യാത്ര യുഎഇയിലേക്കാണോ,  പാസ്‌പോർട്ടില്‍ രണ്ട് പേരുകള്‍ വേണം; എന്താണ് പുതിയ നിയമമെന്നറിയാം

യാത്ര യുഎഇയിലേക്കാണോ, പാസ്‌പോർട്ടില്‍ രണ്ട് പേരുകള്‍ വേണം; എന്താണ് പുതിയ നിയമമെന്നറിയാം

യുഎഇ റസിഡന്റ് കാര്‍ഡ് ഉടമകള്‍ക്കും തൊഴില്‍ വിസയുള്ളവര്‍ക്കും ഈ നിയമം ബാധകമല്ല
Updated on
2 min read

പാസ്പോര്‍ട്ടില്‍ രണ്ട് പേരുകള്‍ പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കി യുഎഇ. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ പ്രവേശനത്തിനായി പാസ്പോര്‍ട്ടില്‍ രണ്ട് പേരുകള്‍ ചേര്‍ക്കണം. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തിങ്കളാഴ്ച (നവംബര്‍ 21) മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം അനുസരിച്ച് പാസ്പോര്‍ട്ടില്‍ പേരുമായി ബന്ധപ്പെട്ട 2 കോളങ്ങളും പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. അതായത് ഒറ്റ പേരുമായി ഇനി യുഎഇയിലേക്കുള്ള യാത്ര സാധ്യമാവില്ല. വിസിറ്റിംഗ് വിസയോ ഓണ്‍ അറൈവല്‍ വിസയോ ഉള്ള യാത്രക്കാര്‍ അവരുടെ പാസ്പോര്‍ട്ടില്‍ പേരുകള്‍ വ്യക്തമായി രേഖപ്പെടുത്തണം. എന്നാല്‍ യുഎഇ റസിഡന്റ് കാര്‍ഡ് ഉടമകള്‍ക്കും തൊഴില്‍ വിസയുള്ളവര്‍ക്കും ഈ നിയമം ബാധകമല്ല.

യാത്രക്കാര്‍ക്കുള്ള യുഎഇയുടെ പുതിയ പാസ്പോര്‍ട്ട് നിയമം ആരെയൊക്കെയാണ് ബാധിക്കുന്നത്?

വിസിറ്റിംഗ് വിസ, വിസ ഓണ്‍ അറൈവല്‍, താത്കാലിക വിസ എന്നീ വിഭാഗത്തില്‍പ്പെട്ടവർക്ക് മാത്രമേ നിയമം ബാധകമാകൂ. യുഎഇ റസിഡന്റ് കാര്‍ഡും തൊഴില്‍ വിസയുമുള്ള ഇന്ത്യന്‍ പൗരന്മാരെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുഎഇയുടെ പുതിയ പാസ്പോര്‍ട്ട് നിയമത്തോട് എയര്‍ലൈനുകള്‍ എങ്ങനെയാണ് പ്രതികരിച്ചത്?

നാഷണല്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇറക്കിയ സർക്കുലർ പ്രകാരം ഒറ്റവാക്കില്‍ പേരുള്ള ഒരു പാസ്പോര്‍ട്ട് ഉടമയെയും യുഎഇ എമിഗ്രേഷന്‍ അംഗീകരിക്കില്ലെന്നും, യാത്രക്കാരനെ INAD (പ്രവേശിക്കാൻ അനുവാദമില്ലാത്ത യാത്രക്കാർ) ആയി കണക്കാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു

എല്ലാ ട്രാവല്‍ ഏജന്റുമാര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ സര്‍ക്കുലര്‍
എല്ലാ ട്രാവല്‍ ഏജന്റുമാര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയ സര്‍ക്കുലര്‍
Summary

ഉദാഹരണത്തിന് യാത്ര ചെയ്യുന്നയാളുടെ പേര് ദിലീപ് എന്ന് മാത്രമാണ് പാസ്പോർട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എങ്കില്‍ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. അതേ സമയം,പ്രവീണ്‍ കുമാർ എന്നാണ് പേരെങ്കില്‍ ഫസ്റ്റ് നെയിം പ്രവീണ്‍ എന്നും സെക്കന്‍ഡ് നെയിം കുമാർ എന്നുമായി രേഖപ്പെടുത്താം

2022 നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന യുഎഇ മാർഗ നിര്‍ദ്ദേശമനുസരിച്ച്, ടൂറിസ്റ്റ്, വിസിറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള വിസയില്‍ യാത്ര ചെയ്യുന്ന പാസ്പോര്‍ട്ടില്‍ ഒറ്റ പേരുള്ള യാത്രക്കാരെ യുഎഇയിലേക്കും രാജ്യത്ത് നിന്നും പുറത്തേയ്ക്കും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോയും വ്യക്തമാക്കി

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ട്രാവല്‍ ഏജന്റുമാര്‍ക്ക് 2022 നവംബര്‍ 21-ന് അയച്ച സര്‍ക്കുലര്‍.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ട്രാവല്‍ ഏജന്റുമാര്‍ക്ക് 2022 നവംബര്‍ 21-ന് അയച്ച സര്‍ക്കുലര്‍.

