മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്, സാമ്പത്തിക സര്‍വേ നല്‍കുന്ന സൂചനകള്‍
നരേന്ദ്ര മോദി നയിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനായി കാത്തിരിക്കുകയാണ് രാജ്യം. ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ എന്തായിരിക്കും മൂന്നാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ എന്നതിലേക്ക് വ്യക്തമായ സൂചനകള്‍ നല്‍കുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തിരിഞ്ഞുനോട്ടം, പരിശോധന, ദീര്‍ഘ വീക്ഷണം എന്നിവ അടങ്ങുന്നതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ സ്വകാര്യ മേഖല, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവ തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മൂലധനത്തിന്റെ അടിസ്ഥാനം കോര്‍പ്പറേറ്റ് മേഖലയാണെന്ന സൂചന മുന്നോട്ടുവയ്ക്കുന്ന സാമ്പത്തിക സര്‍വേ മുന്‍ മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്നും വ്യക്തമായ ഒരു മാറ്റം ഇത്തവണ ഉണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, രാജ്യത്തെ സ്വകാര്യ മേഖല, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വളര്‍ച്ച, തൊഴില്‍ മേഖല, വരുമാനം എന്നിവയുടെ ഉയര്‍ച്ചയ്ക്ക് സഹായിക്കുന്ന ഏകമാര്‍ഗം എന്നും പറഞ്ഞുവയ്ക്കുന്നു. രാജ്യം വികസനത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ വളര്‍ച്ചയ്ക്കും പുരോഗതിക്കുമുള്ള മേഖലകളും ഇത് തിരിച്ചറിയുന്നു എന്ന് വ്യക്തമാക്കുന്നതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് പങ്കുവച്ച് കൊണ്ട് പ്രതികരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പരിഷ്‌കാരങ്ങളുടെ ഫലങ്ങള്‍ സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചു തുടങ്ങി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
476 പേജ് വരുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോവിഡ് കാലത്തിന് ശേഷം നടത്തിയ മുന്നേറ്റത്തെ അടയാളപ്പെടുത്താനാണ് ശ്രമിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ വളര്‍ച്ച നേടാനായി. 2022-23 വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. ബാങ്കിങ്-ധനകാര്യ മേഖല തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വച്ചതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മൂലധന സമാഹരണത്തില്‍ സ്വകാര്യ മേഖലയുടെ നിക്ഷേപം ഗണ്യമായി ഉയരുന്നത് നേട്ടമാണെന്നും സര്‍വേ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ചാ വേഗം കൈവരിക്കാനായില്ലെങ്കിലും വളര്‍ച്ചാവേഗം തിരിച്ചു പിടിക്കുന്നതിന് ആഭ്യന്തരമായ ശ്രമങ്ങള്‍ ഗണ്യമായ തോതില്‍ വേണമെന്ന നിര്‍ദേശവും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കാര്‍ഷിക മേഖലയില്‍ 4.18 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മുന്‍ വര്‍ഷം കൈവരിക്കാനായത്. വരുന്ന വര്‍ഷം കാര്‍ഷിക മേഖല മെച്ചപ്പെടുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. മോശം കാലാവസ്ഥയാണ് വിലക്കയറ്റ പ്രവണതകള്‍ക്ക് കാരണമാകുന്നത് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ദീര്‍ഘകാല വിലസ്ഥിരത നേടണമെങ്കില്‍ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തി മുന്നോട്ടു നീങ്ങണമെന്ന നിര്‍ദേശം കാര്‍ഷിക മേഖലയിലെ പരിഷ്‌കരണ നടപടികളില്‍ നിന്നും കേന്ദ്രം പിന്നോട്ട് പോകാന്‍ ചിന്തിക്കുന്നില്ലെന്ന സൂചനയാണ് നല്‍കുന്നത്.
കാർഷിക മേഖലയുടെ തകർച്ചമൂലം ഭക്ഷ്യസാധനങ്ങൾക്ക് വിലക്കയറ്റ പ്രവണത നിലനില്‍ക്കുന്നു. വിളകള്‍ക്ക് വലിയ തോതില്‍ നാശമുണ്ടായി. ദീര്‍ഘകാല വിലസ്ഥിരത നേടണമെങ്കില്‍ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തി മുന്നോട്ടു നീങ്ങണം; വ്യാവസായിക മേഖലയില്‍ വളര്‍ച്ച 9.5 ശതമാനം. മണ്‍സൂണ്‍ മോശമായതിനാല്‍ ഭക്ഷ്യധാന്യ ഉല്‍പാദനം നേരിയ തോതില്‍ കുറഞ്ഞെങ്കിലും അടുത്ത വര്‍ഷം കാര്‍ഷിക മേഖല മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാഗേശ്വരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, കോര്‍പ്പറേറ്റ് മൂലധനത്തിനും ഓഹരി വിപണിക്കും പ്രാധാന്യം നല്‍കുന്ന നിലയിലാകും രാജ്യത്തെ ബജറ്റ് എന്ന ചര്‍ച്ചകളും സജീവമാണ്. ഓഹരി വിപണി കൈവരിക്കുന്ന നേട്ടം രാജ്യത്തിന്റെ യഥാര്‍ഥ സമ്പദ് വ്യവസ്ഥയുടെ പ്രതിഫലനമാണെന്ന വിലയിരുത്തല്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മൊത്ത ആഭ്യന്തര ഉല്‍പാദനവും വിപണി വളര്‍ച്ചയും തമ്മിലുള്ള അന്തരം വലുതാണെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്.