രാജസ്ഥാനിലെ കോട്ടയിൽ രണ്ട് വിദ്യാർഥികള്‍ കൂടി ആത്മഹത്യ ചെയ്തു; പരീക്ഷകൾ നിർത്തിവയ്ക്കാൻ കോച്ചിങ് സെന്ററുകൾക്ക് നിർദേശം
നീറ്റ്- ജെഇഇ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥികളുടെ ആത്മഹത്യ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികളെ കൂടി കോട്ടയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. നീറ്റ് പരീക്ഷയ്ക്കായി തയാറെടുത്തുകൊണ്ടിരുന്ന വിദ്യാർഥികളാണ് മരിച്ചത്.
ഈ മാസം മാത്രം കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം ആറായി. ഇതോടെ, രണ്ടുമാസത്തേക്ക് കോച്ചിങ് സെന്ററുകളിലെ പരീക്ഷകൾ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കി.
രണ്ട് സംഭവങ്ങൾക്കും പിന്നാലെ, കോച്ചിങ് സെന്ററുകളിലെ പരീക്ഷകൾ രണ്ട് മാസത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു
മഹാരാഷ്ട്രയിൽ നിന്നുള്ള പതിനാറുകാരനാണ് ഞായറാഴ്ച ആദ്യം ആത്മഹത്യ ചെയ്തത്. വിഗ്യാൻ നഗറിലെ സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സ്ഥാപനത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ വീക്കിലി ടെസ്റ്റ് എഴുതിയ ശേഷമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് സർക്കിൾ ഓഫീസർ ധരം വീർ സിങ് അറിയിച്ചു.
ആറ് മണിക്കൂറിന് ശേഷം, രാത്രിയോടെ ബിഹാർ സ്വദേശിയായ മറ്റൊരു വിദ്യാർഥിയെയും റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുനാദി പ്രദേശത്ത് വാടകയ്‌ക്കെടുത്ത അപ്പാർട്ട്മെന്റിൽ സഹോദരിക്കും സമപ്രായക്കാരായ ബന്ധുക്കൾക്കുമൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. വാതിൽ തുറക്കാതിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
രണ്ട് സംഭവങ്ങൾക്കും പിന്നാലെ, കോച്ചിങ് സെന്ററുകളിലെ പരീക്ഷകൾ രണ്ട് മാസത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഓം പ്രകാശ് ബങ്കാർ ഉത്തരവിട്ടു.
'' രണ്ട് കുട്ടികളുടെയും പെരുമാറ്റത്തിൽ യാതൊരു വ്യത്യാസവും അനുഭവപ്പെട്ടിരുന്നില്ല. മാനസിക സംഘർഷവും വിഷാദരോഗവും അനുഭവിക്കുന്ന വിദ്യാർഥികളെ കണ്ടെത്തുക എളുപ്പമല്ല. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം" - കളക്ടർ വ്യക്തമാക്കി.
പ്രതിവർഷം 10,000 കോടി രൂപയുടെ ടെസ്റ്റ്-പ്രിപ്പ് ബിസിനസിന്റെ കേന്ദ്രമാണ് രാജസ്ഥാനിലെ കോട്ട. രാജ്യമെമ്പാടുമുള്ള വിദ്യാർഥികൾ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഇവിടെയെത്തുകയും റെസിഡൻഷ്യൽ ടെസ്റ്റ്-പ്രിപ്പ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. സർട്ടിഫിക്കറ്റ് നേടാനായി ഇവരിൽ ഭൂരിഭാഗവും കോച്ചിങ്ങിനൊപ്പം സ്കൂൾ വിദ്യാഭ്യാസവും കൊണ്ടുപോകും. പ്ലസ് ടുതല പരീക്ഷകൾക്ക് തയാറെടുപ്പ് നടത്തുന്ന സ്ഥാപനങ്ങളിലാണ് ഇവരിൽ അധികവും ചേരുന്നത്. അതിനൊപ്പം നീറ്റ്- ജെഇഇ പരീക്ഷകൾ മുന്‍പില്‍ കണ്ടുകൂടി പരിശീലനം നേടും.
2015 മുതൽ കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കണക്ക് സർക്കാർ സൂക്ഷിക്കുന്നുണ്ട്. ഇതുപ്രകാരം, 2015ൽ 18 , 2016ൽ 17, 2017ൽ 7, 2018ൽ 20, 2019ൽ 18 എന്നിങ്ങനെയാണ് ആത്മഹത്യാ നിരക്ക്. 2022ൽ 15 പേർ ആത്മഹത്യ ചെയ്തതെങ്കിൽ, ഈ വർഷം ഇതുവരെ 23 വിദ്യാർഥികളാണ് മരിച്ചത്.