കുടിയായ്മ നിയമവും തുണച്ചില്ല; ജാര്‍ഖണ്ഡിലെ ദോബോ ഗ്രാമത്തിലെ ഗോത്രജനത കുടിയിറക്കല്‍ ഭീഷണിയില്‍
ജാര്‍ഖണ്ഡില്‍ ആദിവാസി ഭൂസംരക്ഷണത്തിനായി പാസാക്കിയ ചോട്ടാ നാഗ്പൂര്‍ കുടിയായ്മ നിയമത്തിന് കീഴില്‍ വരുന്ന രണ്ടേക്കര്‍ ഭൂമി; ആ ഭൂമിയില്‍ അവകാശമുന്നയിച്ചെത്തിയ ഇച്ഛാഗഢ് എംഎല്‍എ സബിത മഹാതോ; ഗോത്ര നിവാസികളുടെ ചെറുത്തുനില്‍പ്പിനെ രൂക്ഷമായി നേരിടുന്ന പോലീസ്. ജാര്‍ഖണ്ഡിലെ ദോബോ ഗോത്ര ഗ്രാമീണ ജനതയുടെ ഓരോ ദിവസവും ഇപ്പോള്‍ പോലീസും ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലുകളിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് തലമുറയായി ജീവിച്ച് പോരുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകാനാണ് ഭരണകൂടം അവരോട് ആവശ്യപ്പെടുന്നത്.
പ്രാദേശിക കോടതിയുടെ ഗോത്ര കുടുംബങ്ങള്‍ക്ക് അനുകൂലമായ ഉത്തരവ് പോലും ലംഘിച്ചാണ് പോലീസ് നടപടികള്‍.
ജാര്‍ഖണ്ഡിലെ സരായിക്കേല ഖര്‍സാവാം ജില്ലയിലെ ദോബോയില്‍ നിരവധി ഗോത്ര കുടുംബങ്ങള്‍ പാര്‍ക്കുന്ന ഭൂമിയാണ് ഇച്ഛാഗഢ് എംഎല്‍എ സബിത മഹാതോ അവരുടെ കുടുംബസ്വത്താണെന്ന് അവകാശപ്പെടുന്നത്. ചോട്ടാ നാഗ്പൂര്‍ കുടിയായ്മ നിയമത്തിന് കീഴില്‍ വരുന്ന ഭൂമിയായതിനാല്‍ തന്നെ ഗോത്ര വര്‍ഗത്തില്‍പ്പെടാത്തവര്‍ക്ക് ഇവിടെ സ്ഥലം വാങ്ങാനോ സ്വന്തമാക്കാനോ അവകാശമില്ല. പ്രാദേശിക കോടതിയുടെ ഗോത്ര കുടുംബങ്ങള്‍ക്ക് അനുകൂലമായ ഉത്തരവ് പോലും ലംഘിച്ചാണ് പോലീസ് നടപടികള്‍. എതിര്‍ത്ത പ്രദേശവാസികള്‍ക്കും അവരെ സഹായിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ക്രൂരമായ പോലീസ് മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത് .
പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെയെല്ലാം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഫെബ്രുവരിയില്‍ സാമൂഹ്യസംഘടനയായ സംയുക്ത ഗ്രാമസഭ മഞ്ചിന്റെ നേതൃത്വത്തില്‍ വലിയൊരു പ്രതിഷേധ സമരത്തിന് ദോബോ സാക്ഷ്യം വഹിച്ചു. സംഘടനയുടെ നേതൃത്വത്തിലാണ് വിഷയം കോടതിയിലെത്തിച്ചത്. കേസ് പരിഗണിച്ച സരായിക്കേല ഖര്‍സാവാം കോടതി തല്‍സ്ഥിതി തുടരാന്‍ ഇക്കഴിഞ്ഞ ജൂലൈ 18ന് ഉത്തരവിട്ടു. സബിതാ മഹാതോ രേഖകളൊന്നും ഹാജരാക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്.
