ഉത്തരേന്ത്യയിൽ ശീത തരംഗം അതിരൂക്ഷം; മൂടല്‍മഞ്ഞില്‍ വലഞ്ഞ് ജനങ്ങള്‍

ഉത്തരേന്ത്യയിൽ ശീത തരംഗം അതിരൂക്ഷം; മൂടല്‍മഞ്ഞില്‍ വലഞ്ഞ് ജനങ്ങള്‍

48 മണിക്കൂർ കൂടി അതിരൂക്ഷമായി ശീത തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
Updated on
1 min read

ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിശൈത്യവും കനത്ത മൂടൽ മഞ്ഞും അഞ്ചാം ദിവസവും തുടരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് ,ബിഹാർ എന്നിവിടങ്ങളിലാണ് ശൈത്യതരംഗം കടുക്കുന്നത്. 48 മണിക്കൂർ കൂടി അതിരൂക്ഷമായി ശീത തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലും ബിഹാറിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും അവതാളത്തിലാണ്. 267 ട്രെയിനുകള്‍ റദ്ദാക്കി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 20 ഓളം വിമാനങ്ങൾ ഞായറാഴ്ച വൈകി പുറപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ഉത്തരേന്ത്യയിൽ ശീത തരംഗം അതിരൂക്ഷം; മൂടല്‍മഞ്ഞില്‍ വലഞ്ഞ് ജനങ്ങള്‍
ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മൂടല്‍മഞ്ഞ് കനത്തതോടെ പലയിടത്തും കാഴ്ചാപരിധി പൂജ്യം രേഖപ്പെടുത്തി. ഡല്‍ഹിയില്‍ പലയിടങ്ങളിലും കാഴ്ചാപരിധി ഇന്നും 25 മീറ്റർ വരെയായി കുറഞ്ഞതോടെ റോഡ് ഗതാഗതം പ്രതിസന്ധിയിലായി. ഡല്‍ഹിയിലിറങ്ങാനിരുന്ന അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. സ്ഥിതി രൂക്ഷമായതോടെ നഗരപ്രദേശങ്ങളില്‍ ജനജീവിതം പ്രതിസന്ധിയിലാണ്.

പഞ്ചാബിലും ചണ്ഡീഗഡിലും കാഴ്ച പൂർണമായും മറയ്ക്കുന്ന വിധം കാഴ്ചാ പരിധി പൂജ്യം മീറ്ററാണ്. അമൃത്സറിലും, വാരാണസിയിലും ഇത് 25 മീറ്ററും ആയിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ യഥാക്രമം എട്ട്, ആറ്, പത്ത് ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഡൽഹിയിലെ സഫ്ദർജംഗിൽ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച അറിയിച്ചു. അതേസമയം, ഡൽഹിയിലെ അയാ നഗറില്‍ കുറഞ്ഞ താപനില 2.6 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഉത്തരേന്ത്യയിൽ ശീത തരംഗം അതിരൂക്ഷം; മൂടല്‍മഞ്ഞില്‍ വലഞ്ഞ് ജനങ്ങള്‍
ശീത തരംഗത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പലയിടത്തും സ്കൂളുകൾക്ക് അവധി നീട്ടിയിട്ടുണ്ട്. ഉത്തർപ്രദേശിൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും ജനുവരി 14 വരെ അടച്ചിട്ടുണ്ട്. മുതിർന്ന വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഡൽഹിയിൽ എല്ലാ സ്കൂളുകളും ജനുവരി 15 വരെ അടച്ചിടാൻ ഡൽഹി സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in