ഉഡുപ്പി ഒളിക്യാമറ കേസ്; പ്രതികളായ വിദ്യാർഥിനികൾ കോടതിയിൽ കീഴടങ്ങി, മുൻകൂർ ജാമ്യം അനുവദിച്ചു
കർണാടകയിലെ ഉഡുപ്പിയിൽ സ്വകാര്യ കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രതികളായ വിദ്യാർഥിനികൾ കോടതിയിൽ കീഴടങ്ങി. പ്രതികളായ ഷബ്‌നാസ്, അൽഫിയ, അലീമ എന്നിവരാണ് ഉഡുപ്പി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. മൂന്നുപേരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. മംഗളൂരു പോലീസ് സ്വമേധയ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് ദിവസം മുൻപായിരുന്നു മൂന്നുപേരെയും പ്രതി ചേർത്തത്.
കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് സഹപാഠിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മൊബൈൽ ഫോണിലൂടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ ഇടപെടുകയും കമ്മീഷൻ അംഗം ഖുശ്‌ബു സുന്ദർ കഴിഞ്ഞ ദിവസം ഉഡുപ്പിയിൽ എത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ശുചിമുറിയിൽ ഒളിക്യാമറ വച്ചെന്ന വാദം കമ്മീഷൻ തള്ളി. ഇതിന് മതിയായ തെളിവ് ലഭിച്ചിട്ടില്ല. പ്രചരിക്കുന്ന ദൃശ്യങ്ങൾ മറ്റെവിടെയോ ചിത്രീകരിച്ചതാണെന്നും അന്വേഷണം പൂർത്തിയാകും വരെ ഒന്നും പറയാനാവില്ലെന്നും ഖുശ്‌ബു വിശദീകരിച്ചിരുന്നു.
സംഭവത്തിൽ പ്രതികളായവരും ഇരയായ വിദ്യാർഥിനിയും രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ വിഷയം വർഗീയവത്കരിച്ചിരിക്കുകയാണ് കർണാടക ബിജെപി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ യശ്പാൽ സുവർണയുടെ നേതൃത്വത്തിൽ ഉഡുപ്പിയിൽ പ്രക്ഷോഭം നടക്കുകയാണ്.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവർ പ്രചരിപ്പിച്ചെന്ന് പറയപ്പെടുന്ന ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം. ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് മാത്രമേ അറസ്റ്റിലേക്ക് കടക്കാനാവൂ എന്നാണ് മംഗളൂരു പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ പ്രതികളെയും കോളേജ് മാനേജ്‌മെന്റിനെയും സംരക്ഷിക്കാൻ ഭരണകക്ഷിയായ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ഹിന്ദു പെൺകുട്ടികളുടെ മാനത്തിന് വിലപറയുകയാണ് കർണാടക സർക്കാരെന്നും ബിജെപി ആരോപിച്ചു.
എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
അതേസമയം, കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കോൺഗ്രസ് സർക്കാർ ഹൈന്ദവ വിരുദ്ധമാണെന്നും ബിജെപി ആരോപിച്ചു. ഹിന്ദു പെൺകുട്ടികളെ അപമാനിക്കാൻ ബാഹ്യ ഇടപെടലോടെ മുസ്ലിം പെൺകുട്ടികൾ നടത്തിയ 'ജിഹാദി 'പ്രവർത്തനമാണ് സംഭവമെന്നാണ് ബിജെപിയുടെ ആരോപണം.
സംഭവത്തിൽ ഇടപെട്ട ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്‌ബു സുന്ദറിന്റെ പ്രസ്താവനക്കെതിരെയും ബിജെപി നേതാക്കൾ രംഗത്തെത്തി. ഖുശ്‌ബു ബിജെപിയിൽ പുതിയ ആളാണെന്നും അവർക്ക് കാര്യങ്ങളെ കുറിച്ച് വലിയ ധാരണയില്ലെന്നും എംഎൽഎ ഗുരുരാജ് ഗണ്ടിഹോലെ പറഞ്ഞു. ദേശീയ വനിത കമ്മീഷൻ അംഗത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.