ഡിഎംകെ കുടുംബ പാര്‍ട്ടിയെന്ന് അമിത് ഷാ; ജയ് ഷാ എത്ര മത്സരം കളിച്ചിട്ടാണ് ബിസിസിഐ സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിന്‍
രാമേശ്വരത്ത് നടന്ന ബിജെപി യോഗത്തിൽ ഡിഎംകെയെ 'കുടുംബ പാർട്ടി' എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി നല്‍കി തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി സ്ഥാനത്തെത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഉദയിനിധി ചോദിച്ചു. ജയ് ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും എത്ര റൺസ് നേടിയിട്ടുണ്ടെന്നും ഉദയനിധി പരിഹാസ രൂപേണ ചോദിച്ചു.
വെള്ളിയാഴ്ച രാമേശ്വരത്ത് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യവെയാണ് ഡിഎംകെ കുടുംബ പാർട്ടിയാണെന്ന് അമിത് ഷാ പരാമർശിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡിഎംകെ കുടുംബ പാർട്ടിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഡിഎംകെ നേതാക്കള്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് താൻ എംഎൽഎയായതും തുടർന്ന് മന്ത്രിയായെന്നും ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്യവെ ഉദയനിധി പറഞ്ഞു. ''എന്നെ മുഖ്യമന്ത്രിയാക്കുകയാണ് ഞങ്ങളുടെ പാർട്ടി നേതാക്കളുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിക്ക് അമിത് ഷായോട് ചോദിക്കാനുള്ളത്, നിങ്ങളുടെ മകൻ എങ്ങനെയാണ് ബിസിസിഐയുടെ സെക്രട്ടറിയായത് എന്നാണ്. അവൻ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചു, എത്ര റൺസ് നേടി?''- ഉദയനിധി ചോദിച്ചു.
ജയ് ഷാ നടത്തുന്ന കമ്പനിയുടെ ആസ്തി മൂല്യം 2014ൽ വെറും 74 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ അത് 130 കോടി രൂപയാണ്. ഇതെങ്ങനെ ഉണ്ടായെന്നും ഉദയനിധി ചോദിച്ചു. അമിത് ഷായുടെ പരാമർശത്തിന് പിന്നാലെ ബിജെപിയിലെ കുടുംബ ഭരണക്കാരുടെ പട്ടിക തന്നാൽ അത് സമ്മതിച്ച് പദവി രാജിവയ്ക്കാൻ അമിത് ഷാ തയ്യാറാണോയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചോദിച്ചിരുന്നു.