ത്രിപുര  പോളിങ് ബൂത്തിൽ; നിലനില്‍ക്കാന്‍ ബിജെപി, പ്രതാപം തിരിച്ച് പിടിക്കാന്‍ ഇടതുസഖ്യം

ത്രിപുര പോളിങ് ബൂത്തിൽ; നിലനില്‍ക്കാന്‍ ബിജെപി, പ്രതാപം തിരിച്ച് പിടിക്കാന്‍ ഇടതുസഖ്യം

60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് 3,328 പോളിങ് ബൂത്തുകളിലായാണ് നടക്കുന്നത്
Updated on
3 min read

ആവേശം നിറഞ്ഞ പ്രചാരണച്ചൂടിന് ശേഷം ത്രിപുരൻ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. 60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് 3,328 പോളിങ് ബൂത്തുകളിലായാണ് നടക്കുന്നത്. 13.53 ലക്ഷം സ്ത്രീകളുൾപ്പെടെ 28.13 ലക്ഷം വോട്ടർമാരാണ് ത്രിപുര അടുത്തത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ആകെ 259 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതിൽ 20 പേർ വനിതകളാണ്.

ചതുർകോണ മത്സരത്തിന് ത്രിപുര വേദിയാകുമ്പോൾ

ഭരണകക്ഷിയായ ബിജെപി-ഐപിഎഫ്ടി സഖ്യത്തിനും ഇടത്-കോൺഗ്രസ് സഖ്യത്തിനും പുറമെ, മുൻ രാജകുടുംബം പ്രദ്യോത് മാണിക്യ ദേബ്ബർമയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച തിപ്ര മോതയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസും മത്സര രംഗത്തുണ്ട്. സംസ്ഥാനത്തെ തദ്ദേശവാസികൾക്കായി പ്രത്യേക സംസ്ഥാനമായ 'ഗ്രേറ്റർ ടിപ്രാലാൻഡിനായി' പോരാടുമെന്ന് വാഗ്ദാനം ചെയ്തു കൊണ്ടാണ് തിപ്ര മോത മത്സര രംഗത്തുളളത്. എന്നാൽ, തിപ്ര മോത അദ്ധ്യക്ഷന്‍ പ്രദ്യോത് ദേബ്ബർമ മത്സരരംഗത്തില്ല.

പ്രചാരണത്തിനായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ  മമതാ ബാനർജി എത്തിയപ്പോൾ
പ്രചാരണത്തിനായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി എത്തിയപ്പോൾ

സുരക്ഷാസേനയെ വിന്യസിപ്പിച്ച് ത്രിപുര

തിരഞ്ഞെടുപ്പിന് വിപുലമായ ഒരുക്കങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ പോളിങ് ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സേനയെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്. മേഘാലയ, നാഗാലാൻഡ് എന്നിവയ്‌ക്കൊപ്പം മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും.

സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിച്ചപ്പോൾ
സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിച്ചപ്പോൾ

സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 31,000 പോളിങ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയുടെ 25,000 സുരക്ഷാ ഉദ്യോഗസ്ഥരും ആണ് സുരക്ഷയ്ക്കായുളളത്. കൂടാതെ, സംസ്ഥാന സായുധ പോലീസിന്റെയും സംസ്ഥാന പോലീസിന്റെയും 31,000 ഉദ്യോഗസ്ഥരെ ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ത്രിപുരയിലുടനീളം നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.

പോളിംഗ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ
പോളിംഗ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ

ത്രിപുരയിൽ തിപ്ര വാഴുമോ?

ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പ് തൂത്തുവാരിയ തിപ്ര മോത 42 സീറ്റുകളിലാണ് മത്സരിക്കുന്നത്. ടിടിഎഎഡിസിയിലെ 30 സീറ്റിൽ 18ലും പാർട്ടി വിജയിച്ചതോടെ തിപ്ര മോത സംസ്ഥാനത്തെ തദ്ദേശീയ രാഷ്ട്രീയത്തെ അടിമുടി മാറ്റി. ത്രിപുരയിലെ ഗോത്രവർഗക്കാരുടെ പ്രധാന പാർട്ടിയായി തിപ്ര മോത ഉയർന്നുവന്നിട്ടുണ്ട്. 60 അംഗ നിയമസഭയിലെ 20 ആദിവാസി ആധിപത്യ സീറ്റുകളിൽ തിപ്ര മോത സ്വാധീനം ചൊലുത്തുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായി തിപ്ര മോത മാറി. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി മാറ്റിമറിക്കാൻ തിപ്ര മോതയ്ക്ക് കഴിയുമെന്നാണ് കണക്ക് കൂട്ടൽ. അതേസമയം, ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് തിപ്ര മോത അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തിപ്ര ജനതയുടെ ഒരു വിഭാഗം തന്നെ വഞ്ചിച്ചെന്നും താന്‍ ഒറ്റപ്പെട്ടെന്നും പ്രദ്യോത് പറഞ്ഞു.

