'വിചാരണക്കോടതിയെ സമീപിക്കാം'; സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്

'വിചാരണക്കോടതിയെ സമീപിക്കാം'; സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്

യുഎപിഎയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പ്രത്യേക റിട്ട് ഹർജി പിന്‍വലിക്കുന്നില്ലെന്ന് ഉമർ ഖാലിദിന്റെ അഭിഭാഷകൻ കപിൽ സിബൽ
Updated on
1 min read

ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണത്തടവുകാരനായി കഴിയുന്ന ജെ എൻ യുവിലെ ഗവേഷകനും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചു. മുതിർന്ന അഭിഭാഷകൻ കപില്‍ സിബലാണ് ഉമറിനുവേണ്ടി ഹാജരായി അപേക്ഷ പിൻവലിക്കുന്നുവെന്ന് അറിയിച്ചത്. സാഹചര്യങ്ങൾ മാറിയെന്നും വിചാരണക്കോടതി വഴി പുതിയ ജാമ്യാപേക്ഷ നൽകാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

'വിചാരണക്കോടതിയെ സമീപിക്കാം'; സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്
'പോയ് വരൂ ഉമർ, ഞങ്ങൾ ഇവിടെയുണ്ട്'; അപേക്ഷ പ്രിയദർശിനി അഭിമുഖം

"ജാമ്യാപേക്ഷ പിൻവലിക്കാൻ ആഗ്രഹിക്കുന്നു. സാഹചര്യങ്ങൾക്ക് മാറ്റമുണ്ട്, ഞങ്ങൾ വിചാരണ കോടതിയിൽ ഭാഗ്യം പരീക്ഷിക്കാം," കപിൽ സിബൽ കോടതിയിൽ പറഞ്ഞു. പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ബേല ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ഇത് അംഗീകരിച്ചു. എന്നാൽ യുഎപിഎയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഉമർ ഖാലിദ് സമർപ്പിച്ച പ്രത്യേക റിട്ട് ഹർജി പിന്‍വലിക്കുന്നില്ലെന്നും സിബൽ വ്യക്തമാക്കി.

യു എ പി എ കേസിൽ 2020 സെപ്റ്റംബറിൽ അറസ്റ്റിലായ ഉമർ കഴിഞ്ഞ മൂന്നര വർഷമായി ജയിലിൽ കഴിയുകയാണ്. 2020 ഫെബ്രുവരിയിൽ കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് ഉമറിനുമേൽ ആരോപിക്കപ്പെടുന്ന കുറ്റം. കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല.

'വിചാരണക്കോടതിയെ സമീപിക്കാം'; സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്
ജാമ്യാപേക്ഷ പതിനാലാം തവണയും മാറ്റി; വിചാരണയില്ലാതെ തുടരുന്ന ഉമര്‍ ഖാലിദിന്റെ ജയില്‍ ജീവിതം

2022 ഒക്ടോബറിൽ തനിക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഉമർ സുപ്രീംകോടതിയെ സമീപിച്ചത്. തീവ്രവാദ വിരുദ്ധ നിയമത്തിലെ വിവിധ വ്യവസ്ഥകളെ ചോദ്യം ചെയ്ത മുൻ ജെഎൻയു വിദ്യാർഥി, ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. യുഎപിഎ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച മറ്റ് ഹർജികൾക്കൊപ്പം സുപ്രീംകോടതി ഇതും പരിഗണിക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വാദം കേൾക്കാനിരിക്കവേ ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര കേസിൽനിന്ന് പിന്മാറിയിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ 14 തവണയാണ് ഉമറിന്റെ ജാമ്യാപേക്ഷ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കപ്പെട്ടത്.

പൗരത്വ ഭേദഗതി വിഷയത്തിൽ രാജ്യത്താകമാനം പ്രതിഷേധം അലയടിച്ച് കൊണ്ടിരുന്ന സമയത്താണ് ഉമർ അറസ്റ്റിലാകുന്നത്. 2020 ഫെബ്രുവരി 23 മുതൽ ഫെബ്രുവരി 25 വരെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത 751 എഫ്ഐആറുകളിൽ ഒന്നാണ് ഡൽഹി കലാപ ഗൂഢാലോചന കേസ്. ഈ കലാപത്തിൽ ആകെ 53 പേർ കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in