ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്: അന്തിമ പട്ടികയില്‍ മലയാളിയടക്കം രണ്ട് ഇന്ത്യക്കാര്‍, സമ്മാനത്തുക 2 കോടി

ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്: അന്തിമ പട്ടികയില്‍ മലയാളിയടക്കം രണ്ട് ഇന്ത്യക്കാര്‍, സമ്മാനത്തുക 2 കോടി

ജിൻസി ജെറി, പത്മശ്രീ ശാന്തി തെരേസ ലക്ര എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യക്കാര്‍
Updated on
2 min read

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ മലയാളി നഴ്സ് അടക്കം ഇന്ത്യയിൽ നിന്നും രണ്ടുപേർ. രാജ്യാന്തര നഴ്സസ് ദിനമായ മെയ് 12നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. 202 ലേറെ രാജ്യങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 52,000 നഴ്സുമാരില്‍ നിന്ന് അവസാന 10 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്.

ജിൻസി അയർലന്റിലും ശാന്തി ആൻഡമാൻ നിക്കോബാർ ദ്വീപിലെ പ്രാകൃത ഗോത്രവിഭാഗക്കാർക്ക് ഇടയിലും ജോലി ചെയ്തുവരികയാണ്.

ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയും ഡബ്ലിൻ മെറ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിങ് ആൻഡ് ഇൻഫെക്‌ഷൻ കൺട്രോളറുമായ ജിൻസി ജെറിയാണ് പട്ടികയിലെ മലയാളി സാന്നിധ്യം. ആൻഡമാൻ-നിക്കോബാർ ദ്വീപില്‍ നിന്നുള്ള ശാന്തി തെരേസ ലക്രയാണ് പട്ടികയിലെ രണ്ടാമത്തെ ഇന്ത്യന്‍ പേരുകാരി.

ജിൻസി അയർലണ്ടിലും ശാന്തി ആൻഡമാൻ നിക്കോബാർ ദ്വീപിലെ പ്രാക്തന ഗോത്രവിഭാഗക്കാർക്ക് ഇടയിലും ജോലി ചെയ്തുവരികയാണ്. ആരോഗ്യരംഗത്തെ ശ്രദ്ധേയ സേവനത്തിന് ലഭിക്കുന്ന ആഗോള അംഗീകാരം കൂടിയാണ് ഈ അവാർഡ് . 2 കോടിയാണ് അവാര്‍ഡ് തുക. നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ലണ്ടനിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.

അയർലന്റിലെ ആരോഗ്യമേഖലയില്‍ നടത്തിയ ശ്രദ്ധേയമായ സേവനത്തിനാണ് മലയാളിയായ ജിന്‍സി ജെറി അവാർഡ് പട്ടികയിലെത്തുന്നത്. ഡബ്ളിനിലെ മാറ്റർ മിസ്‌രികോഡിയായി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പകര്‍ച്ചവ്യാധികള്‍ തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിഭാഗത്തിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ഡയറക്ടറാണ് ജിന്‍സി. 2020ൽ അയർലന്റിലെ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി റോബോട്ടിക് സിസ്റ്റം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജിന്‍സിയുടെ നാമനിർദേശം. ബാങ്കിങ് മേഖലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് റോബോട്ടിക് സിസ്റ്റം ജിൻസി നിർമിച്ചത്. ഇത് നഴ്‌സുമാരുടെ ജോലി ഭാരം കുറയ്ക്കുകയും തെറ്റുകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്തു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വിദൂരമേഖലയില്‍ ദുര്‍ബലരായ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ശാന്തി തെരേസ ലക്ര അവാര്‍ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ സ്ഥിതിചെയ്യുന്ന ജിബി പന്ത് ഹോസ്പിറ്റലിലെ നഴ്‌സാണ് ശാന്തി. 2011ൽ ആൻഡമാൻ നിക്കോബാറിലെ ആദിവാസി സമൂഹത്തിനിടയിലെ സമാനതയില്ലാത്ത പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ ഇടയിൽ വർഷങ്ങളായി പ്രവർത്തിച്ച് അവരുടെ വിശ്വാസം നേടിയെടുക്കുകയും ഭാഷാ തടസ്സം മറികടന്ന് അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം വൈദ്യസഹായം നൽകുകയും ചെയ്തു.

തന്റെ ലോകം ആൻഡമാൻ നിക്കോബാറിന്റെ ഉൾപ്രദേശത്തും ഒറ്റപ്പെട്ട ഭാഗങ്ങളിലും താമസിക്കുന്ന ഗോത്രവർഗ്ഗക്കാരുടേതാണെന്ന് ശാന്തി ലക്ര പറയുന്നു. 2004ൽ ഓംഗേ ദ്വീപിൽ സുനാമി ആഞ്ഞടിച്ചപ്പോൾ ഗോത്രവർഗക്കാരോടൊപ്പം കാടിനുള്ളിൽപ്പോയി താമസിച്ചതും അവർക്ക് വേണ്ടി ചെയ്ത സേവനങ്ങളും ലക്ര ഓർത്തെടുത്തു. അതേസമയം അവാർഡിന് അർഹയായാൽ, വംശനാശഭീഷണി നേരിടുന്ന ദ്വീപ് നിവാസികളുടെ ആരോഗ്യ പരിപാലനത്തിനായി ഒരു എൻ‌ജി‌ഒ സ്ഥാപിക്കുമെന്നും ലക്ര വ്യക്തമാക്കി

ലോകമെമ്പാടുമുള്ള നഴ്സിങ് സമൂഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഈ അവാര്‍ഡ് പരിഗണിക്കപ്പെടുന്നത്. ഈ വര്‍ഷം 202 രാജ്യങ്ങളിലെ 52,000 മല്‍സരാര്‍ഥികളില്‍ നിന്നാണ് ജിന്‍സിയും ലക്രയുമടക്കം പത്തുപേരെ തിരഞ്ഞെടുത്തത്. ഫൈനലിസ്റ്റുകളെ ആരോഗ്യ രംഗത്തെ വിദഗ്ധരടങ്ങുന്ന ഒരു പാനൽ വിലയിരുത്തുകയും വിജയിക്ക് അവാർഡ് കൈമാറുകയും ചെയ്യും

logo
The Fourth
www.thefourthnews.in