രാജസ്ഥാനില്‍ അനിശ്ചിതത്വം; നേതൃമാറ്റത്തില്‍ ധാരണയായില്ല, ഹൈക്കമാന്‍ഡിനെ വലച്ച് ഗെഹ്ലോട്ട്
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി അയയുന്നില്ല. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി വൈകിട്ട് ഏഴ് മണിക്ക് യോഗം വിളിച്ചെങ്കിലും ഇതുവരെയും ആരംഭിച്ചിട്ടില്ല. അതേസമയം, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അനുകൂലിക്കുന്ന എംഎല്‍എമാർ പ്രത്യേകം യോഗം ചേരുകയാണ്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പ് രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗെഹ്ലോട്ട് പക്ഷത്തുനിന്ന് തന്നെ പുതിയ മുഖ്യമന്ത്രി വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
സച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിനെ ഗെഹ്ലോട്ട് പക്ഷത്തെ എംഎല്‍എമാർ ശക്തമായി എതിർക്കുകയാണ്. നേതൃമാറ്റം വേണ്ടെന്നാണ് എംഎല്‍മാരുടെ നിലപാട്. ഗെഹ്ലോട്ടിനെ പിന്തുണച്ച് എംഎല്‍എമാർ പ്രമേയവും പാസാക്കി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി അംഗീകരിക്കാനാവില്ല. ഗെഹ്ലോട്ട് പക്ഷക്കാരന്‍ തന്നെ മുഖ്യമന്ത്രിയായി വരട്ടെ എന്നാണ് നിലപാട്.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒരുമിച്ച് വഹിക്കാമെന്ന കണക്കുക്കൂട്ടലിലാണ് ഗെഹ്ലോട്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ ഗെഹ്‌ലോട്ട് തയ്യാറായത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിനെയും വലയ്ക്കുന്ന നിലപാടാണ് ഇപ്പോള്‍ ഗെഹ്ലോട്ട് പക്ഷം സ്വീകരിച്ചിരിക്കുന്നത്.