നഗരങ്ങളിൽ തൊഴിലില്ലായ്മ കുറഞ്ഞു; ദേശീയ നിരക്ക് 7.2%
രാജ്യത്തെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് നാഷണൽ സാമ്പിൾ സർവേ സർവേ (എൻഎസ്എസ്ഒ). 2022 ഒക്‌ടോബർ-ഡിസംബർ കാലയളവിൽ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ 8.7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകൾ. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം രാജ്യത്ത്, 2021 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ തൊഴിലില്ലായ്മ ഉയർന്ന നിരക്കിലായിരുന്നു.
എന്നാൽ 2022 ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ തൊഴിലില്ലായ്മ നിരക്കും 7.2% മാത്രമായിരുന്നു. 2022 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളിൽ 7.6 ശതമാനമായിരുന്നു. 2022 ജനുവരി-മാർച്ച് മാസങ്ങളിൽ അത് 8.2 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിലെ (15 വയസും അതിൽ കൂടുതലുമുള്ള) സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ഒരു വർഷം മുൻപ് 10.5 ശതമാനത്തിൽ നിന്ന് 2022 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 9.6 ശതമാനമായി കുറഞ്ഞുവെന്നും കണക്കുകൾ കാണിക്കുന്നു. 2022 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇത് 9.4 ശതമാനവും 2022 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 9.5 ശതമാനവും 2022 ജനുവരി-മാർച്ച് മാസങ്ങളിൽ ഇത് 10.1 ശതമാനവുമായിരുന്നു.
പുരുഷന്മാരിൽ, നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2022 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 6.5 ശതമാനമായി കുറഞ്ഞു. ഒരു വർഷം മുൻപ് ഇത് 8.3 ശതമാനമായിരുന്നു. 2022 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇത് 6.6 ശതമാനവും 2022 ഏപ്രിൽ-ജൂണിൽ 7.1 ശതമാനവും 2022 ജനുവരി-മാർച്ചിൽ 7.7 ശതമാനവുമായിരുന്നു.
15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ നഗരപ്രദേശങ്ങളിലെ തൊഴിൽ പങ്കാളിത്ത നിരക്ക് 2022 ഒക്ടോബർ-ഡിസംബർ പാദത്തിൽ 48.2 ശതമാനമായി വർധിച്ചു. ഒരു വർഷം മുൻപ് ഇതേ കാലയളവിൽ ഇത് 47.3 ശതമാനമായിരുന്നു. 2022 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇത് 47.9 ശതമാനവും 2022 ഏപ്രിൽ-ജൂണിൽ 47.5 ശതമാനവുമായിരുന്നു.