ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഡിഎംകെയിലെ തലമുറമാറ്റം കൂടിയാണ് തീരുമാനത്തിലൂടെ നടപ്പാകുന്നത്
Updated on
1 min read

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും നിലവിലെ യുവജനക്ഷേമ - കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് ശനിയാഴ്ച എംകെ സ്റ്റാലിൻ ഗവർണർ ആർ എൻ രവിയോട് അനുവാദം തേടിയിരുന്നു. ഉദയനിധി സ്റ്റാലിനെ ഡി എം കെ മന്ത്രിസഭയിലെ രണ്ടാമനാക്കുന്നതിനെ കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായിരുന്നില്ല. ഡിഎംകെയിലെ തലമുറമാറ്റം കൂടിയാണ് തീരുമാനത്തിലൂടെ നടപ്പാകുന്നത്.

സിനിമ നടനായിരുന്ന ഉദയനിധി സ്റ്റാലിൻ മൂന്ന് വർഷങ്ങൾക്ക് മുൻപാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അഭിനയം പൂർണമായി ഉപേക്ഷിച്ച ശേഷം 2022ലായിരുന്നു മന്ത്രിസഭയിലേക്കെത്തുന്നത്. പിന്നാലെയുള്ള ഉപമുഖ്യമന്ത്രി പദം, സ്റ്റാലിന്റെ പകരക്കാരൻ ആരെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണെന്നാണ് വിലയിരുത്തല്‍. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം.

സമാന രീതിയിലായിരുന്നു 15 വർഷങ്ങൾക്ക് മുൻപ് മുൻ ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധി എം കെ സ്റ്റാലിനെ തന്റെ പകരക്കാരനാക്കിയത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന എം കെ സ്റ്റാലിന് ഭരണകാര്യങ്ങളിൽ സഹായിക്കുക എന്നതുകൂടിയാണ് നീക്കത്തിന് പിന്നിൽ. ഡിഎംകെയുടെ 75-ാം വാർഷിക വജ്ര ജൂബിലി ആഘോഷങ്ങൾ ചെന്നൈയിൽ നടന്നതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്
തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

ഉദയനിധിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപകമായിരുന്നു. ഓഗസ്റ്റ് 22-ന് പ്രഖ്യാപനം ഉണ്ടാകുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണെന്നും എന്നാൽ സമയം പാകമായിട്ടില്ലെന്നും ഓഗസ്റ്റ് അഞ്ചിന് എംകെ സ്റ്റാലിൻ പറഞ്ഞിരുന്നു.

കർണാടക, രാജസ്ഥാൻ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളെപ്പോലെ തമിഴ്‌നാട്ടിൽ നിലവിൽ ഒരു ഉപമുഖ്യമന്ത്രി ഇല്ല. 2017ൽ ഒ പനീർസെൽവത്തിനായിരുന്നു അവസാനമായി ഇത്തരമൊരു സ്ഥാനം താൽക്കാലികമായി നൽകിയിരുന്നത്.

logo
The Fourth
www.thefourthnews.in