രാജ്യത്തെ ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ വർധന; ആഴ്ചയിൽ കൂടുതലായി മാറ്റിവയ്ക്കുന്നത് 53 മിനുറ്റ്

രാജ്യത്തെ ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ വർധന; ആഴ്ചയിൽ കൂടുതലായി മാറ്റിവയ്ക്കുന്നത് 53 മിനുറ്റ്

മൊത്തം കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1 ശതമാനത്തിന്റെ വർധന ഉണ്ടായതായും വ്യൂവർഷിപ്പ് റേറ്റിങ്ങുകൾ സൂചിപ്പിക്കുന്നു
Updated on
1 min read

രാജ്യത്തെ ടിവി പ്രേഷകരുടെ എണ്ണത്തിൽ വർധനയെന്ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ. ടിവി കാഴ്ചക്കാരിൽ യുവജനങ്ങളുടെ (15-21 വയസ്) എണ്ണം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 7.1 ശതമാനമാണ് വർധിച്ചിരിക്കുന്നത്. മൊത്തം കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1 ശതമാനത്തിന്റെ വർധന ഉണ്ടായതായും വ്യൂവർഷിപ്പ് റേറ്റിങ്ങുകൾ സൂചിപ്പിക്കുന്നു.

ടിവി പ്രേക്ഷകരിൽ 22നും 30നും വയസിനുമിടയിൽ പ്രായമുള്ളവരുടെ എണ്ണത്തിലും 7.2 ശതമാനത്തിന്റെ വളർച്ച ഈ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള വളർച്ചയുടെ 59 ശതമാനവും സ്ത്രീകളാണ്. ടിവി കാണുന്നതിനായി ആഴ്ചയിൽ 53 മിനുറ്റ് അധികം സമയം ഇന്ത്യൻ പ്രേക്ഷകർ നീക്കിവയ്ക്കുന്നുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു.

ഡിജിറ്റൽ യുഗത്തിലും കൈവരിച്ചിരിക്കുന്ന നേട്ടം അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ടെലിവിഷനെ വേറിട്ടുനിർത്തുന്നുവെന്ന് ഐബിഡിഎഫ് പറഞ്ഞു. പുതുമകൾ നിറഞ്ഞ ചലനാത്മക ഉള്ളടക്കമാണ് ഇന്ത്യൻ ടെലിവിഷനെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുന്നതെന്ന് ഐബിഡിഎഫ് വ്യക്തമാക്കി.

കെ മാധവൻ
കെ മാധവൻ

പേ ചാനല്‍ വ്യൂവർഷിപ്പിൽ ഏഴ് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 58 ലക്ഷം കുടുംബങ്ങൾ 'ഫ്രീ ടു എയർ' രീതിയിൽനിന്ന് പേ ചാനല്‍ വ്യൂവർഷിപ്പിലേക്ക് മാറിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ ഡേറ്റകൾ പ്രകാരം 5.1 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ കുതിച്ചുചാട്ടത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട മാധ്യമമെന്ന നിലയിൽ ടി വി സ്ഥാനം ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു.

ടെലിവിഷൻ അതിന്റെ പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടുകയും വിശ്വാസം വളർത്തുകയും പ്രായഭേദമന്യേ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഐബിഡിഎഫ് പ്രസിഡന്റ് കെ. മാധവൻ പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക ഘടനയിൽ ആഴത്തിൽ വേരൂന്നിയ ടെലിവിഷൻ, കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ഏകീകൃത ശക്തിയായി തുടരുന്നതിനൊപ്പം  എണ്ണമറ്റ കുടുംബങ്ങളെ പ്രചോദിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുന്നു. ടെലിവിഷൻ വ്യൂവർഷിപ്പ് വളർച്ച സാമ്പത്തിക തലങ്ങൾക്കും അർബൻ-റൂറൽ ക്ലാസുകൾക്കും അതീതമാണ്. മെട്രോകൾ, വലിയ നഗരങ്ങൾ, ചെറുപട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവയുൾപ്പെടെ വിവിധ നഗര വിഭാഗങ്ങളിലും ഈ വളർച്ച കാണാൻ സാധിക്കുമെന്നും സംഘടന പറഞ്ഞു.

logo
The Fourth
www.thefourthnews.in