ഒഡിഷ ട്രെയിന്‍ അപകടം: 'മനഃസാക്ഷിയുണ്ടങ്കില്‍  രാജിവയ്ക്കണം',റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ  തൃണമൂല്‍ കോണ്‍ഗ്രസ്

ഒഡിഷ ട്രെയിന്‍ അപകടം: 'മനഃസാക്ഷിയുണ്ടങ്കില്‍ രാജിവയ്ക്കണം',റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്

ബാലസോര്‍ അപകടത്തെക്കുറിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
Updated on
1 min read

ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗയില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവമെന്ന് ആക്ഷേപം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

ഒഡിഷയിലൂണ്ടായ ട്രെയിൻ ദുരത്തില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ടിഎംസി എംപി ഡെറക് ഒബ്രിയാനാണ് കേന്ദ്ര മന്ത്രിയ്ക്ക് എതിരെ പ്രതികരണവുമായെത്തിയത്. അപകടങ്ങൾ തടയാൻ ട്രെയിനുകളിൽ ആന്റി കൊളിഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ കേന്ദ്രം അലംഭാവം കാണിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ചാരപ്പണി ചെയ്യാൻ കോടിക്കണക്കിന് രൂപ സോഫ്റ്റ്‌വെയറിനായി ചെലവഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ട്രെയിനുകളെയും പുതുതായി നിർമ്മിച്ച റെയിൽവേ സ്റ്റേഷനുകളെയും കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വന്ദേ ഭാരത് ട്രെയിനുകളെയും പുതുതായി നിർമ്മിച്ച റെയിൽവേ സ്റ്റേഷനുകളെയും കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതുവഴി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

'രാജ്യത്തെ നടുക്കിയ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. അപകടത്തില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ കുടുംബാംഗങ്ങളെ കുറിച്ചേര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. പരുക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെ. സംഭവത്തില്‍ മനസാക്ഷിയുണ്ടങ്കില്‍ റെയില്‍വേ മന്ത്രി രാജിവെക്കണം' ഡെറക് ഒബ്രിയാന്‍ ട്വീറ്റില്‍ വ്യക്തമാക്കി.

അതേസമയം, ബാലസോര്‍ അപകടത്തെ കുറിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഗതാഗതം പുനഃസ്ഥാപിക്കാന്‍ ദ്രുതഗതിയില്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തിന് പിന്നാലെതന്നെ ദുരന്തബാധിതർക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാര പരുക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകുമെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം.

വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെ നടന്ന രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി. ഒഡിഷ ചീഫ് സെക്രട്ടറിയാണ് മരണം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ 900ത്തില്‍ അധികം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറോമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചു കയറിതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

logo
The Fourth
www.thefourthnews.in