'ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരം'; ഭഗവാൻ ശിവന്റെ മണ്ണെന്ന് യോഗി ആദിത്യനാഥ്

'ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരം'; ഭഗവാൻ ശിവന്റെ മണ്ണെന്ന് യോഗി ആദിത്യനാഥ്

നിലവില്‍ മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്ത് 17-ാം നൂറ്റാണ്ടില്‍ ഒരു വലിയ ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നതായി ദേശീയ അർക്കിയോളജി സർവെ റിപ്പോർട്ട് പറയുന്നു
Updated on
1 min read

ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാൻ വിശ്വനാഥനെ (ശിവൻ) പ്രതിനിധാനം ചെയ്യുന്ന മണ്ണാണെന്നാണ് പ്രദേശത്തെ യോഗി വിശേഷിപ്പിച്ചത്. ഒരു സമന്വയ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ നാഥ് പന്തിന്റെ സംഭാവന എന്ന വിഷയത്തില്‍ ദീൻ ദയാല്‍ ഉപാദ്യായ് ഗൊരഖ്‌പൂർ സർവകലാശാലയില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിലാണ് യോഗി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിലവില്‍ മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്ത് 17-ാം നൂറ്റാണ്ടില്‍ ഒരു വലിയ ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നതായി ദേശീയ അർക്കിയോളജി സർവെ റിപ്പോർട്ട് പറയുന്നു. മസ്‌ജിദിന്റെ പടിഞ്ഞാറൻ വശത്തുള്ള ഭിത്തി ക്ഷേത്രത്തിന്റെ ഭാഗമായിരുന്നെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഗ്യാൻവാപി മസ്ജിദ് ക്ഷേത്രത്തിന്റെ മുകളില്‍ നിർമ്മിച്ചതാണെന്ന ഹിന്ദുവിഭാഗത്തിന്റെ വാദത്തിൻമേല്‍ നിയമപോരാട്ടം തുടരുകയാണ്. ഹിന്ദുവിഭാഗത്തിന്റെ അവകാശവാദത്തെ മസ്ജിദ് കമ്മിറ്റി എതിർക്കുകയും ചെയ്യുകയായിരുന്നു.

'ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരം'; ഭഗവാൻ ശിവന്റെ മണ്ണെന്ന് യോഗി ആദിത്യനാഥ്
വിട കോമ്രേഡ് യെച്ചൂരി; പ്രിയസഖാവിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍, ഭൗതികശരീരം എംയിസിന് കൈമാറി

ആദിത്യനാഥിന്റെ വാക്കുകള്‍ സമാജ്‌വാദി പാർട്ടി (എസ് പി) രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. യോഗി കോടതിയുടെ വാക്കുകളെ ബഹുമാനിക്കുന്നില്ലെന്ന് എസ് പി വക്താവ് അബ്ബാസ് ഹൈദർ പറഞ്ഞു. ഇത് കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോടതിക്ക് അർഹമായ ബഹുമാനം നല്‍കുന്നില്ലെന്നാണ് തോന്നുന്നത്. തന്റെ രാഷ്ട്രീ താത്പര്യത്തിന് വേണ്ടി യോഗി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അബ്ബാസ് കൂട്ടിച്ചേർത്തു.

എന്നാല്‍ യോഗിയുടെ വാദങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് ബിജെപി ഘടകം. ചരിത്രപരവും പുരാവസ്തുപരവും ആത്മീയവുമായ തെളിവുകള്‍ ഗ്യാൻവാപിയില്‍ ക്ഷേത്രം നിലനിന്നിരുന്നതായാണ് വ്യക്തമാക്കുന്നതെന്ന് ഉത്തർപ്രദേശ് ബിജെപി വക്താവ് മനീഷ് ശൂക്ല പറഞ്ഞു.

ആയോധ്യ ഹനുമാൻഗർഹി ക്ഷേത്രത്തിലെ മുഖ്യകർമിയായ രാജു ദാസും യോഗിയുടെ വാക്കുകള്‍ ആവർത്തിച്ചു. "ഗ്യാൻവാഹിയെ പള്ളിയെന്ന് വിളിക്കുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. അത് കാശി വിശ്വനാഥന്റെ ക്ഷേത്രമാണ്. കാഴ്ചയില്ലാത്തൊരാള്‍ക്ക് പോലും ആ കെട്ടിടത്തെ സ്പർശിച്ചാല്‍ അത് തിരിച്ചറിയാനാകും. ക്ഷേത്രമാണ് എത്രകാലമായി ഞങ്ങള്‍ വാദിക്കുന്നു, വിഡ്ഢികള്‍ക്ക് മാത്രമാണ് അത് പള്ളി," രാജു ദാസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in