'ദുരിതാശ്വാസ മേല്‍നോട്ട സമിതിയില്‍ ഗോത്ര വിഭാഗത്തിന്റെ പ്രതിനിധികളും വേണം'; മണിപ്പൂർ സർക്കാരിനോട് സുപ്രീംകോടതി
മണിപ്പൂരിലെ ദുരിതാശ്വാസ മേല്‍നോട്ട സമിതിയില്‍ ഗോത്ര വിഭാഗത്തിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് സർക്കാരിനോട് സുപ്രീംകോടതി. ദുരിതാശ്വാസ ക്യാമ്പുകളുടെ മേല്‍നോട്ടത്തിനായി സർക്കാർ രൂപീകരിച്ച എംഎല്‍മാരും മന്ത്രിമാരും അടങ്ങുന്ന സമിതിയിലേക്ക് കുക്കി- സോമി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
കാണാതായവരെ കണ്ടെത്തുന്നതിനായും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായും ബന്ധുക്കൾക്ക് മോർച്ചറികളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നല്‍കി
ദുരിതാശ്വാസ മേന്‍നോട്ട സമിതിയില്‍ കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരു എംഎല്‍എ പോലുമില്ലെന്ന് സോമി സ്റ്റുഡന്റ്സ് ഫെഡറേഷൻ കോടതിയെ അറിയിച്ചിരുന്നു. "ഏഴ് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ മേൽനോട്ടത്തിനായി മന്ത്രിമാരുടെ മേൽനോട്ടത്തിൽ ഏഴ് ടീമുകളെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. നിയമസഭയിലെ 60 എംഎൽഎമാരിൽ 35 പേരും ഈ സമിതിയിലെ അംഗങ്ങളാണ്. എന്നാൽ, അവരിൽ സോ- കുക്കി വിഭാഗത്തിൽ നിന്നുള്ള ഒരാൾ പോലുമില്ല" - സ്റ്റുഡന്റ്സ് ഫെഡറേഷൻ കോടതിയെ അറിയിച്ചു. ക്യാമ്പുകളിലെ ഭക്ഷണം, കുടിവെള്ളം, ശുചീകരണ സംവിധാനങ്ങൾ, കിടക്ക എന്നിവയുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി.
ബിഷ്ണുപുർ, ചുരാചന്ദ്പുർ, ഇംഫാല്‍ വെസ്റ്റ്, കാങ്പോക്പി, കാക്ചിങ്, തൗബൽ, തെങ്നൗപൽ എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് വിദഗ്ധസമിതി പ്രവർത്തിക്കുന്നത്. ഇതിലേക്ക് കുക്കി വിഭാഗങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് പൊതുജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുമെന്ന് ജസ്റ്റിസ് പി എസ് നരസിംഹ പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും കാണാതായവരുടെ ബന്ധുക്കൾക്ക് മോർച്ചറികളിലേക്ക് പ്രവേശനം അനുവദിക്കണം. അന്ത്യകർമങ്ങൾക്കായി മൃതദേഹങ്ങൾ വിട്ടുനൽകണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. ജില്ലാ ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനവും മതിയായ മെഡിക്കൽ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.