ഡൽഹി ആർ കെ പുരത്ത് വെടിവയ്പ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു; രണ്ട് പേർ പിടിയില്‍
ഡൽഹിയിലെ ആർ കെ പുരത്ത് നടന്ന വെടിവയ്പ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ആർ കെ പുരത്തെ അംബേദ്‌കർ ബസ്തി പ്രവിശ്യയിൽ ഞായറാഴ്ച രാവിലെ അഞ്ച് മണിക്കാണ് വെടിവയ്പുണ്ടായത്. 30ഉം 29ഉം വയസുകാരായ പിങ്കി, ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവയ്പുണ്ടായത്.
ഇരുവരുടെയും സഹോദരനെ തിരക്കിയാണ് അക്രമി എത്തിയതെന്ന് സൗത്ത് വെസ്റ്റ് ഡൽഹി ഡിസിപി മനോജ് സി എഎൻഐയോട് പറഞ്ഞു. ഇരുവരെയും സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യപ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.
വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവതികളുടെ സഹോദരൻ ലളിതിനെ ആക്രമിക്കാനാണ് പ്രതികൾ എത്തിയതെന്ന് പോലീസ് പറയുന്നു. തന്റെ മുതിർന്ന സഹോദരൻ ലളിത് ഒരാൾക്ക് പണം വായ്പയായി നല്കിയിരുന്നെന്നും ഇത് തിരിച്ച് ചോദിയ്ക്കാൻ പോയപ്പോൾ അവിടെ വാക്ക് തർക്കമുണ്ടായെന്നും കൊല്ലപ്പെട്ടവരുടെ സഹോദരി ലാല പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെ ലളിതിനെ അപായപ്പെടുത്താൻ അക്രമികളെത്തി വീടിന്റെ വാതിലിൽ കൊട്ടിവിളിച്ചു. വാക്ക് തർക്കത്തിനിടയിൽ ലളിതിനെ രക്ഷിക്കാനായി സഹോദരിമാർ എത്തിയപ്പോൾ, അക്രമി അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നെന്ന് ലാല വ്യക്തമാക്കി. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. തലസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര സർക്കാരിനെ അദ്ദേഹം വിമർശിച്ചു. ഡൽഹിയിലെ ക്രമസമാധാനം നിലനിർത്തുന്നതിനുപകരം, ഡല്‍ഹി സർക്കാരിനെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഡൽഹിയിലെ ജനങ്ങൾ പരിഭ്രാന്തരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ക്രമസമാധാന ചുമതല തന്റെ സർക്കാരിനായിരുന്നുവെങ്കിൽ ഡൽഹി സുരക്ഷിതമായിരിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.