കർണാടകയ്ക്ക് 'മലയാളി' സ്പീക്കർ; യു ടി ഖാദർ ഇന്ന് പത്രിക സമർപ്പിക്കും
മലയാളി വേരുകളുളള മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാകും. കോണ്‍ഗ്രസിന്‌റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി യു ടി ഖാദറിനെ നിശ്ചയിച്ചു. പത്രികാ സമര്‍പ്പണം ഇന്നാണ്. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക.
മണ്ഡല പുനര്‍ നിര്‍ണയതോടെ മംഗളുരു റൂറല്‍ ആയി മാറിയ (ഉള്ളാള്‍) മണ്ഡലത്തില്‍ നിന്ന് ഇത് അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത് . നേരത്തെ മൂന്നു തവണ കര്‍ണാടക മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിട്ടുണ്ട്. ആരോഗ്യ - ഭക്ഷ്യ പൊതുവിതരണ - നഗര വികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇത്തവണ മംഗളുരു റൂറല്‍ മണ്ഡലത്തില്‍ നിന്ന് 22,000ല്‍ അധികം വോട്ടിന്‌റെ ഭൂരിപക്ഷത്തിലായിരുന്നു ഖാദറിന്റെ വിജയം.
ആര്‍ വി ദേശ്പാണ്ഡെ , ടി ബി ജയചന്ദ്ര , എച്ച് കെ പാട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ്, സഭാധ്യക്ഷ സ്ഥാനം ഖാദറിനുറപ്പിച്ചത്. തിങ്കളാഴ്ചയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായത്. ഇന്ന് 11 മണിയോടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പത്രികയില്‍ ഒപ്പുവയ്ക്കും.
പിതാവ് കാസര്‍ഗോഡ് ഉപ്പള പള്ളത്തെ യു ടി ഫരീദിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഖാദര്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. 1972, 1978, 1999, 2004 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി ഉള്ളാള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച ആളാണ് ഫരീദ്.