ത്രിപുരയില്‍ വിധിയെഴുത്ത്; തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തൊക്കെ?

ത്രിപുരയില്‍ വിധിയെഴുത്ത്; തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തൊക്കെ?

രാജ്യത്തെ മൂന്നാമത്തെ ചെറിയ സംസ്ഥാനമായ ത്രിപുരയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം
Updated on
2 min read

2018ല്‍ ഇടതുപക്ഷത്തിന്റെ 25 വർഷം നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ച് ബിജെപി സർക്കാർ അധികാരത്തിലേറിയ ത്രിപുര ഒരിക്കല്‍ കൂടി പോളിങ് ബൂത്തിലെത്തിയിരിക്കുന്നു. ത്രികോണ മത്സരമാണ് ഇത്തവണ ത്രിപുരയില്‍. ബിജെപി - ഐപിഎഫ്ടി സഖ്യത്തെ നേരിടാന്‍ പ്രതിപക്ഷ വോട്ടുകളില്‍ പിളര്‍പ്പുണ്ടാകരുതെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യം രൂപീകരിച്ചാണ് കളത്തിലിറങ്ങിയിരിക്കുന്നത്. അണുവിടപോലും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് തിപ്രമോത നേതാവും രാജകുടുംബാംഗവുമാണ് പ്രദ്യോത് ദേബ് ബര്‍മ. ഗോത്ര രാഷ്ട്രീയത്തിന്റെ മുഴുവന്‍ സ്വാധീനവും തിരഞ്ഞെടുപ്പില്‍ തിപ്രമോതയിലൂടെ പ്രതിഫലിപ്പിക്കാനാകുമെന്ന് പ്രത്യോദ് വിശ്വസിക്കുന്നു. സീറ്റ് പിടിക്കാനാകുമെന്ന പ്രതീക്ഷയില്‍ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുണ്ട്.

പ്രതിപക്ഷ പാർട്ടികൾ ഒന്നായപ്പോൾ, വോട്ട് നഷ്ടപ്പെടുത്താതിരിക്കാൻ മോദിയെയും അമിത് ഷായെയും കളത്തിലിറക്കിയാണ് ബിജെപി പ്രചാരണം പൂർത്തിയാക്കിയത്. വീടുകൾ തോറും കയറിയിറങ്ങിയും ചെറിയ കവലകളിൽ പോലും യോഗം സംഘടിപ്പിച്ചും ഭരണം നിലനിർത്താൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബിജെപി. രാജ്യത്തെ മൂന്നാമത്തെ ചെറിയ സംസ്ഥാനമായ ത്രിപുരയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ഗോത്ര രാഷ്ട്രീയം നിര്‍ണായകം

ഇത്തവണ ത്രിപുരയിലെ ഏറ്റവും വലിയ സ്വാധീനശക്തിയാകുമെന്ന് വിലയിരുത്തപ്പെടുന്നത് ഗോത്രവര്‍ഗ പാര്‍ട്ടിയായ ഇന്റിജീനിയസ് പ്രോഗ്രസീവ് റീജിണല്‍ അലയന്‍സ് അഥവാ തിപ്രമോതയാണ്. ത്രിപുരയിലെ ഗോത്ര വര്‍ഗമേഖലകള്‍ കൂട്ടിച്ചേര്‍ത്ത് ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന സംസ്ഥാന രൂപീകരണമാണ് തിപ്രമോത നേതാവും രാജകുടുംബാംഗവുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ മുന്നോട്ടുവയ്ക്കുന്നത്.

ത്രിപുരയിൽ 60 അംഗ നിയമസഭയിൽ 20 സീറ്റുകൾ പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ബാക്കി 40 സീറ്റുകളിലാണ് ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിനോ ബിജെപിയ്ക്കോ ഇതില്‍ 30 സീറ്റിലധികം കിട്ടാതിരിക്കുന്ന അവസ്ഥ ഉണ്ടാവുകയും 20 സംവരണ സീറ്റില്‍ ബഹുഭൂരിപക്ഷവും ത്രിപാ നേടുകയും ചെയ്താല്‍ അവര്‍ നിര്‍ണായകമാകും. അതല്ല അവര്‍ ഇടതു കോണ്‍ഗ്രസ് സഖ്യവുമായി സഹകരിച്ചാലും ബിജെപിയ്ക്ക് തിരിച്ചടിയാകും.

