ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിൽ രജൗരി ജില്ലയിലെ കന്ദി വനമേഖലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 20 ന് രജോരിയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലുള്ളവർ തന്നെയാണ് ഈ ആക്രമണവും നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.
രാവിലെ ഏഴരയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രജൗരി ജില്ലയിലെ ബന്യാരി ഹിൽസിലെ ഡോക്കിലാണ് വെടിവയ്പ്പ് നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മേഖലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇന്നത്തേത്. ഏപ്രിൽ 20 ലെ ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്കായി നടത്തിയ സംയുക്ത സൈനിക നീക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഭീകരരും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സൈന്യം പറയുന്നു. പരുക്കേറ്റ സൈനികരെ ഉദ്ദംപൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്‌ഭേര മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു പോലീസുകാരന് പരുക്കേറ്റിരുന്നു. തീവ്രവാദികൾ എന്ന് സംശയിക്കുന്നവരാണ് വെടിയുതിർത്തത്.