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍

യുഎഇ സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) ഭാഗം 3.4 അനുസരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ICAO പ്രകാരം, ഉടമയുടെ പേര് സാധാരണയായി രണ്ട് ഭാഗങ്ങളായി നല്‍കുന്നു. പ്രാഥമിക ഐഡന്റിഫയറും ദ്വിതീയ ഐഡന്റിഫയറും. ഇഷ്യൂ ചെയ്യുന്ന രാജ്യമോ ഓര്‍ഗനൈസേഷനോ പേരിന്റെ ഏത് ഭാഗമാണ് പ്രാഥമിക ഐഡന്റിഫയര്‍ എന്ന് വ്യക്തമാക്കും. ഇത് കുടുംബപ്പേര് അല്ലെങ്കില്‍ പങ്കാളിയുടെ പേര് എന്നിവയായിരിക്കും. പാസ്പോര്‍ട്ട് ഉടമയുടെ പേര് രണ്ട് ഭാഗങ്ങളായി വിഭജിക്കാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍ മുഴുവന്‍ പേര് പ്രൈമറി ഐഡന്റിഫയറിനായി ഫീല്‍ഡില്‍ നല്‍കണം.

ഒഴിവാക്കാനാകാത്ത ഇടങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും വലിയ അക്ഷരങ്ങള്‍ ഉപയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു. പേരിനായി ഒരൊറ്റ ഫീല്‍ഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ദ്വിതീയ ഐഡന്റിഫയറിനെ പ്രാഥമിക ഐഡന്റിഫയറില്‍ നിന്ന് ഒരൊറ്റ കോമ (,) കൊണ്ട് വേര്‍തിരിക്കണമെന്നും നിര്‍ദേശം പറയുന്നു. ഒന്നിലധികം ഫീല്‍ഡുകള്‍ ഉപയോഗിച്ചാല്‍ കോമ ആവശ്യമില്ല. അന്താരാഷ്ട്ര വ്യോമഗതാഗതത്തില്‍ സുരക്ഷയും വളര്‍ച്ചയും ഉറപ്പുവരുത്തുന്നതിനായി, അന്താരാഷ്ട്ര എയര്‍ നാവിഗേഷന്റെ തത്വങ്ങളും സാങ്കേതിക വിദ്യകളും ഏകോപിപ്പിക്കുന്ന ഒരു ഐക്യരാഷ്ട്ര ഏജന്‍സിയാണ് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍.

ഒരു പേര് തിരഞ്ഞെടുക്കുന്നതില്‍ എന്താണ് സംഭവിക്കുന്നത്?

ഒരു പേരിന് രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് ഏറ്റവും സാധാരണമായ നാമകരണ രീതിയെങ്കിലും, അത് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, സ്പാനിഷ് പേരുകളില്‍ അവരുടെ അച്ഛന്റെയും അമ്മയുടെയും കുടുംബനാമങ്ങളും ഉള്‍പ്പെടുന്നു. പരമ്പരാഗത അറബിക് പേരുകളില്‍ കുറഞ്ഞത് നാല് ഘടകങ്ങളെങ്കിലും ഉള്‍ക്കൊള്ളുന്നു. കൂടാതെ അഞ്ചോ അതിലധികമോ തലമുറകളുടെ വംശപരമ്പരകളും ഉള്‍പ്പെടുന്നു. മതപരമായ തലക്കെട്ട്, കുടുംബത്തിന്റെ ഉത്ഭവ സ്ഥാനം, ബഹുമാനിക്കപ്പെടുന്ന ഒരു പൂര്‍വ്വികന്റെ പേര് തുടങ്ങിയ മറ്റ് ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കും.

എന്നാല്‍ ഇന്ത്യയ്ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് നാമകരണ കണ്‍വെന്‍ഷനില്ല, ജാതി,മത, ഘടകങ്ങള്‍ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. പലരും കുടുംബത്തിന്റെയോ ജാതിയുടെയോ പേരുകള്‍ അവരുടെ കുടുംബപ്പേരുകളായി ഉപയോഗിക്കുമ്പോള്‍, മറ്റുള്ളവര്‍ പ്രദേശങ്ങള്‍ സ്വീകരിക്കുന്നു. മാതാപിതാക്കളില്‍ ഒരാളുടെ പേരോ അല്ലെങ്കില്‍ കുടുംബപ്പേരോ പ്രതിനിധീകരിക്കുന്ന ഇനീഷ്യലുകളും ചേർക്കാറുണ്ട്. എന്നാല്‍ ചില ആളുകള്‍ അവരുടെ പേരിനൊപ്പം മറ്റൊന്നും ചേര്‍ക്കാതെ ഉപയോഗിക്കുന്നതും സാധാരണമാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ളവരെയാകും പുതിയ മാർഗനിർദേശം ഏറ്റവും കൂടുതല്‍ ബാധിക്കുക.

logo
The Fourth
www.thefourthnews.in