'എന്റെ തലയ്ക്ക് 10 രൂപയുടെ ചീര്‍പ്പ് മതി'; തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍
സനാതന ധര്‍മ പരാമര്‍ശം നടത്തിയതിൽ തലയെടുക്കുമെന്ന് പ്രഖ്യാപിച്ച ഹിന്ദു സന്യാസിക്ക് പരിഹാസ മറുപടി നൽകി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. തന്റെ തലയെടുക്കുന്നവർക്ക് 10 കോടി പാരിതോഷികമായി നൽകുമെന്ന സന്യാസിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഉദയനിധി രംഗത്തെത്തിയത്. '10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീർപ്പുമാത്രം മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തമിഴില്‍ തല വെട്ടുക എന്നാല്‍ തല മൊട്ടയടിക്കുക അഥവാ തല ചീകൂക എന്ന അർത്ഥം കൂടിയുണ്ട്.
എന്റെ തല ചീകാന്‍ വെറും പത്ത് രൂപയുടെ ചീര്‍പ്പ് മാത്രം മതി
ഉദയനിധി സ്റ്റാലിന്‍
ഉത്തര്‍പ്രദേശിലെ തപസി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരി പരംഹന്‍സ് ആചാര്യ ഉദയനിധിയുടെ തലയെടുക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. . ഉദയനിധിയുടെ തലയെടുക്കാൻ ആരും തയ്യാറായില്ലെങ്കിൽ താൻതന്നെ അത് ചെയ്യുമെന്നും ഹിന്ദു സന്യാസി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മറുപടിയുമായി ഉദയനിധി രംഗത്തെത്തിയത്. ''സനാതന ധര്‍മ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തലമൊട്ടയടിക്കാന്‍ 10 കോടി രൂപ നൽകുമെന്ന് ഉത്തര്‍പ്രദേശിലെ ആചാര്യന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്റെ തല ചീകാന്‍ വെറും 10 രൂപയുടെ ചീര്‍പ്പ് മാത്രം മതി'. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.
തമിഴ്‌നാടിന് വേണ്ടി ജീവന്‍ പണയപ്പെടുത്താൻ മടിക്കാത്ത മനുഷ്യന്റെ ചെറുമകനാണെന്നും ഇത്തരം ഭീഷണികളിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''ഇതൊന്നും ഞങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല. ഈ ഭീഷണികളെയൊന്നും ഭയക്കുന്നുമില്ല. തമിഴ്‌നാടിന് വേണ്ടി ട്രാക്കില്‍ തലവച്ച കലാകാരന്റെ ചെറുമകനാണ് ഞാന്‍'' - ഉദയനിധി പറഞ്ഞു.
തമിഴ് രാഷ്ട്രീയത്തില്‍ 1953-ൽ കരുണാനിധി നേതൃത്വം നല്‍കിയ ഒരു സുപ്രധാന സംഭവത്തെ ഉദ്ധരിച്ചായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. തമിഴ്നാട്ടിലെ ഗ്രാമത്തിന്റെ പേര് മാറ്റി, പകരം സിമന്റ് ഫാക്ടറി പണിയുന്ന ഡാല്‍മിയാ വ്യവസായ കുടുംബത്തിന്റെ പേര് നൽകിയതിനെതിരെയുള്ള പ്രതിഷേധമാണ് അദ്ദേഹം സൂചിപ്പിച്ചത്. കരുണാനിധിയുടെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ട്രാക്കില്‍ കിടന്നായിരുന്നു അന്ന് പ്രതിഷേധിച്ചത്.
ഹിന്ദു ധര്‍മം പിന്തുടരുന്നവരുടെ വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിലും ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടിരുന്നു
സനാതന ധര്‍മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പരാമര്‍ശം. ഇതാണ് വലിയ രീതിയിലുള്ള വിമര്‍ശനത്തിലേക്ക് വഴിവച്ചത്. എന്ത് കേസ് നല്‍കിയാലും അത് നേരിടാന്‍ തയ്യാറാണെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.ഹിന്ദു ധര്‍മം പിന്തുടരുന്നവരുടെ വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിലും സ്റ്റാലിന്റെ പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ബിജെപി വളച്ചൊടിച്ചതാണെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഉദയ്നിധി വ്യക്തമാക്കിയിരുന്നു.