ജഗദേഷ് കുമാർ
ജഗദേഷ് കുമാർ

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും; ഒരു രാഷ്ട്രം ഒരു പ്രവേശന പരീക്ഷയില്‍ ചര്‍ച്ച ആവശ്യം: യുജിസി ചെയര്‍മാന്‍

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവര്‍ത്തനം ചെയ്യുന്നതിനായി വിപുലമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കിയതെന്ന് പ്രൊഫ. എം ജഗദേഷ് കുമാര്‍
Updated on
2 min read

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന് യുജിസി ചെയര്‍മാന്‍ പ്രൊഫ. എം ജഗദേഷ് കുമാര്‍. നയം നടപ്പാക്കാന്‍ സാധ്യമായതെല്ലാം യുജിസി ചെയ്യും. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിനായി രാജ്യത്തെ വിദ്യാഭ്യാസം അന്താരാഷ്ട്രവത്കരിക്കും. അതേസമയം, ഒരു രാഷ്ട്രം ഒരു പ്രവേശന പരീക്ഷ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജഗദേഷ് കുമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ യുജിസി ചെയര്‍മാന്‍ വ്യക്തമാക്കി.

ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് വേണ്ടി വിദ്യാര്‍ഥികളെ സജ്ജരാക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത്. നയം നടപ്പാക്കുന്നതിന് യുജിസിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് ജഗദേഷ് കുമാര്‍.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവര്‍ത്തനം ചെയ്യുന്നതിനായി വിപുലമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കിയതെന്ന് ജഗദേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്കെല്ലാം മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് വേണ്ടി വിദ്യാര്‍ഥികളെ സജ്ജരാക്കാനുള്ള ഒരേയൊരു മാര്‍ഗമാണിത്. നയം നടപ്പാക്കുന്നതിന് യുജിസിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് ജഗദേഷ് കുമാര്‍ വ്യക്തമാക്കി.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കാവിവത്കരിക്കാനും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറാനും ശ്രമിക്കുന്നതായുള്ള ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു യുജിസി ചെയര്‍മാന്റെ മറുപടി.

വിദേശത്ത് പഠിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നിരവധിപ്പേര്‍ രാജ്യത്തുണ്ട്. വിദേശ സര്‍വകലാശാല ക്യാമ്പസിലൂടെ അവര്‍ക്ക് മികച്ച ഉപരിപഠനം സാധ്യമാകും.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസം അന്താരാഷ്ട്രവത്കരിക്കും. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ അനുവദിക്കാനാണ് യുജിസി തീരുമാനം. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മാത്രം 4.5 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് വിദേശ രാജ്യങ്ങളില്‍ ഉപരി പഠനത്തിനായി പോയത്. കൂടുതല്‍പേര്‍ പോകാനുള്ള സാധ്യതയുണ്ട്. പക്ഷേ, വിദേശത്ത് പഠിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നിരവധിപ്പേര്‍ രാജ്യത്തുണ്ട്. വിദേശ സര്‍വകലാശാല ക്യാമ്പസിലൂടെ അവര്‍ക്ക് മികച്ച ഉപരിപഠനം സാധ്യമാകും. രാജ്യത്ത് ക്യാമ്പസ് ആരംഭിക്കുന്നതിന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ യുജിസിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. നിരവധി വിദേശ സര്‍വകലാശാലകള്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

അതോടൊപ്പം ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് വിദേശത്ത് ക്യാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങളും യുജിസി തയ്യാറാക്കി വരികയാണ്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണത്തിന്റെ ഭാഗമായാണ് നീക്കം -ജഗദേഷ് കുമാര്‍ വിശദീകരിച്ചു.

ജെഇഇ, നീറ്റ്, സിയുഇടി എന്നിവ സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത പങ്കുവെച്ചിരുന്നു. അത് ഒരു ആശയം മാത്രമായിരുന്നു. ഒരു രാജ്യം, ഒരു പ്രവേശന പരീക്ഷ എന്ന പദ്ധതി ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

പ്രവേശന പരീക്ഷകളുടെ എണ്ണം കുറച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ ഭാരം കുറയ്ക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം നിര്‍ദേശിക്കുന്നു. അതനുസരിച്ചാണ് പൊതു സര്‍വകലാശാല പ്രവേശന പരീക്ഷ (സിയുഇടി) നടപ്പാക്കിയത്. സ്വന്തമായി പ്രവേശന പരീക്ഷകള്‍ നടത്തുന്നത് ഒഴിവാക്കി നിരവധി സര്‍വകലാശാലകള്‍ സിയുഇടിയില്‍ ഭാഗമായി. ഇതേത്തുടര്‍ന്ന് ജെഇഇ, നീറ്റ്, സിയുഇടി എന്നിവ സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത പങ്കുവെച്ചിരുന്നു. അത് ഒരു ആശയം മാത്രമായിരുന്നു. ഒരു രാജ്യം, ഒരു പ്രവേശന പരീക്ഷ എന്ന പദ്ധതി ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ജഗദേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in