വിചാരണ ഇല്ല, ജാമ്യം ഇല്ല; ഉമര്‍ ഖാലിദ് തടവറയില്‍ ആയിരം ദിവസം പിന്നിട്ടു

വിചാരണ ഇല്ല, ജാമ്യം ഇല്ല; ഉമര്‍ ഖാലിദ് തടവറയില്‍ ആയിരം ദിവസം പിന്നിട്ടു

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തതിന് ഭരണകൂടം നല്‍കിയ സമ്മാനമായിരുന്നു ഉമറിന്റെ ജയില്‍വാസം
Updated on
2 min read

ഉമര്‍ ഖാലിദ്, ഇന്ത്യയിലെ തടവറകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് വിചാരണ തടവുകാരില്‍ ഒരാള്‍. ലൈംഗിക പീഡനാരോപണത്തില്‍പെട്ടവരും ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരും സര്‍വ സ്വാതന്ത്ര്യത്തോടെ ഇടപഴകുമ്പോഴാണ് ഉമര്‍ ഖാലിദിനെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് തടവിലാക്കിയത്. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ജാമ്യം അനുവദിക്കാന്‍ കോടതികള്‍ തയ്യാറായിട്ടുമില്ല. ഉമറിന്റെ ജാമ്യാപേക്ഷ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തടവറയില്‍ ഉമര്‍ ഇന്നേക്ക് ആയിരം ദിവസം പിന്നിട്ടു.

തടവറയിലായി രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ തന്റെ സുഹൃത്തിനെഴുതിയ കത്തില്‍ ഉമര്‍ ഖാലിദ്, തനിക്കെതിരെ പോലീസും മാധ്യമങ്ങളും നടത്തുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രചാരണത്തെ എങ്ങനെ നേരിടുമെന്ന് അദ്ദേഹം ചോദിക്കുന്നു. 'വിദ്വേഷത്തിന്റെയും കളവിന്റെയും ഭീകരതയെ എങ്ങനെ നേരിടും. വിദ്വേഷ പ്രചാരകര്‍ക്ക് പണമുണ്ട്, വിധേയപ്പെട്ട് നില്‍ക്കുന്ന ന്യൂസ് ചാനലുകളുണ്ട്. പിന്നെ ട്രോള്‍ സംഘങ്ങളുണ്ട്. ചിലപ്പോള്‍ എനിക്ക് വല്ലാതെ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു. പൗരത്വ നിയമത്തിനെതിരെയും ഫാസിസത്തിനെതിരെയും പോരാടുന്ന എന്നെക്കാള്‍ പ്രിവിലേജുള്ള ചില ആളുകള്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്നു. അതേസമയം വ്യാജ പ്രചാരണത്തിന് എന്നെ തിരഞ്ഞു പിടിക്കുകയും ചെയ്യുന്നു. ഇതൊന്നും വ്യക്തിപരമല്ലെന്ന ബോധ്യം മാത്രമാണ് ഇപ്പോള്‍ എനിക്ക് ആശ്വാസം തരുന്നത്. എന്റെ അറസ്റ്റും ഒറ്റപ്പെടുത്തലുമെല്ലാം ഒരു വിശാലമായ പദ്ധതിയുടെ പ്രതീകാത്മക മാത്രം ഉള്‍കൊളളുന്നതാണ്. അതയാത് മുസ്ലീങ്ങള്‍ക്കെതിരായ നീക്കത്തിന്റെ പ്രതീകം മാത്രം.'

