ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ ശസ്ത്രക്രിയ വേളയില്‍
ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ ശസ്ത്രക്രിയ വേളയില്‍

'നീണ്ട ഇടവേളയ്ക്ക് ശേഷവും എന്റെ കൈകള്‍ വിറച്ചില്ല'; പത്ത് വയസുകാരന് ദന്തശസ്ത്രക്രിയ നടത്തി ത്രിപുര മുഖ്യമന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ത്രിപുര മെഡിക്കൽ കോളേജിലെ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ വിഭാഗം മേധാവിയായിരുന്നു ഡോ. മാണിക് സാഹ
Updated on
1 min read

പത്ത് വയസുകാരന്റെ ദന്ത ശസ്ത്രക്രിയ നടത്താനായി വീണ്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞ് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. തനിക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യമായാണ് അദ്ദേഹം അത് പങ്കുവെച്ചത്. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ത്രിപുര മെഡിക്കൽ കോളേജിലെ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ വിഭാഗം മേധാവിയായിരുന്നു ഡോ. മാണിക് സാഹ.

''എന്റെ പഴയ ജോലിസ്ഥലമായ ത്രിപുര മെഡിക്കൽ കോളേജിൽ 10 വയസുകാരൻ അക്ഷിത് ഘോഷിന്റെ ഓറൽ സിസ്റ്റിക് ലെസിയോണിനുള്ള ശസ്ത്രക്രിയ നടത്തിയതിൽ സന്തോഷമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണെങ്കിലും ശസ്ത്രക്രിയ നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. രോഗി ഇപ്പോൾ നല്ല നിലയിലാണ്.''- ശസ്ത്രക്രിയയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

“എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. വർഷങ്ങളോളം ടി എം സിയിൽ ചെയ്തിരുന്ന ജോലി അതേ പോലെ തുടരാനായി. നീണ്ട ഇടവേളയക്ക് ശേഷവും എൻ്റെ കൈൾ വിറച്ചിരുന്നിലെന്ന് സുഹൃത്തുക്കൾ പറഞ്ഞു''- നീണ്ട ഇടവേളയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് മടങ്ങിയെത്തിയ അനുഭവത്തെക്കുറിച്ച് ഡോ. മാണിക് സാഹ പറഞ്ഞു.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷിത് ഘോഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. മാണിക് സാഹ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9 മണിയോടെ ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി അരമണിക്കൂറിനുശേഷം പുഞ്ചിരിയോടെയാണ് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. ഡെന്റൽ സർജറി, മാക്സില്ല ഫേഷ്യൽ സർജറി വിഭാഗത്തിലെ ഡോക്ടർമാർ അടക്കം ഏഴുപേർ അദ്ദേഹത്തോടൊപ്പം മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. തന്‍റെ എല്ലാ ഔദ്യോഗിക തിരക്കുകളും മാറ്റിവെച്ചാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലെത്തിയത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

2016ല്‍ ബിജെപിയില്‍ ചേര്‍ന്ന മാണിക് സാഹ 2022 മെയിൽ അന്നത്തെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവച്ചതിനെ തുടർന്നാണ് ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് വിട്ട് 2016ൽ ബിജെപിയിൽ ചേർന്ന സാഹ 2020ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി. ഈ വര്‍ഷം ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ത്രിപുരയില്‍ അധികാരം നിലനിര്‍ത്തുക എന്ന വലിയ ലക്ഷ്യത്തിലാണ് മാണിക് സാഹ. പ്രധാന പ്രതിപക്ഷമായ സിപിഎം ഇത്തവണ നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. സാഹയുടെ ജനകീയ മുഖം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in