ഏക വ്യക്തിനിയമം: പാര്‍ലമെന്ററി സമിതി യോഗത്തില്‍ എതിര്‍പ്പ് വ്യക്തമാക്കി പ്രതിപക്ഷം
യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരേ പാര്‍ലമെന്ററി സമിതി യോഗത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ് , ബിആര്‍എസ് , ഡിംകെ പാര്‍ട്ടികളാണ് യോഗത്തില്‍ എതിര്‍പ്പുന്നയിച്ചത്. ബില്ല് കൊണ്ടുവരുന്നതിന് സര്‍ക്കാരിന് ഇത്ര തിടുക്കമെന്തിനാണെന്നും പ്രതിപക്ഷ കക്ഷികള്‍ ആരാഞ്ഞു. യോഗത്തില്‍ സിവില്‍ കോഡ് ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഏറ്റവും ശക്തമായി രംഗത്ത് വന്നത് കോണ്‍ഗ്രസും ഡിഎംകെയുമാണ്. ബിആര്‍എസ് പ്രതിജ്ഞാബദ്ധമായി നിലകൊണ്ടപ്പോള്‍ ബിഎസ്പിയും ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും നിയമം പ്രാബല്യത്തില്‍ വരണമെന്നാണ് വാദിച്ചത്.
ഈ ഘട്ടത്തില്‍ ഒരു ഏക വ്യക്തി നിയമത്തിന്റെ ആവശ്യമില്ലെന്നും പകരം ഓരോ നിയമവും ക്രോഡീകരിക്കണമെന്നും വിവേചനപരമായ വ്യവസ്ഥകള്‍ ഇല്ലതാക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചു. ബിജെപി എംപിമാര്‍ ഏക വ്യക്തി നിയമം നടപ്പാക്കുന്നതിനെ പിന്തുണച്ചപ്പോള്‍ പാര്‍ലമെന്ററി പാനല്‍ ചെയര്‍മാന്‍ സുശീല്‍ കുമാര്‍ മോദി ഉള്‍പ്പടെയുള്ള ചിലര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ആദിവാസി മേഖലകളെയും ഇതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിര്‍ദേശിച്ചത്. ''ഭരണഘടനയുടെ ആറാം ഷെഡ്യൂളിലെ അനുഛേദം 371 പ്രകാരമാണ് അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നത് അത് നിലനിര്‍ത്തണം'' സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. പാര്‍ലമെന്ററി പാനലില്‍ അംഗങ്ങളായ 30 എംപിമാരില്‍ ബിജെപി, കോണ്‍ഗ്രസ്, ബിആര്‍എസ്, ശിവസേന, ബിഎസ്പി, ഡിഎംകെ എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള 17 എംപിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്,
നിയമം സംബന്ധിച്ച് കേന്ദ്ര നിയമ കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ആദ്യം വേണ്ടതെന്നു ബിആര്‍എസും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ആവശ്യപ്പെട്ടു. ജൂണ്‍ 14-ന്, 22-ാമത് ലോ കമ്മീഷന്‍ യുസിസി വിഷയത്തില്‍ മതസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടിയിരുന്നു. വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ കമ്മീഷന്‍ 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. മേയില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുള്‍പ്പെടെ തുടര്‍ച്ചയായി ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രകടന പത്രികകളുടെ ഭാഗമാണ് ഏക വ്യക്തി നിയമം.ബിജെപി സര്‍ക്കാരുള്ള ഉത്തരാഖണ്ഡ് ഇപ്പോള്‍ തന്നെ സ്വന്തമായി ഒരു കോമണ്‍ കോഡ് രൂപപ്പെടുത്തിവരികയാണ്.