മണിപ്പൂർ: രാജ്യസഭയിലെ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നു, സർക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രതിപക്ഷം
മണിപ്പൂരിലെ സംഘർഷാവസ്ഥ രാജ്യസഭയിൽ ചർച്ചചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുന്നു. വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് വിഷയം ചർച്ചയ്‌ക്കെടുക്കാമെന്ന സർക്കാരിന്റെ വാഗ്ദാനത്തില്‍ ശക്തമായ എതിർപ്പിലാണ് പ്രതിപക്ഷം. വിഷയം തിങ്കളാഴ്ച ചർച്ചയ്‌ക്കെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാരും അംഗീകരിച്ചിട്ടില്ല. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള വാക്പോര് തുടരുകയാണ്.
വർഷകാല സമ്മേളനം തുടങ്ങി ആദ്യ ദിവസം മുതൽ മണിപ്പൂർ വിഷയം ചർച്ചചെയ്യണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ പലതവണ നിർത്തിവച്ചിരുന്നു. രാജ്യസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നും ചട്ടം 267 പ്രകാരം വിഷയം ചർച്ചചെയ്യണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷം ആദ്യം ഉറച്ചു നിന്നിരുന്നു. പിന്നീട് അയഞ്ഞു. ഏത് ചട്ടത്തിന് കീഴിലായാലും മണിപ്പൂർ ചർച്ച ചെയ്യാനൊരുക്കമാണെന്ന് നിലപാടെടുക്കുകയും ചെയ്തു. എന്നാൽ, സഭാ സമ്മേളനത്തിന്റെ അവസാന ദിവസം ചർച്ചയ്ക്ക് വയ്ക്കാമെന്ന് ഭരണപക്ഷം അറിയിച്ചതോടെ, പ്രതിപക്ഷം വലിയ രീതിയിലാണ് എതിർപ്പ് പ്രകടിപ്പിച്ചത്.
ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലെ ചർച്ചകളിൽ തിരക്കിലാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ചർച്ച വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം
മണിപ്പൂർ ഇരുസഭകളിലും പരിഗണിക്കുമെന്നതിനാൽ, ചർച്ചയും മന്ത്രിയുടെ മറുപടിയും സമ്മേളനത്തിന്റെ അവസാന ദിവസത്തേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. "തിങ്കളാഴ്ച ലോക്സഭയിൽ മറ്റൊരു ബിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് എട്ട് മുതൽ പത്ത് വരെയുള്ള തീയതികളിൽ അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുത്തിരിക്കുകയാണ്. അതിനാൽ ആഭ്യന്തര മന്ത്രിക്ക് വെള്ളിയാഴ്ച മാത്രമാണ് ഒഴിവുണ്ടാകുക" - സർക്കാർ വിശദീകരിച്ചു. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലെ ചർച്ചകളിൽ തിരക്കിലാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം രാജ്യസഭയിലും ചർച്ച വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിഷയം സർക്കാർ ഗൗരവമായെടുക്കുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് കഴിഞ്ഞ ദിവസം ജയറാം രമേശ് ട്വീറ്റ് ചെയ്തു. "മണിപ്പൂരിൽ ചർച്ച ആരംഭിക്കാനും പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷ സഖ്യമായ ഇന്ത്യ തയ്യാറായിരുന്നു. എന്നാൽ, വിഷയം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചർച്ച ചെയ്യണമെന്നതിനോട് സർക്കാർ യാതൊരു ഗൗരവവും കാണിക്കുന്നില്ല" -അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച രണ്ട് മുതിർന്ന പ്രതിപക്ഷ നേതാക്കൾ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറുമായും രാജ്യസഭാ ചെയർമാൻ പീയുഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തീർപ്പുകൽപ്പിക്കാത്ത നോട്ടീസുകൾ ചട്ടം 176 പ്രകാരം പരിഗണിക്കുമെന്നും ചട്ടം 167 പ്രകാരം ഒരു അറിയിപ്പും നൽകില്ലെന്നും യോഗത്തിൽ സർക്കാർ സൂചിപ്പിച്ചു. രാജ്യസഭയിലും ഈ വിഷയത്തില്‍ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. രാജ്യസഭയിൽ ഡൽഹി ബിൽ ചർച്ചയ്‌ക്കെടുക്കുമ്പോൾ, ഇന്ത്യ സഖ്യം പാർലമെന്റിന്റെ നിയമങ്ങൾക്കുള്ളിൽ നിന്ന് മണിപ്പൂർ വിഷയം ഉന്നയിക്കുമെന്ന് കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ന്‍ വ്യക്തമാക്കി.
സഭാ സ്തംഭനം ഉപയോഗപ്പെടുത്തി ഭരണകക്ഷി അവർക്ക് ആവശ്യമായ ബില്ലുകളെല്ലാം പാസാക്കിയെടുക്കുന്നുവെന്ന വിഷയവും പ്രതിപക്ഷത്തിന് മുന്നിലുണ്ട്. കൃത്യമായ ചർച്ചയ്ക്കോ നിലപാട് പ്രഖ്യാപനത്തിനോ പ്രതിപക്ഷത്തിന് അവസരം ലഭിക്കാതെ പോകുന്നത് തിരിച്ചടിയാകും. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ജനാധിപത്യപരമായ ഒരു മധ്യസ്ഥതയ്ക്ക് പ്രതിപക്ഷം തയ്യാറായത്. രാജ്യസഭയിൽ വോട്ടെടുപ്പിന് അനുമതി നൽകുന്ന ചട്ടം 167ന് കീഴിൽ ചർച്ച വയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് ഓഗസ്റ്റ് എട്ടിന് ചർച്ചയ്ക്കെടുക്കും. 8,9 തീയതികളിൽ ചർച്ചയും 10ന് മറുപടിയുമുണ്ടാകുമെന്നാണ് വിവരം.