എന്നാല്‍ ജൂലൈ 19ന് പോലീസിന്റേയും റവന്യൂ അധികൃതരുടേയും മേല്‍നോട്ടത്തില്‍ മേഖലയില്‍ അതിര്‍ത്തി നിര്‍ണയമടക്കമുള്ള നടപടികള്‍ നടന്നു. 25ലധികം ഗോത്ര ഗ്രാമങ്ങള്‍ പോലീസ് വലയത്തിലാക്കി കൊണ്ട്, അതിര്‍ത്തി നിശ്ചയിച്ച ശേഷമുള്ള മതില്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
ദോബോ ഭൂമിയിലെ അവകാശ ചരിത്രം
ചണ്ഡിഗല്‍ ഡാം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ദോബോയില്‍ താമസിക്കുന്ന ഗോത്രവംശജരുടെ പൂര്‍വികര്‍. അന്ന് ഇപ്പോഴത്തെ ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് നിര്‍മല്‍ മഹാതോയാണ് കുടുംബങ്ങളെ ദോബോയിലേക്ക് മാറ്റിപാര്‍പ്പിച്ചത്.
1964ലെ റവന്യൂ രേഖകള്‍ പ്രകാരം ഗോത്രവര്‍ഗക്കാരെ മാറ്റിപാര്‍പ്പിച്ച ഭൂമി ഗുരുചരണ്‍ ഭൂമിജ് പിന്തുടര്‍ച്ചക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ അവരില്‍ നിന്ന് ജെഎംഎം നേതാവ് സുധീര്‍ മഹാതോ ഭൂമി അനധികൃതമായി സ്വന്തമാക്കി. അതിനിടെയായിരുന്നു നിര്‍മല്‍ മഹാതോയുടെ നേതൃത്വത്തിലുണ്ടായ കുടിയൊഴിപ്പിക്കലും പുനരധിവാസവും. സുധിര്‍ മഹാതോയുടെ മരണശേഷം കൃത്യമായ അവകാശരേഖകളൊന്നും ഇല്ലാതെ തന്നെ ഭൂമിയുടെ അവകാശം ഭാര്യ സബിത മഹാതോയിലെത്തി.
സരായിക്കേല ഖര്‍സാവാം ജില്ലയേയും ജംഷ്ഡ്പൂരിനേയും ബന്ധിപ്പിക്കുന്ന ദോമുഹാനി പാലം വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ വില ഇവിടെ വലിയ തോതില്‍ ഉയര്‍ന്നു. ഇതോടെയാണ് ഭൂമി വില്‍ക്കാനുള്ള സബിത മഹാതോ എംഎല്‍എയുടെ നീക്കം
സരായിക്കേല ഖര്‍സാവാം ജില്ലയേയും ജംഷ്ഡ്പൂരിനേയും ബന്ധിപ്പിക്കുന്ന ദോമുഹാനി പാലം വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ വില ഇവിടെ വലിയ തോതില്‍ ഉയര്‍ന്നു. ഇതോടെയാണ് ഭൂമി വില്‍ക്കാനുള്ള സബിത മഹാതോ എംഎല്‍എയുടെ നീക്കം. ഇവിടെ സ്വകാര്യ സര്‍വകലാശാല കൂടി വരാനിരിക്കുന്നതിനാല്‍ ഭൂമി വില ഇനിയും പതിന്മടങ്ങ് ഉയരും. ഇതുകൂടി മുന്നില്‍ കണ്ടാണ് എംഎല്‍എയുടെയും അവരെ സഹായിക്കുന്നവരുടേയും അവകാശമുറപ്പിക്കാനുള്ള നീക്കം. എന്നാല്‍ മൂന്ന് തലമുറകളായി താമസിക്കുന്നിടത്ത് നിന്ന് ഭൂമാഫിയയുടേയും ഭരണകൂടത്തിന്റേയും ഭീഷണികള്‍ക്ക് വഴങ്ങി ഇറങ്ങിപോകില്ലെന്ന ദൃഢ നിശ്ചയത്തിലാണ് ഈ ഭൂമിയുടെ അവകാശികള്‍.