ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രം തുംഗനാഥ് 10 ഡിഗ്രി വരെ ചെരിഞ്ഞു; കാരണം അവ്യക്തം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രം തുംഗനാഥ് 10 ഡിഗ്രി വരെ ചെരിഞ്ഞു; കാരണം അവ്യക്തം

ഉത്തരാഖണ്ഡിലെ ഗര്‍വാല്‍ ഹിമാലയത്തിലെ രുദ്രപ്രയാഗ് ജില്ലയിലായി 12800 അടി ഉയരത്തിലാണ് തുംഗനാഥ് സ്ഥിതി ചെയ്യുന്നത്
Updated on
1 min read

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുംഗനാഥ് ശിവക്ഷേത്രം അഞ്ച് മുതല്‍ ആറ് ഡിഗ്രി വരെ ചെരിഞ്ഞതായി ആര്‍ക്കിയോളജില്‍ സര്‍വേ ഒഫ് ഇന്ത്യ (എഎസ്‌ഐ). വടക്ക് ദര്‍ശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ കുറച്ചുഭാഗങ്ങൾ ആറ് മുതൽ 10 ഡിഗ്രി വരെ ചെരിഞ്ഞതായാണ് കണ്ടെത്തൽ. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ല.

ഉത്തരാഖണ്ഡിലെ ഗര്‍വാല്‍ ഹിമാലയത്തിലെ രുദ്രപ്രയാഗ് ജില്ലയിലായി 12800 അടി ഉയരത്തിലാണ് തുംഗനാഥ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ നിലവിലെ അവസ്ഥ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സംരക്ഷിത സ്മാരകമായി ഉള്‍പ്പെടുത്തണമെന്ന് നിർദേശിച്ചതായും എ എസ്‌ ഐ അറിയിച്ചു. ഇതേത്തുടർന്ന് ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും നടപടിക്രമങ്ങളെന്ന നിലയില്‍ പൊതുജനങ്ങളുടെ പ്രതികരണം തേടി വിജ്ഞാപനം പുറപ്പെടുവിച്ചതായും എ എസ്‌ ഐ അറിയിച്ചു.

കേടുപാടുകള്‍ ഉടനടി ശരിയാക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അതിന്റെ മൂലകാരണം കണ്ടെത്തുമെന്നും ശരിയായ വിശകലനത്തിനുശേഷം വിശദമായ വര്‍ക്ക് പ്രോഗ്രാം തയാറാക്കുമെന്നും എഎസ്‌ഐ അറിയിച്ചു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രത്തിന് സംഭവിക്കാനിടയുള്ള തകര്‍ച്ചയുടെ സാധ്യത എ എസ്‌ ഐ തള്ളിക്കളയുന്നില്ല. ഇത് ദേവാലയത്തിന്റെ അലൈന്‍മെന്റില്‍ മാറ്റമുണ്ടാക്കിയേക്കാമെന്നും സംശയിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കേടുപാടുകള്‍ സംഭവിച്ച അടിത്തറയിൽ വിദഗ്ദരുമായി കൂടിയാലോചിച്ച് മാറ്റംവരുത്തുമെന്നും ക്ഷേത്രത്തിന്റെ ചുമരുകളുടെ ചലനം അളക്കുന്നതിന് ഗ്ലാസ് സ്‌കെയിലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എ എസ്‌ ഐ കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രം എ എസ്‌ ഐ ഏറ്റെടുക്കുന്നതില്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ബി കെ ടി സി (ബദ്രിനാഥ് കേദാര്‍നാഥ് ടെമ്പിൾ കമ്മിറ്റി) അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എ എസ്‌ ഐയുടെ നിര്‍ദ്ദേശം ബി കെ ടി സി ബോര്‍ഗ് അംഗങ്ങള്‍ തള്ളി. എ എസ്‌ ഐയ്ക്ക് കൈമാറാതെ തന്നെ ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ രൂപത്തിലേയ്ക്ക് പുനഃസ്ഥാപിക്കുന്നതിന് അവരുടെ സഹായം സ്വീകരിക്കാന്‍ തയ്യാറാണെന്നും ഇത് ഉടന്‍ അവരെ അറിയിക്കുമെന്നും ബി കെ ടി സി പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു.

logo
The Fourth
www.thefourthnews.in