പതഞ്ജലിയുടെ പരസ്യം പാരയായി, മാതൃഭൂമിക്കും, ടൈംസ് ഓഫ് ഇന്ത്യയ്ക്കും പ്രസ് കൗണ്‍സില്‍ നോട്ടീസ്

പതഞ്ജലിയുടെ പരസ്യം പാരയായി, മാതൃഭൂമിക്കും, ടൈംസ് ഓഫ് ഇന്ത്യയ്ക്കും പ്രസ് കൗണ്‍സില്‍ നോട്ടീസ്

നടപടി വിവരാവകാശ പ്രവര്‍ത്തകനും നേത്രരോഗ വിദഗ്ധനുമായ ഡോ കെ വി ബാബു നല്‍കിയ പരാതിയില്‍
Updated on
1 min read

പതഞ്ജലി കമ്പനിയുടെ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ നല്‍കിയതിന് രണ്ട് പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സിലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ നോട്ടീസ് നല്‍കിയത്. ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനിയുടെ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ പരസ്യം നല്‍കിയതിനാണ് നോട്ടീസ്. രണ്ടാഴ്ചയ്ക്കകം ഈ പത്രങ്ങൾ വിശദീകരണം നൽകണം.

പ്രശസ്ത വിവരാവകാശ പ്രവര്‍ത്തകനും നേത്രരോഗ വിദഗ്ധനുമായ ഡോ കെ വി ബാബു നല്‍കിയ പരാതിയിലാണ് നടപടി. 'ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട്' പ്രകാരം പരസ്യം തെറ്റിദ്ധാരണാജനകമാണെന്നും അത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയതെന്നും ഡോ കെ വി ബാബു ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

പരാതിയുടെ പകർപ്പ്
പരാതിയുടെ പകർപ്പ്

രക്തസമ്മർദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റർ, കൊളസ്ട്രോൾ എന്നിങ്ങനെ 54 രോഗങ്ങൾക്കുള്ള മരുന്നുകളുടെ പരസ്യം നൽകുന്നത് 1964 ലെ മാജിക് റെമഡീസ് ആക്ട്, ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് ആക്ട് എന്നീ നിയമങ്ങൾ പ്രകാരം കുറ്റകരമാണ്. ഇത് ലംഘിച്ചെന്ന് ചൂണ്ടികാണിച്ചാണ് പരാതി നൽകിയത്. പതഞ്ജലിയുടെ മാര്‍ക്കറ്റിംഗ് വിഭാഗമായ ദിവ്യാ ഫാര്‍മസിയാണ് പരസ്യം നല്‍കിയത്. ഉത്തരാഖണ്ഡ് സര്‍ക്കാരും ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡും വിഷയത്തില്‍ നേരത്തെ ഇടപെട്ടിരുന്നു.

പത്രങ്ങളില്‍ വന്ന പരസ്യം
പത്രങ്ങളില്‍ വന്ന പരസ്യം

പ്രസ് കൗണ്‍സിലിന്റെ റെഗുലേഷന്‍ 5(1)ന്റെ കൃത്യമായ ലംഘനമാണ് പരസ്യമെന്നതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമാണെന്നും പ്രസ് കൗണ്‍സിലിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ഡോ കെ വി ബാബു പറഞ്ഞു. പതഞ്ജലിയുടെ ചില മരുന്നുകൾക്ക് ഉത്തരാഖണ്ഡ് സർക്കാർ നവംബർ ആദ്യം നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്ന് പറഞ്ഞ് പിന്നീട് നിരോധനം പിന്‍വലിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in