ടിപ്ര മോത അദ്ധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ പ്രചാരണ വേളയിൽ
ടിപ്ര മോത അദ്ധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ പ്രചാരണ വേളയിൽ

വനിതാ പ്രാതിനിധ്യം ഉറപ്പിച്ച് ബിജെപി

ഭരണകക്ഷിയായ ബിജെപി 55 സീറ്റുകളില്‍ മത്സരിക്കുമ്പോൾ സഖ്യകക്ഷിയായ ഐപിഎഫ്ടി ആറ് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ സൗഹൃദ പോരാട്ടവും നടക്കും. ബിജെപിയാണ് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ മത്സരരം​ഗത്തിറക്കിയിരിക്കുന്നത്. മത്സരരംഗത്തുളള 20 വനിതകളിൽ 12 പേരും ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദോവലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി നോമിനിയാണ്.

സിപിഎം 47 സീറ്റുകളിലും കോൺഗ്രസ് 13 സീറ്റുകളിലും മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസ് 28 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. 58 സ്വതന്ത്ര സ്ഥാനാർത്ഥികളുമുണ്ട്.

പ്രചാരണച്ചൂടിന്റെ തീ ബിജെപിയ്ക്ക് അനുകൂലമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ അടക്കമുളള ദേശീയ നേതാക്കളാണ് ബിജെപിക്കായി ത്രിപുരയിൽ പ്രചാരണത്തിനിറങ്ങിയത്. നരേന്ദ്രമോദി എത്തിയതും ത്രിപുരയിൽ കലാശപോരാട്ടത്തിന്റെ ആവേശമൊക്കെ തോർന്നിരുന്നു. ഭരണം നിലനിർത്താനുളള ശ്രമങ്ങളാണ് സംസ്ഥാനത്ത് ബിജെപി നടത്തിവന്നിരുന്നത്.

അതേസമയം, 2018ലെ തിരഞ്ഞെടുപ്പിൽ 25 വർഷത്തെ ഇടതുപക്ഷ ഭരണം നഷ്ട്ടപ്പെട്ടതിനെ തുടർന്നുളള തിരഞ്ഞെടുപ്പിൽ പഴയ പ്രതാപത്തിലേക്ക് മടങ്ങി വരാനുളള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുഹമ്മദ് സലിം, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, പാർട്ടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അടക്കമുളളവരാണ് പാർട്ടിക്കായി പ്രചാരണ രം​ഗത്തിറങ്ങിയത്.

ത്രിപുരയിൽ മോദി പ്രചരാണത്തിനെത്തിയപ്പോൾ
ത്രിപുരയിൽ മോദി പ്രചരാണത്തിനെത്തിയപ്പോൾ

പ്രചാരണ വേളയിൽ, വടക്കുകിഴക്കൻ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ വികസനം ബിജെപി ഉയർത്തിക്കാട്ടിയപ്പോൾ ബിജെപിയുടെ ദുർഭരണത്തെ ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണിയും കോൺഗ്രസും പ്രചാരണത്തിന് ചൂട് പിടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചദുധരി സബ്റൂം നിയമസഭാ സീറ്റിൽ മത്സരിക്കുന്നു.

പ്രചാരണവേളയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയപ്പോൾ
പ്രചാരണവേളയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയപ്പോൾ

ഇടത്- കോണ്‍ഗ്രസ് സഖ്യം

സംസ്ഥാനത്ത് നിന്നും തങ്ങളുടെ മുഖ്യ ശത്രുവിനെ തുരത്താനായി കോൺ​ഗ്രസിനെ ഇടതുപക്ഷം കൂട്ടുപിടിച്ചെങ്കിലും രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ പ്രചാരണത്തിനായി സംസ്ഥാനം സന്ദർശിച്ചിരുന്നില്ല. കോൺഗ്രസ് നേതാക്കളായ അധീർ ചൗധരി, ദീപ ദാസ് മുൻഷി, എഐസിസി ജനറൽ സെക്രട്ടറി അജയ് കുമാർ എന്നിവർ മാത്രമാണ് പ്രചാരണ രം​ഗത്ത് ഉണ്ടായിരുന്നത്. അതേസമയം, ത്രിപുരയിൽ 28 സീറ്റിൽ മത്സരം​ഗത്തുളള തൃണമൂൽ കോൺഗ്രസ് തങ്ങളുടെ സ്വാധീനം കിഴക്കൻ സംസ്ഥാനത്തിന് പുറത്തേക്ക് എത്തിക്കാനുളള ശ്രമത്തിലാണ്.

logo
The Fourth
www.thefourthnews.in