കഴിഞ്ഞ വര്‍ഷം നടന്ന ത്രിപുര ട്രൈബല്‍ ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി -ഐപിഎഫ്ടി സഖ്യത്തെ തറപറ്റിച്ച് തിപ്രമോത നേടിയത് 28 സീറ്റുകളില്‍ 18 എണ്ണമാണ്. അന്ന് മുതല്‍ ബിജെപി - ഐപിഎഫ്ടി സഖ്യം പ്രദ്യോതിനെ ഭയക്കുന്നുണ്ട്.

ബംഗാളി വോട്ട്

സംസ്ഥാനത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന ബംഗാളി സമൂഹം വളരെക്കാലമായി ഇടതുപക്ഷത്തിനും കോൺഗ്രസിനുമിടയിൽ വിഭജിക്കപ്പെട്ടിരുന്നു. തൊഴിലാളിവർഗ ജനവിഭാഗങ്ങൾക്കിടയിൽ ഇടതുപക്ഷം ആഴത്തിൽ കടന്നുകയറിയപ്പോൾ നഗരകേന്ദ്രങ്ങളിൽ കോൺഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്നു. പരമ്പരാഗത കോൺഗ്രസ് വോട്ടർമാരുടെ പിന്തുണയും ഐപിഎഫ്ടിയുടെ സ്വാധീനവും ഉറപ്പാക്കിയാണ് 2018 ൽ ബിജെപി 36 സീറ്റ് സ്വന്തമാക്കിയത്. അതോടെ സാഹചര്യങ്ങള്‍ മാറി. ഇത്തവണ ഇടതുമുന്നണിയും കോൺഗ്രസും സീറ്റ് വിഭജനത്തിനൊരുങ്ങിയതോടെ, ബംഗാളികൾ ഏത് ദിശയിലേക്കാണ് ചായുക എന്നത് കൗതുകകരമാണ്. ബംഗാളി വോട്ടർമാരിൽ വലിയൊരു വിഭാഗത്തിനിടയിലും ഇടത്-കോൺഗ്രസ് കൂട്ടുകെട്ട് ഫലം കാണില്ലെന്നാണ് ബിജെപി പ്രതീക്ഷ. തിപ്ര മോതയുടെ ഉയർച്ച സൃഷ്ടിച്ച ആശങ്ക പാർട്ടിയിൽ ബംഗാളി വോട്ടുകളുടെ ഏകീകരണത്തിലേക്ക് നയിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

ത്രിപുരയില്‍ വിധിയെഴുത്ത്; തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തൊക്കെ?
''രാജകുടുംബാംഗമെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ തുടരില്ല, എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകും'' - പ്രദ്യോത് ദേബ് ബര്‍മ

പഴയ രാജകുടുംബം

സംസ്ഥാന തലസ്ഥാനമായ അഗർത്തലയുടെ ഹൃദയഭാഗത്താണ് ഉജ്ജയന്ത കൊട്ടാരം സ്ഥിതിചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 1949 ൽ ഇന്ത്യൻ യൂണിയനുമായി ലയന കരാർ ഒപ്പിടുന്നതുവരെ ത്രിപുര ഭരിച്ച മാണിക്യ രാജവംശത്തിന്റെ അധികാര കേന്ദ്രമായിരുന്നു ഇത്. അവസാനത്തെ രാജാവ് കിരിത് ബിക്രം മാണിക്യയും ഭാര്യ ബിഭു കുമാരി ദേവിയും - കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താനായിരുന്നില്ല. എന്നാല്‍ അവരുടെ മകന്‍ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ ത്രിപുരാ രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് വിട്ട്, ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന പുതിയ സംസ്ഥാനമെന്ന ആവശ്യവുമായി പ്രദ്യോത് ഗോത്രവര്‍ഗ പാര്‍ട്ടിയായ ഇന്റിജീനിയസ് പ്രോഗ്രസീവ് റീജിണല്‍ അലയന്‍സ് അഥവാ തിപ്രമോതയ്ക്ക് രൂപം നല്‍കിയതയോടെയാണിത്. ഗോത്ര ജനതയ്ക്കിടയില്‍ പ്രദ്യോതിന് വലിയ ജനപ്രീതിയുണ്ട്.

