'ഇത്തരം നീതികെട്ടവരെ' തിരിച്ചറിയണമെന്ന് ബിജെപിയുടെ പോസ്റ്റ്; 'ഹിന്ദി തെരിയാത് പോടാ' മറുപടിയുമായി ഉദയനിധി സ്റ്റാലിൻ
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിനോട് അനുബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിന് തന്നെ അധിക്ഷേപിച്ച ബിജെപിക്ക് 'തഗ്ഗ്' മറുപടിയുമായി ഡിഎംകെ നേതാവും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.
രാമക്ഷേത്രത്തിന് തങ്ങൾ എതിരല്ലെന്നും പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനെയാണ് എതിർക്കുന്നതെന്നുമുള്ള ഉദയനിധിയുടെ പരാമർശത്തിനെതിരെയായിരുന്നു ബിജെപി ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഇത്തരം നീതികെട്ടവരെ തിരിച്ചറിയണമെന്നും ഇവർക്ക് രാമനെ വെറുപ്പാണെന്നും സനാതന ധർമത്തെ എതിർക്കുന്നവരാണെന്നുമായിരുന്നു ബിജെപിയുടെ പോസ്റ്റ്.
ബിജെപിയുടെ ഈ പോസ്റ്റിന് 'ഹിന്ദി തെരിയാത് പോടാ' എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ചുകൊണ്ടുള്ള ചിത്രം കമന്റ് ചെയ്തുകൊണ്ടായിരുന്നു ഉദയനിധിയുടെ മറുപടി. നിരവധി പേരാണ് ഉദയനിധിയുടെ മറുപടി റീട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഡിഎംകെ ഒരു മതത്തിനോ വിശ്വാസത്തിനോ എതിരല്ലെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം വരുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, അവിടെയുണ്ടായിരുന്ന പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനെയാണ് എതിർക്കുന്നതെന്നുമായിരുന്നു ഉദയനിധിയുടെ വാദം. വിശ്വാസത്തെയും രാഷ്ട്രീയത്തെയും ഒന്നാക്കരുതെന്ന മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ വാക്കുകൾ ഓർമിച്ചുകൊണ്ടായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.