'പിഎം കെയേഴ്സ്ഫണ്ടിലേക്ക് രത്തന്‍ ടാറ്റ സംഭാവന നല്‍കിയ 1000 കോടി എവിടെപ്പോയി': ഉദ്ധവ് താക്കറെ
പിഎം കെയർ ഫണ്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ പക്ഷം. കോവിഡ് സെന്ററിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് എന്നിവരുടെ സഹായികള്‍ക്ക് നേരെ ഇഡി അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ശിവസേന ഈ ആവശ്യവുമായി രംഗത്തെത്തിയത്.
അഴിമതിയാരോപണങ്ങളില്‍ അന്വേഷിക്കാനുള്ള ഇഡിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ശിവസേനയെ മാത്രം എന്തുകൊണ്ട് ലക്ഷ്യമിടുന്നു എന്നുമായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം. കേന്ദ്ര ഏജന്‍സികള്‍ നീതിയുക്തമാണെങ്കില്‍ നാഗ്പൂര്‍, പൂനെ എന്നിവടങ്ങളിലെ പൗരസമിതികളുടെയും ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളെയും കുറിച്ച് അന്വേഷണം നടത്തണം. ഉദ്ധവ് താക്കറെ പറഞ്ഞു.
രത്തന്‍ ടാറ്റയെപ്പോലുള്ള വ്യവസായികള്‍ 1000 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ഈ പണമെല്ലാം എവിടെപ്പോയി
'പല വ്യവസായികളും പിഎം കെയേഴ്സ് ഫണ്ടിലേക്ക് വലിയ തുക സംഭാവന ചെയ്യുന്നുണ്ട്. പക്ഷേ പണം എവിടെയാണ് എങ്ങനെയാണ് ഉപയോഗിച്ചതെന്ന് ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. രത്തന്‍ ടാറ്റയെപ്പോലുള്ള വ്യവസായികള്‍ 1000 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ഈ പണമെല്ലാം എവിടെപ്പോയി. അവിടെയും സ്വതന്ത്രവും നീതിയുക്തവുമായ ഒരു അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്'. ഉദ്ധവ് താക്കറെ പറഞ്ഞു.
2023 ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്
മുഖ്യമന്ത്രിയായിരിക്കുമ്പോഴുള്ള പ്രവര്‍ത്തനങ്ങളെ എല്ലാവരും പ്രശംസിച്ചെങ്കിലും ബിജെപിക്ക് ഇത് വരെ അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 'ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രി പോലും ഇടംപിടിച്ചിട്ടില്ലാത്ത മികച്ച പത്ത് മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഞാന്‍ ഇടംപിടിച്ചുണ്ടായിരുന്നു. 2023 ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അവരുടെ അജണ്ട മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്'. ഉദ്ധവ് താക്കറെ പറഞ്ഞു.
ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപിയും ചേര്‍ന്ന് ഉദ്ധവ് താക്കറെയുടെ കുടുംബാഗങ്ങള്‍ക്ക് നേരെ നടത്തുന്ന ആരോപണങ്ങള്‍ക്കെതിരെയും താക്കറെ പ്രതികരിച്ചു. കുടുംബാഗങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് ഫഡ്‌നാവിസ് മാറിനില്‍ക്കണമെന്നും അല്ലാത്തപക്ഷം തിരിച്ചടിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.