ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാന അജണ്ട; കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഹൈദരാബാദിൽ
2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഇന്ന് ഹൈദരാബാദിൽ ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ എന്നിവ മുഖ്യ ചർച്ചാ വിഷയമാകുന്ന പ്രവർത്തക സമിതി യോഗം രണ്ട് ദിവസം നീണ്ടുനിൽക്കും. വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായി നടക്കുന്ന യോഗം നിർണായകമാണ്.
ആദ്യദിനമായ ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രവർത്തകസമിതി ചർച്ച ചെയ്യും . അംഗങ്ങൾക്ക് പുറമേ പ്രത്യേക ക്ഷണിതാക്കൾ, സ്ഥിരം ക്ഷണിതാക്കൾ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പടെ 84 പേരാണ് ആദ്യദിനം യോഗത്തിനെത്തുക..രണ്ടാo ദിവസം പിസിസി അധ്യക്ഷൻമാരും സിഎൽപി നേതാക്കളും അടക്കം 147 പേരുണ്ടാകും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച സമ്മർദം കണക്കിലെടുത്ത് നേതൃത്വം വിഷയം സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്യും. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കണമെന്ന നേതാക്കളുടെ ആവശ്യമാണ് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു വിഷയം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്നരീതിയിൽ നടത്താനായിരിക്കും ആലോചന.
വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രധാന ചർച്ചയാകും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. കോൺഗ്രസും ബിജെപിയും മാറിമാറി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിൽ മത്സരം കടുക്കും. ഛത്തീസ്ഗഢിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ടെന്നും മധ്യപ്രദേശിൽ മികച്ച വിജയം നേടുമെന്നുമാണ് പ്രതീക്ഷ.
പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തിരിച്ചടി മുൻകൂട്ടി കാണുന്നുണ്ട്. പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന ആം ആദ്മി പാർട്ടിയുമായുള്ള മത്സരം നിർണായകമാണ്. പശ്ചിമ ബംഗാളിൽ സംസ്ഥാന നേതൃത്വം തൃണമൂൽ കോൺഗ്രസുമായി നേരിട്ട് മത്സരത്തിലാണ്. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും കടുത്ത മത്സരം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. 18ന് ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും യോഗത്തിൽ ചർച്ചയാകും.
കേരളത്തിൽ നിന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ സുധാകരനും യോഗത്തിനെത്തുന്നുണ്ട്. പുതുതായി പ്രവർത്തകസമിതിയംഗമായ ശശി തരൂരും സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയും പ്രത്യേക ക്ഷണിതാവായ കൊടിക്കുന്നിൽ സുരേഷും യോഗത്തിനെത്തും.
പ്രവർത്തക സമിതി യോഗം സമാപിച്ച ശേഷം സംഘടിപ്പിക്കുന്ന വിജയഭേരി റാലിയിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആറ് വാഗ്ദാനങ്ങളടങ്ങിയ അഭയഹസ്തം പദ്ധതി സോണിയാ ഗാന്ധി പ്രഖ്യാപിക്കും.
സനാതന ധർമ വിവാദത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ ബിജെപി ആഞ്ഞടിച്ച പശ്ചാത്തലത്തിലാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്. സനാതന ധർമത്തെ സഖ്യം നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും രാജ്യത്തുടനീളം ബിജെപിക്കെതിരായ ആക്രമണങ്ങൾ അഴിച്ചുവിടാൻ ശ്രമിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.