗറയിലേക്കുപോയ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളും ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പെട്ടത്. ബാലസോര്‍ ജില്ലയിലെ ബഹാനഗ സ്റ്റഷനുസമീപം വൈകീട്ട് 7.20 ഓടെയാണ് അപകടം.
പാളം തെറ്റിയ കോറമാണ്ടല്‍ എക്‌സ്പ്രസ് പാളംതെറ്റി എതിര്‍ ട്രാക്കിലേക്ക് മറിഞ്ഞു. ഈ ട്രെയിനിലേക്ക് അല്‍പ്പസമയത്തിനുശേഷം വന്ന യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പാളംതെറ്റി. കോറമാണ്ടല്‍ എക്‌സ്പ്രസിന്റെ 10-12 കോച്ചുകളും യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസിന്റെ മൂന്ന്-നാല് കോച്ചുകളും മറിഞ്ഞതായി റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. ഒരു ചരക്ക് ട്രെയിനും അപകടത്തില്‍പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.
പരുക്കേറ്റ 132 പേരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എഫ്എം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 47 പേരെ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് 50 ആംബുലൻസുകൾ എത്തിച്ചെങ്കിലും പരുക്കേറ്റവരുടെ എണ്ണം വളരെ കൂടപതലായതിനാൽ ബസുകളിലും മറ്റുമാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. മൂന്ന് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഷാലിമാറിൽനിന്ന് വൈകീട്ട് 3.30ന് തിരിച്ച കോറമാണ്ടൽ എക്‍സ്പ്രസ് 6.30ന് ബാലസോർ സ്റ്റേഷനിലെത്തിയിരുന്നു. നാളെ വൈകീട്ട് 4.50ന് ചെന്നൈയിൽ എത്തേണ്ടതായിരുന്നു.
അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനായി ഒഡിഷ മുഖ്യമന്ത്രിയുടെ ഓഫീസ് മുതിർന്ന ഉദ്യോഗസ്ഥരായ ഹേമന്ത് ശർമ്മ, ബൽവന്ത് സിങ്, ഡിജി ഫയർ സർവീസസ് എന്നിവരെ സംഭവസ്ഥലത്തേക്ക് അയച്ചു. ഒഡീഷ ഫയർ സർവീസസ് മേധാവി സുധാൻഷു സാരംഗിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ദുരന്തനിവാരണ മന്ത്രി പ്രമീള മല്ലിക്കിനോടും സ്‌പെഷൽ റിലീഫ് കമ്മിഷണറോടും (എസ്‌ആർസി) അപകടസ്ഥലത്ത് ഉടൻ എത്താൻ നിർദേശിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേനയെയും സംസ്ഥാന ദുരന്ത ദ്രുതകർമ സേനയെയും സംഭവസ്ഥലത്തേക്ക് അയച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ഒഡിഷ സർക്കാർ ഹെൽപ്പ് ലൈൻ സേവനം ആരംഭിച്ചു. നമ്പറുകൾ: 033-26382217, 8972073925, 67822 62286, 9332392339.