'ഉഡുപ്പി കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ചെന്നത് സത്യമല്ല'; അന്വേഷണം തുടരുമെന്ന് ദേശീയ വനിതാ കമ്മീഷൻ
ഉഡുപ്പിയിലെ സ്വകാര്യ കോളേജിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തെളിവെടുപ്പിനെത്തി ദേശീയ വനിതാ കമ്മീഷൻ. കമ്മീഷൻ അംഗം ഖുശ്‌ബു സുന്ദർ സംഭവം നടന്ന കോളജ് മാനേജ്‌മെന്റുമായും ഇരയായ വിദ്യാർഥിനിയുമായും സംസാരിച്ചു. കേസിന് ആധാരമായ സംഭവം നടന്ന ശുചിമുറിയും വനിതാ കമ്മീഷൻ പരിശോധിച്ചു. ശുചിമുറിയിൽ ഒളിക്യാമറയുണ്ടെന്ന വാദം ഖുശ്‌ബു തള്ളി.
ഇങ്ങനെയൊരു ഒളിക്യാമറ സ്ഥാപിക്കാനുള്ള സാഹചര്യം കോളേജിലില്ലെന്നും പുറത്തുവന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. "പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിച്ചത് മറ്റേതോ ദൃശ്യങ്ങളാണ്. മറിച്ചാണെന്ന് സ്ഥാപിക്കാൻ ആവശ്യമായ ഒരു തെളിവും പോലീസിനോ വനിതാ കമ്മീഷനോ നിലവിൽ ലഭിച്ചിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് ലഭിക്കുമോയെന്നു നോക്കാം. വൈകാതെ എല്ലാവരുടെയും ആശങ്കകൾ ദൂരീകരിക്കാൻ സാധിക്കുമെന്ന് കരുതുന്നു," ഖുശ്‌ബു വിശദീകരിച്ചു.
കഴിഞ്ഞ ജൂലൈ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലെ മൂന്ന് പെൺകുട്ടികൾ ചേർന്ന് ശുചിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നതാണ് കേസ്. സംഭവം അറിഞ്ഞതോടെ പെൺകുട്ടികളുടെ മൊബൈൽ ഫോണിൽ നിന്ന് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിക്കുകയും വിദ്യാർഥിനികളായ ഷബ്‌നാസ്, അലീമ, അൽഫിയ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
സംഭവത്തെ കുറിച്ച് ആരും പരാതി നൽകാതായതോടെ മംഗളൂരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ചവരെന്ന് ആരോപിക്കപ്പെടുന്നവരുടെ മതം നോക്കി ബിജെപി ഇരയായ പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്തു രംഗത്തുവന്നതോടെ സംഭവത്തിന് വർഗീയ ഛായ വന്നു. ഇതോടെയായിരുന്നു ദേശീയ വനിതാ കമ്മീഷൻ വിഷയത്തിലിടപെട്ടത്.
കർണാടക ബിജെപി വിഷയം രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. ഉഡുപ്പി എംഎൽഎ യശ്പാൽ സുവർണ സംഭവത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ആരോപിച്ചിട്ടുണ്ട്. ഹിന്ദു പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി നൽകുന്ന സംഘം മുസ്ലിം പെൺകുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ആൺകുട്ടികൾക്ക് വീഡിയോ കൈമാറുന്നുണ്ടെന്നുമാണ് വാദം.
വിദ്യാർഥി സംഘടനയായ എബിവിപിയുടെ നേതൃത്വത്തിൽ ഉഡുപ്പിയിൽ പ്രതിഷേധ മാർച്ചും ധർണയും അരങ്ങേറി. കുറ്റക്കാരായ മുസ്ലിം വിദ്യാർഥിനികളെ അറസ്റ്റ് ചെയ്ത് ഹിന്ദു വിദ്യാർഥിയോട് നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി മംഗളൂരു പോലീസിന് നിവേദനം നൽകി. നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ രാസപരിശോധനക്കയച്ചിരിക്കുകയാണ് മംഗളൂരു പോലീസ്. രാസ പരിശോധന ഫലവും തെളിവുകളും എതിരാണെങ്കിൽ മാത്രമേ തുടർ നടപടി സ്വീകരിക്കാനാവൂ എന്ന് മംഗളൂരു പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.