പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു; എട്ട് വര്‍ഷത്തിനിടെ നിയമന ഉത്തരവ് ലഭിച്ചത് 0.33% പേര്‍ക്ക്

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകളില്‍ നിലവിലെ കണക്കുകള്‍ പ്രകാരം 9.8 ലക്ഷം ഒഴിവുകളാണുള്ളത്
Updated on
3 min read

രണ്ട് കോടി യുവാക്കള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി എന്ന വാഗ്ദാനവുമായാണ് 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്ത് തൊഴിലിനായി കാത്തിരുന്ന യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് ഈ വാക്കുകള്‍ സമ്മാനിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ച കണക്കുകള്‍ ജോലിക്കായി കടുത്ത പരിശ്രമം നടത്തുന്ന ഉദ്യോഗാര്‍ഥികളെ നിരാശരാക്കുന്നതാണ്.

കഴിഞ്ഞ 8 വര്‍ഷത്തിനിടെ രാജ്യത്ത് ഒരു ശതമാനത്തില്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലങ്ങളില്‍ നിയമനം നല്‍കിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.

കേന്ദ്ര സഹമന്ത്രി  ജിതേന്ദ്ര സിങ് ലോക്സഭയെ അവതരിപ്പിച്ച കണക്ക്
കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയെ അവതരിപ്പിച്ച കണക്ക്

കണക്കുകള്‍ എങ്ങിനെ?

2014-15 മുതല്‍ 2021-22 വരെ 22.05 കോടി ഉദ്യോഗാര്‍ഥികളാണ് വിവിധ തസ്തികകളില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇവരില്‍ 7.22 ലക്ഷം പേര്‍ക്ക് അതായത് 0.33 ശതമാനത്തിന് മാത്രമാണ് ഇതുവരെ നിയമന ഉത്തരവ് നല്‍കിയത്.

2014-15 മുതല്‍ 2021-22 വരെയുള്ള 8 വര്‍ഷക്കാലയിളവില്‍ യഥാക്രമം 1.30 ലക്ഷം, 1.11 ലക്ഷം, 1.01 ലക്ഷം, 0.76 ലക്ഷം, 0.38 ലക്ഷം, 1.47ലക്ഷം, 0.78 ലക്ഷം, 0.38ലക്ഷം പേര്‍ക്കാണ് ഓരോ വര്‍ഷവും നിയമനം നല്‍കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന 2019-20 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

എട്ട് വര്‍ഷത്തിനിടെ ലഭിച്ച അപേക്ഷകരില്‍ നിന്ന് നിയമനം നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ അനുപാതം ഓരോ വര്‍ഷവും 0.07 ശതമാനം മുതല്‍ 0.80 ശതമാനം വരെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 മുതല്‍ ഓരോ വര്‍ഷവും ശരാശരി 2.75 കോടി അപേക്ഷകളാണ് ലഭിക്കാറുള്ളത്.

ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് 2018-19 വര്‍ഷത്തിലായിരുന്നു. 5.09 കോടി ഉദ്യോഗാര്‍ഥികളാണ് ആ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചത്. ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചത് 2020-21 വര്‍ഷത്തിലായിരുന്നു 1.80 കോടി പേരാണ് ആ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചത്.

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് സഭയെ അറിയിച്ചു. കണ്ണൂര്‍ എം പിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Attachment
PDF
HIRING OF TEMPORARY STAFF.pdf
Preview

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 7.83 ശതമാനവും മാര്‍ച്ചില്‍ 7.6 ശതമാനും ജൂണില്‍ 7.29 ശതമാനവുമാണ്. നഗര പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ 9.22 ശതമാനവും ഗ്രാമീണ മേഖലയില്‍ 7.18 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒഴിഞ്ഞു കിടക്കുന്നത് ഏകദേശം 10 ലക്ഷം തസ്തികകള്‍

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകളില്‍ നിലവിലെ കണക്കുകള്‍ പ്രകാരം 9.8 ലക്ഷം ഒഴിവുകളാണുള്ളത്. വിവിധ വകുപ്പുകളിലായി ആകെയുള്ള 40,35,203 തസ്തികകളില്‍ 30,55,876 തസ്തികകള്‍ മാത്രമാണ് നികത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2022 ജൂണില്‍ 10 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒഴിവുകള്‍ കണക്കാക്കി മന്ത്രാലയങ്ങളും വകുപ്പുകളും നിയമനങ്ങള്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദേശം.

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,000 പേരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. മോദി സര്‍ക്കാരിന്റെ ഭരണ കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയെ കുറിച്ച് ചോദിക്കുമ്പോള്‍ രാജാവ് കോപിക്കുമെന്നും എന്നാല്‍ യഥാര്‍ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം വിമർശിച്ചു.

പ്രധാനമന്ത്രി നുണ പറയുന്നു

ഒരു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാദം പച്ച കള്ളമാണെന്ന് വി ശിവദാസന്‍ എം പി ദി ഫോര്‍ത്തിനോട് പ്രതികരിച്ചു. പ്രഖ്യാപനത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് പ്രസ്തുത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കളവായിരുന്നു എന്നത് ഈ മറുപടിയിലൂടെ വ്യക്തമാണെന്ന് വി ശിവദാസൻ പറഞ്ഞു.

വി ശിവദാസൻ
വി ശിവദാസൻ

രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ നിലയിലെത്തുന്ന ചിത്രമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിയമനങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ്. സൈന്യത്തില്‍ ഒരു ലക്ഷത്തിലധികമുള്ള ഒഴിവുകള്‍ സര്‍ക്കാര്‍ ഇതുവരെ നികത്തിയിട്ടില്ല. സൈന്യത്തില്‍ സ്ഥിരം നിയമനം കുറയ്ക്കുന്നതിനും ഭാവിയില്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് അഗ്‌നിപഥ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിക്കുന്നതെന്നും വി ശിവദാസൻ ആരോപിച്ചു.

2017-ന് ശേഷം ബിഎസ്എന്‍എല്‍ ഒരു നിയമനം പോലും നടത്തിയിട്ടില്ല. റെയില്‍വേയിലെ നിയമനങ്ങളുടെ ചിത്രവും വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in