'ഗവര്‍ണര്‍ പോസ്റ്റുമാന്‍ മാത്രം'; നീറ്റ് വിരുദ്ധ ബില്ലില്‍ ആർ എൻ രവിക്കെതിരെ ഉദയനിധി സ്റ്റാലിന്‍
തമിഴ്നാട്ടില്‍ ഡിഎംകെയുമായി പോര് തുടരുന്നതിനിടെ നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാത്ത ഗവർണർ ആർ എൻ രവിക്കെതിരെ വിമർശനവുമായി മന്ത്രി ഉദയനിധി സ്റ്റാലിൻ. ഗവർണറുടെ വേഷം ഒരു പോസ്റ്റുമാന്റേത് മാത്രമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. സംസ്ഥാനം അംഗീകരിച്ച കാര്യങ്ങൾ രാഷ്ട്രപതിക്ക് കൈമാറുകയെന്നതാണ് ഗവർണറുടെ ജോലിയെന്നും ഡിഎംകെ സംസ്ഥാന സെക്രട്ടറി പറഞ്ഞു. നീറ്റ് പരീക്ഷയ്ക്കെതിരായ നിരാഹാര സമര വേദിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.
''രാഷ്ട്രപതിക്കാണ് ബില്ലിൽ അന്തിമ തീരുമാനം സ്വീകരിക്കാൻ കഴിയുകയുള്ളൂ , അല്ലാതെ ഗവർണറിനല്ല. അദ്ദേഹത്തിന് ഒരു പോസ്റ്റുമാന്റെ ജോലി മാത്രമാണ് നിർവഹിക്കാനുള്ളത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
നീറ്റ് പരീക്ഷയ്ക്കെതിരായി ഡി എം കെ സംസ്ഥാന വ്യാപകമായി നിരാഹാരം സമരം സംഘടിപ്പിച്ചിരുന്നു. പാർട്ടിയുടെ യുവജന , വിദ്യാർഥി വിഭാഗമാണ് ജില്ലാ ആസ്ഥാനങ്ങളിലെ സമരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ യോഗത്തിൽ മന്ത്രിമാരായ ദുരൈമുരുകൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു. നീറ്റ് വിരുദ്ധ ബില്ല് ആംഗീകരിക്കാത്ത തമിഴ്നാട് ഗവർണർ ആർ എൻ രവിയ്ക്കും നീറ്റ് പരീക്ഷ ഒഴിവാക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിനും എതിരെയായിരുന്നു ഡി എം കെയുടെ പ്രതിഷേധം.
നീറ്റിന്റെ സമ്മർദത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് വേദിയില്‍ ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ചിത്രങ്ങളും പ്രതിഷേധ പരിപാടിയിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ ആഴ്ച ഒരു മെഡിക്കൽ വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തതോടെയാണ് പ്രതിഷേധം വീണ്ടും ഉയർന്നത്. നീറ്റ് ഇളവ് ഉറപ്പാക്കുന്നതുവരെ ഡി എം കെ സമരത്തിൽ നിന്നും പിൻമാറില്ലെന്നും അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ഡി എം കെ ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
തമിഴ്നാട് സർക്കാരും ഗവർണറുമായി തുടരുന്ന പോരിന്റെ പ്രധാന കാരണമാണ് നീറ്റ് വിരുദ്ധ ബിൽ. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ കടുത്ത മാനസിക സംഘർഷം നേരിടുന്നുവെന്നും കൂടാതെ സാമ്പത്തിക ചെലവ് പല വിദ്യാർഥികളേയും കുഴക്കുന്നുവെന്നും ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. കമ്മീഷന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തി സാമൂഹിക നീതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് സർക്കാർ പുതിയ ബിൽ മുന്നോട്ട് വച്ചതെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ കേന്ദ്രനിയമത്തിൽ സംസ്ഥാനം ഭേദഗതി വരുത്തുമ്പോൾ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. എൻഡിഎ സഖ്യകക്ഷി കൂടിയായ മുൻ എഐഎഡിഎംകെ സർക്കാർ അവതരിപ്പിച്ച സമാനമായ ബിൽ രാഷ്ട്രപതി തള്ളിയിരുന്നു.