ഗ്രേറ്റർ തിപ്രലാൻഡ്

ബംഗാളികളുടെ ആധിപത്യത്തിൽ നിന്ന് ഭീഷണി നേരിടുന്ന ഗോത്ര വര്‍ഗങ്ങളുടെ അവകാശങ്ങൾ, പൈതൃകം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേക സംസ്ഥാനമെന്നതാണ് 'ഗ്രേറ്റർ തിപ്രലാൻഡ്' എന്ന ലക്ഷ്യം. ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിന് (ടിടിഎഡിസി) കീഴിലുള്ള പ്രദേശങ്ങൾ പൂർണമായും രാഷ്ട്രീയത്തിനതീതമായി വേർതിരിക്കണമെന്ന് പ്രദ്യോത് ആവശ്യപ്പെടുന്നു. ഗോത്ര സമൂഹങ്ങളുടെ വികസനം, അവകാശം, സാംസ്കാരിക പൈതൃകം എന്നിവ ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി 1985ൽ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമാണ് ടിടിഎഡിസി രൂപീകരിച്ചത്. ഇതിന് ചില നിയമനിർമ്മാണ, എക്സിക്യൂട്ടീവ് അധികാരങ്ങളുണ്ട്. ടിടിഎഡിസി പര്യാപ്തമല്ലെന്നും ഭരണഘടനയ്ക്ക് കീഴിൽ കൂടുതൽ ഫലപ്രദമായ ക്രമീകരണം ആവശ്യമാണെന്നും തിപ്ര മോത അവകാശപ്പെടുന്നു.

ത്രിപുരയില്‍ വിധിയെഴുത്ത്; തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തൊക്കെ?
ഗോത്ര രാഷ്ട്രീയം നിര്‍ണായകം; ത്രിപുരയില്‍ ആരുടെ തന്ത്രം ഫലിക്കും?

കമ്മ്യൂണിസത്തിന്റെ ചരിത്രം

സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ ത്രിപുരയിൽ ഗോത്ര സമൂഹങ്ങൾക്കിടയിൽ കമ്മ്യൂണിസം സജീവമായിരുന്നു. ആദ്യകാലങ്ങളില്‍ ത്രിപുര ജനശിക്ഷ സമിതി എന്ന ഇടത് സംഘടനയായിരുന്നു ഗോത്ര ജനതയ്ക്കിടയില്‍ സ്വാധീനം ഉറപ്പാക്കിയത്. അതിന്റെ നേതാക്കളില്‍ ഒരാളായിരുന്ന ദശരഥ് ദേബ് ഇതുവരെയുള്ള ത്രിപുര ചരിത്രത്തിലെ ഒരേയൊരു ഗോത്രവര്‍ഗ മുഖ്യമന്ത്രിയായി. ജനശിക്ഷ സമിതിയുടെ സ്വാധീനം സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുണ്ടായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിലാണ് അത് അട്ടിമറിക്കപ്പെട്ടത്. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരരംഗത്ത് പോലുമില്ല.

ബിജെപി - ഐപിഎഫ്ടി സഖ്യത്തിന് സ്വാധീനം തെളിയിക്കാനാകുമോ, സിപിഎം - കോണ്‍ഗ്രസ് സഖ്യം വിജയിക്കുമോ, തിപ്രമോത വിജയം കാണുമോ, തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളി വോട്ട് വിഭജിക്കുമോ ? - ഇത്രയുമാണ് തൃപുരയിലെ വോട്ടര്‍മാരില്‍ നിന്നറിയാനുള്ളത്.

logo
The Fourth
www.thefourthnews.in