സുപ്രീം കോടതി
സുപ്രീം കോടതി

മുത്തലാഖ് വീണ്ടും സുപ്രീം കോടതിയിൽ; ശരീ-അത്ത് പ്രകാരമുള്ള ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി

വിവാഹമോചനത്തിനുള്ള ലിംഗ-മത-നിഷ്പക്ഷ നടപടിക്രമങ്ങളെക്കുറിച്ചും ഹർജി മാർഗനിർദേശം തേടുന്നു
Updated on
2 min read

രാജ്യത്ത്, ഏറെ ചര്‍ച്ചയായ മുത്തലാഖ് വീണ്ടും സുപ്രീം കോടതിയില്‍. മുസ്ലീം വ്യക്തിനിയമ സമ്പ്രദായത്തിലൂടെ വിവാഹ മോചനം നേടുന്നതിനെ ചോദ്യം ചെയ്തുള്ള റിട്ട് ഹർജി ജൂലൈ 22ന് സുപ്രീം കോടതി പരിഗണിക്കും. മാധ്യമപ്രവർത്തക ബേനസീർ ഹീനയാണ് അഭിഭാഷകന്‍ അശ്വനി കുമാർ ദുബെ മുഖേന പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. രണ്ടു തവണ കോടതി പരിഗണിക്കാതെ മാറ്റിവച്ച ഹർജി, ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷക പിങ്കി ആനന്ദാണ് വീണ്ടും പരാമർശിച്ചത്. അഭിഭാഷകയുടെ അഭ്യർഥന മാനിച്ചാണ് ഹർജി നാലു ദിവസത്തിനുശേഷം പരിഗണിക്കാന്‍ ബെഞ്ച് തീരുമാനിച്ചത്.

മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ഇത്തരം നിയമങ്ങൾ. ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15, 21, 25 എന്നിവയുടെ പൂർണമായ ലംഘനമാണ്.

ഭർതൃഗൃഹത്തിൽ നിന്നും നേരിടുന്ന സ്ത്രീധന പീഡനങ്ങൾ നിലനിൽക്കെ, ഏപ്രിൽ 19ന് സ്പീഡ് പോസ്റ്റിലൂടെ ഭർത്താവ് ത്വലാഖിന്റെ ആദ്യ നോട്ടീസ് അയച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തുടർന്നുള്ള മാസങ്ങളിൽ രണ്ടാമത്തെയും മൂന്നാമത്തെയും നോട്ടീസ് ലഭിച്ചതായും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു.

ത്വലാഖ്-ഇ-ഹസൻ വഴിയുള്ള മുസ്ലീം വിവാഹ മോചനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ, ശരീ-അത്ത് പ്രകാരമുള്ള ഇത്തരം ആചാരങ്ങൾ വിവേചനപരമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പറയുന്നു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ഇത്തരം നിയമങ്ങൾ. ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15, 21, 25 എന്നിവയുടെ പൂർണമായ ലംഘനമാണ്. വിവാഹമോചനത്തിനുള്ള ലിംഗ-മത-നിഷ്പക്ഷ നടപടിക്രമങ്ങളെക്കുറിച്ചും പൊതുതാത്പര്യ ഹർജിയിൽ മാർഗനിർദേശങ്ങൾ തേടുന്നുണ്ട്.

മുത്തലാഖിനെതിരായ സമരം
മുത്തലാഖിനെതിരായ സമരം (ഫയല്‍ ചിത്രം)

മുത്തലാഖും ചരിത്രവും

മുസ്ലീം വ്യക്തിനിയമ സമ്പ്രദായമായ ശരീ-അത്തിലൂടെ വിവാഹ മോചനം നേടുന്ന രീതിയാണ് മുത്തലാഖ്. ഇസ്ലാം മതവിശ്വാസിയായ പുരുഷന് മുത്തലാഖിലൂടെ മൂന്നു തവണ ത്വലാഖ് ചൊല്ലി, നിയമ ബന്ധനങ്ങൾ ഇല്ലാതെ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്താം. മുത്തലാഖുമായി ബന്ധപ്പെട്ട ചർച്ചകളും കോടതി വ്യവഹാരങ്ങളും ഇന്ത്യയൊട്ടാകെ വ്യാപിക്കുന്നത് വിഖ്യാതമായ ഷാ ബാനു കേസോടെയാണ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നിവാസിയായിരുന്ന, അഞ്ചു കുട്ടികളുടെ മാതാവായ 62 വയസ്സുള്ള ഷാ ബാനു എന്ന സ്ത്രീയെ അവരുടെ ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ 1978ല്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതോടെയാണ് ഷാ ബാനു കേസ് ആരംഭിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം 1986ൽ ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി വിധിച്ചു. വിധിക്കെതിരെ മുസ്ലീം മതപൗരോഹിത്യം ശക്തമായി രംഗത്തുവന്നു. കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയ അവര്‍, കോടതി വിധിക്കെതിരെ ബില്ല് പാസാക്കിയെടുത്തു. രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ക്ക് ആകമാനം ഗുണകരമായിരുന്ന സുപ്രീം കോടതി വിധി, യാഥാസ്ഥിതികരുടെ പ്രതിഷേധത്തെ തുടർന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ അട്ടിമറിക്കുകയായിരുന്നു.

2017 ആഗസ്റ്റ് 22ന് നടന്ന വിധിന്യായത്തിലൂടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

2014ല്‍ സൈറാ ബാനു എന്ന സ്ത്രീ മുത്തലാഖിന്‍റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. മുത്തലാഖിലൂടെ മൊഴിചൊല്ലിയ ഭര്‍ത്താവ് റിസ്വാന്‍ അഹമ്മദിനെതിരെ നല്‍കിയ ഹര്‍ജിയിൽ, ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഇന്ത്യയിൽ റദ്ദ് ചെയ്തു. 2017 ആഗസ്റ്റ് 22നാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്.

ഇപ്പോഴും മുത്തലാഖിനെക്കുറിച്ചുള്ള ചർച്ചകള്‍ ഇന്ത്യയിൽ തുടരുകയാണ്. മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ റദ്ദ് ചെയ്യുന്നതാണെന്നാണ് പൊതു വിലയിരുത്തല്‍. മത വിശ്വാസങ്ങൾക്ക് അടിമപ്പെടാത്ത, ചെറിയൊരു വിഭാഗം അതിനെ അനുകൂലിക്കുന്നുമുണ്ട്.

logo
The Fourth
www.thefourthnews.in