സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്: രണ്ട് പേർ അറസ്റ്റിൽ

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്: രണ്ട് പേർ അറസ്റ്റിൽ

ഗുജറാത്തിലെ ഭുജിൽ നിന്നാണ് രണ്ട് ഷൂട്ടർമാരെയും മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
Updated on
1 min read

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്ര വെസ്റ്റിലുള്ള വസതിക്ക് പുറത്ത് വെടിയുതിർത്ത രണ്ട് പ്രതികൾ അറസ്റ്റിൽ. ഇന്നലെ രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് രണ്ട് ഷൂട്ടർമാരെയും മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

"വെടിവെപ്പിന് ശേഷം മുംബൈയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജിൽ നിന്ന് അറസ്റ്റ് ചെയ്തു," മുംബൈ പോലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായ രണ്ടുപേരെയും കൂടുതൽ അന്വേഷണത്തിനായി മുംബൈയിലേക്കു കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്: രണ്ട് പേർ അറസ്റ്റിൽ
'ചിയാൻ 62' പ്രധാന അപ്ഡേറ്റ് രണ്ട് ദിവസം കഴിഞ്ഞെന്ന് വിക്രം; ഫസ്റ്റ് ലുക്കോ ടൈറ്റിൽ ടീസറോ ?

കഴിഞ്ഞ ഞായറാഴ്ചയാണ് സൽമാൻ ഖാന്റെ ബാന്ദ്ര വസതിക്ക് നേരെ വെടിവെപ്പുണ്ടായത്. നടൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ടുമെൻ്റിന് പുറത്ത് നിന്ന് രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. പ്രതികൾ മൂന്ന് വട്ടം വെടിയുതിർത്തതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഹെൽമെറ്റ് കൊണ്ട് മുഖം മറച്ച രണ്ട് പേരും ഉടൻ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തന്നെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം സംഭവസ്ഥലം പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ട അന്വേഷണങ്ങൾ. സൂക്ഷ്മമായി ആസൂത്രണം ചെയ്ത ആക്രമണം ആണ് നടന്നതെന്നായിരുന്നു മുംബൈ ക്രൈംബ്രാഞ്ച് വിശദീകരണം. വെടിവയ്പ്പുമായി ബന്ധപ്പെട്ട് നേരത്തെ മുംബൈ ക്രൈംബ്രാഞ്ച് രണ്ട് പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാൻ ഖാനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഷിൻഡെ മുംബൈ പോലീസ് കമ്മീഷണറുമായി ചർച്ച ചെയ്യുകയും നടൻ്റെ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ചിൻ്റെ പത്ത് ടീമുകളെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് വിന്യസിക്കുകയും ദ്രുത വേഗതയിൽ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്: രണ്ട് പേർ അറസ്റ്റിൽ
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്; രണ്ടംഗ സംഘത്തിനായി അന്വേഷണം ഊർജിതം

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി സാമൂഹ്യ മാധ്യമങ്ങളിലൂടെ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് 'ട്രെയിലർ' മാത്രമാണെനന്നായിരുന്നു അൻമോൽ ബിഷ്‌ണോയിയുടെ മുന്നറിയിപ്പ്.

ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്‌ണോയിയുടെയും ഗോൾഡി ബ്രാറിൻ്റെയും ഭീഷണിയെത്തുടർന്ന് 2022 നവംബർ മുതൽ സൽമാൻ ഖാൻ്റെ സുരക്ഷാ നിലവാരം വൈ-പ്ലസിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഒരു വ്യക്തിഗത തോക്ക് കൈവശം വയ്ക്കാനും സൽമാൻ ഖാന് അധികാരമുണ്ട്.

സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനവും സല്‍മാന്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം പഞ്ചാബ് ആസ്ഥാനമായിട്ടുള്ള ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങില്‍ നിന്നും വധഭീഷണി ലഭിച്ചതുമുതല്‍ പന്‍വേല്‍‍ വസതിയിലാണ് സല്‍മാന്‍ താമസിക്കുന്നത്.

logo
The Fourth
www.thefourthnews.in