വ്യാജ എസ്എംഎസുകളും കോളുകളും തടയുക ലക്ഷ്യം; ടെലികോം കമ്പനികളുമായി കൈകോർക്കാൻ ട്രൂ കോളർ
തട്ടിപ്പ് എസ്എംഎസുകളും കോളുകളും കണ്ടെത്താൻ ടെലികോം കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി ട്രൂ കോളർ. എയർടെൽ, റിലയൻസ് ജിയോ, വിഐ (വോഡഫോൺ ഐഡിയ) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. സ്പാം , ഫിഷിങ് കോളുകളും എസ്എംഎസുകളും തടയുകയാണ് ലക്ഷ്യം. വ്യാജനെ കണ്ടെത്താൻ ട്രൂ കോളറിന് വേറെയും സംവിധാനങ്ങളുണ്ട്. എങ്കിലും ടെലികോം കമ്പനികളുമായുള്ള പങ്കാളിത്തം സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും എന്നാണ് വിലയിരുത്തല്‍.
പണമിടപാടുകള്‍ക്ക് വേണ്ടി കൂടുതൽ പേരും ഡിജിറ്റൽ സംവിധാനങ്ങള്‍ തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ എളുപ്പത്തിൽ ചോരുന്നു എന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ "ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ പദ്ധതിയിടുന്നതായി ട്രൂകോളറിന്റെ സഹസ്ഥാപകനും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ നമി സറിംഗലാം ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ടെലികോം കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാൻ പദ്ധതിയുണ്ടെന്ന് പറഞ്ഞ നമി സറിംഗലാം മൂന്ന് കമ്പനികളുമായി ഒരുമിച്ചല്ല , വെവ്വേറെയാണ് പ്രവർത്തിക്കുക എന്നും വ്യക്തമാക്കി.
" ഈ മേഖലയിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)മനസിലാക്കിയിട്ടുണ്ട്. നിരവധി ആളുകൾക്ക് ഇത് ദോഷം വരുത്തുന്നു. പലരും വഞ്ചിക്കപ്പെട്ട് അവരുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. " അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷം സ്പാം കോളുകൾ തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഫോണുകളിൽ കോളർ ഐ ഡി പ്രദർശിപ്പിക്കുന്നതിനുള്ള ഓപ്ഷൻ ട്രായ് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ, സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) വഴി മൂന്ന് ടെലികോം കമ്പനികളും സർക്കാരിന്റെ നിർദേശം നിരസിച്ചു.കോളർ ഐ ഡി കണ്ടുപിടിക്കാൻ ട്രൂകോളർ പോലുള്ള കോളർ ഐഡന്റിഫിക്കേഷൻ ആപ്പുകൾ ഉപയോക്താക്കൾക്ക് ലഭ്യമാണെന്നും ചെലവും സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോളർ ഐ ഡി സേവനം നിർബന്ധിതമായി സജീവമാക്കുന്നതിനെക്കുറിച്ച് സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടെന്ന് ജിയോ വ്യക്തമാക്കിയിരുന്നു.
കണക്കുകൾ പ്രകാരം, എസ്എംഎസ് തട്ടിപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. പ്രതിവർഷം ആറ് ദശലക്ഷത്തിലധികം പൗരന്മാർ തട്ടിപ്പിന് ഇരയാകുന്നു. ഏകദേശം 15,000 കോടി രൂപയുടെ നഷ്ടം ആണ് ഇതുപ്രകാരം കണക്കാക്കുന്നത്. ഇന്ത്യയില്‍ ധാരാളം ഉപയോക്താക്കളുള്ള സ്വീഡിഷ് കമ്പനിയായ ട്രൂ കോളറിന്, രാജ്യത്ത് നിലയുറപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗം കൂടിയാണ് പുതിയ നടപടി. ബെംഗളൂരുവിൽ അടുത്തിടെയാണ് കമ്പനി ഓഫീസ് തുറന്നത്.