ഉമറിനും മറ്റ് ആക്ടിവിസ്റ്റുകള്‍ക്കുമെതിരായ ഡല്‍ഹി പോലീസിന്റെ കേസുകള്‍ വ്യാജമാണെന്നും വിമതരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ ഭരണകൂടം നടത്തുന്നതെന്നും നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ആരോപിച്ചിരുന്നു

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തതിന് ഭരണകൂടം നല്‍കിയ സമ്മാനമായിരുന്നു ഉമറിന്റെ ജയില്‍വാസം. ഡല്‍ഹിയില്‍ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ഉമറിനെ 2020 സെപ്റ്റംബര്‍ 13നാണ് ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

പൗരത്വ ഭേദഗതി പ്രതിഷേധങ്ങളുടെ മറവില്‍ വര്‍ഗീയ കലാപങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരായ നീക്കം, റോഡ് തടയുക എന്നിവ ആസൂത്രണം ചെയ്തെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട 18 പേരില്‍ ഒരാളായിരുന്നു ഉമര്‍ ഖാലിദ്. ഇത്തരം കേസുകളില്‍ അറസ്റ്റിലായവരില്‍ അധികവും വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളുമായിരുന്നു.

ജയില്‍ നിയമവും ജാമ്യം അപവാദവുമായി മാറിയിരിക്കുന്ന പുതിയ കാലത്തിന്റെ പ്രതിനിധിയായി തടവറയില്‍ പുസ്തകം വായിച്ചും എഴുതിയും അതിജീവിക്കുകയാണ് ഉമര്‍ ഖാലിദ്

1967ലെ ആയുധം കൈവശംവയ്ക്കല്‍ വകുപ്പ്, യുഎപിഎ, കലാപശ്രമം, കൊലപാതകം (സെക്ഷന്‍. 302 ഐപിസി), വധശ്രമം (സെക്ഷന്‍. 307 ഐപിസി), രാജ്യദ്രോഹം (സെക്ഷന്‍ 124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, തീവ്രാദ പ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കല്‍ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ഉമറെന്ന 35കാരനുമേല്‍ ഭരണകൂടം ചുമത്തിയത്.

2020 ഫെബ്രുവരി 23 മുതല്‍ 2020 ഫെബ്രുവരി 25 വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത 751 എഫ്ഐആറുകളില്‍ ഒന്നായിരുന്നു ഡല്‍ഹി കലാപ ഗൂഢാലോചന കേസ്. കലാപത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ മൂന്നില്‍ രണ്ടും മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 18 പേരില്‍ 16 പേരും അതേ സമുദായത്തില്‍പ്പെട്ടവരായിരുന്നു എന്നതാണ് ഇതിലെ വൈരുധ്യം.

ജയില്‍ വാസത്തിനിടെ സഹോദരിയുടെ കല്യാണത്തിന് പോകാന്‍ ലഭിച്ച ഒരാഴ്ച മാത്രമാണ് ഉമറിന് പരോള്‍ ലഭിച്ചത്. 800 ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു ആ പരോള്‍ ലഭിച്ചത്.

ഉമറിനും മറ്റ് ആക്ടിവിസ്റ്റുകള്‍ക്കുമെതിരായ ഡല്‍ഹി പോലീസിന്റെ കേസുകള്‍ വ്യാജമാണെന്നും വിമതരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ ഭരണകൂടം നടത്തുന്നതെന്നും നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ആരോപിച്ചിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ക്കാനും ഹിന്ദുത്വ വംശീയത അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉമറിന്റെ അറസ്റ്റ് എന്നായിരുന്നു ബുദ്ധിജീവിയും പണ്ഡിതനുമായ നോം ചോംസ്‌കി അഭിപ്രായപ്പെട്ടത്.

ഉമറിനെതിരായ തെളിവുകള്‍ പലതും കെട്ടിച്ചമതാണെന്നും വ്യാജമാണെന്നും ഉള്ള വ്യാപകമായ അഭിപ്രായം വിവിധ മേഖലകളില്‍ ഉള്ളവര്‍ ഉന്നയിച്ചിട്ടും, കോടതികള്‍ ജാമ്യാപേക്ഷകള്‍ നിരന്തരം നിരസിക്കുകയായിരുന്നു. ജയില്‍ നിയമവും ജാമ്യം അപവാദവുമായി മാറിയിരിക്കുന്ന പുതിയ കാലത്തിന്റെ പ്രതിനിധിയായി തടവറയില്‍ പുസ്തകം വായിച്ചും എഴുതിയും അതിജീവിക്കുകയാണ് ഉമര്‍ ഖാലിദ്.

logo
The Fourth
www.thefourthnews.in