ട്രെയിനിലെ കൂട്ടക്കൊല: 'യാത്രികരെ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ ഒളിച്ചുനിന്നു', രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ജയ്‌പൂർ- മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ സീനിയർ സഹപ്രവർത്തകൻ നാല് പേരെ വെടിവച്ചുകൊന്ന കേസിൽ രണ്ട് ആർ പി എഫ് ഉദ്യോഗസ്ഥരെ കൂടി സർവീസിൽനിന്ന് പുറത്താക്കി. ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺസ്റ്റബിൾമാരായ അമയ് ആചാര്യ, നരേന്ദ്ര പർമാർ എന്നിവരെ പിരിച്ചുവിട്ടത്. മുംബൈ ഡിവിഷനിലെ ആർ പി എഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ എസ് കെ എസ് റാത്തോഡാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ച് ഉത്തരവിറക്കിയത്.
2023 ജൂലൈ 31-ന് പുലർച്ചെ 5.23ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ട്രെയിനിലെ എസ്കോർട്ടിങ് ടീമിന്റെ ഭാഗമായിരുന്ന ചേതൻ സിങ് തനിക്ക് സുഖമില്ലാത്തതിനാൽ നേരത്തെ പോകണമെന്ന് മേലധികാരിയായ ടീകാറാം മീണയോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അനുവദിക്കാത്തതിൽ ക്ഷുഭിതനായാണ് ചേതൻ സിങ് മേലുദ്യോഗസ്ഥനെയും ട്രെയിനിലെ മൂന്ന് മുസ്ലിം യാത്രികരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. തുടർന്ന് അവിടെവച്ച് ചേതൻ സിങ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിന് പിന്നാലെ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ മഹാരാഷ്ട്രയിലെ അകോല ജയിലിൽ കഴിയുകയാണ്. ആക്രമണ സംഭവം നടക്കുമ്പോൾ അമയ് ആചാര്യ എസ്-4 കോച്ചിലെ ബാത്‌റൂമിലും നരേന്ദ്ര പർമാർ യാത്രക്കാർക്ക് പിന്നിലും ഒളിച്ചിരിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന റൈഫിളിന്റെ സുരക്ഷാ ലോക്ക് ചേതൻ സിങ് തുറക്കുന്നത് അമയ് കണ്ടിരുന്നെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.
"യാത്രക്കാർക്ക് സുരക്ഷയും സംരക്ഷണവും നൽകേണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാരുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ അവരതിൽ പരാജയപ്പെട്ടു. ആരോപണവിധേയരായ കോൺസ്റ്റബിൾമാരുടെ പ്രവൃത്തി യാത്രക്കാർക്കിടയിൽ ആർപിഎഫിനോടുള്ള വിശ്വാസം ഇല്ലാതാക്കുകയും സേനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ അച്ചടക്കമില്ലായ്മയെക്കുറിച്ച് തെറ്റായ സന്ദേശം നൽകുകയും ചെയ്യും". ഇത്തരം പ്രവൃത്തികൾ ആരിൽനിന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് രണ്ടുപേരെയും പിരിച്ചുവിടുന്നതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നു.
നേരത്തെ അമയ് ആചാര്യയെ പരാതിക്കാരനാക്കിയും നരേന്ദ്ര പർമറിനെ പ്രധാന സാക്ഷിയാക്കിയുമാണ് എഫ് ഐ ആർ എടുത്തിരുന്നത്. 1097 പേജുകളുള്ള കുറ്റപത്രമാണ് ചേതൻ സിങ്ങിനെതിരെയുള്ളത്. കേസിൽ 39 ദൃക്സാക്ഷികളാണുള്ളത്. മാനസികാസ്വാസ്ഥ്യമാണ് ചേതൻ സിങ്ങിനെക്കൊണ്ട് കൃത്യം ചെയ്യിച്ചതെന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാല്‍ വിദ്വേഷ പരാമർശം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കാര്യങ്ങൾ വ്യക്തമാകുകയായിരുന്നു.
കൂടാതെ, സർവീസിലിരിക്കുമ്പോൾ വിദ്വേഷ കേസ് ഉൾപ്പെടെ മൂന്നോളം സംഭവങ്ങളിലും ചേതൻ സിങ് പ്രതിയായിരുന്നു. വാഹിദ് ഖാൻ എന്നൊരാളെ ഓഫിസിലെത്തിച്ച് അകാരണമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതാണ് അതിലൊരു കേസ്.