രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കാര്യമില്ല; ബജറ്റിൽ കേരളത്തിന് അവഗണന മാത്രം

രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കാര്യമില്ല; ബജറ്റിൽ കേരളത്തിന് അവഗണന മാത്രം

തൃശൂരിൽ ഒരു എംപി ഉണ്ടായിട്ട് പോലും പ്രത്യേകിച്ച് എന്തെങ്കിലും പദ്ധതികൾ കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചില്ല
Updated on
2 min read

ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കിടയിലും കേന്ദ്ര ബജറ്റിൽ കേരളത്തിന് ബാക്കി അവഗണന മാത്രം. നിരവധി പ്രതിസന്ധികളിൽ പെട്ട് ഉഴലുന്ന കേരളത്തിന് 24000 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന് പേരിനുപോലുമൊരു പദ്ധതി അനുവദിച്ചില്ല എന്ന് മാത്രമല്ല സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ പോലും കൂട്ടാക്കിയില്ല.

ബജറ്റിന് മുമ്പുള്ള ആലോചനകളുടെ ഭാഗമായി ശനിയാഴ്ച ന്യൂഡൽഹിയിലെത്തിയ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ നിരവധി ആവശ്യങ്ങളായിരുന്നു ധനമന്ത്രിയോട് നേരിട്ട് ഉന്നയിച്ചത്. ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചപ്പോഴും കേരളത്തെ കുറിച്ച് മിണ്ടാനോ പരിഗണിക്കാനോ ശ്രമിച്ചില്ല എന്നാണ് ഇപ്പോഴുയരുന്ന വിമർശനം.

രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കാര്യമില്ല; ബജറ്റിൽ കേരളത്തിന് അവഗണന മാത്രം
സര്‍ക്കാര്‍ നിലനില്‍ക്കണം, സഖ്യകക്ഷികളെ പിണക്കാന്‍ വയ്യ; ബജറ്റില്‍ ബിഹാറിന് വാരിക്കോരി, ആന്ധ്രയ്ക്കും തലോടല്‍

കേരളത്തിൽ നിന്ന് ഒരു എംപി ഉണ്ടായാൽ കേന്ദ്ര പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും വലിയ തോതിൽ ഇങ്ങോട്ടെത്തിക്കാൻ സാധിക്കുമെന്ന അവകാശവാദമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ആവർത്തിച്ചത്. എന്നാൽ തൃശൂരിൽ ഒരു എംപി ഉണ്ടായിട്ട് പോലും പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. തൃശ്ശൂരിൽ നിന്നും വിജയിച്ച ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നിരന്തരം ഉന്നയിച്ച കാര്യമായിരുന്നു തന്നിലൂടെ കേന്ദ്രപദ്ധതികൾ എത്തിക്കുമെന്നത്, എന്നാൽ എല്ലാം പാഴ്വാക്കായി എന്നുവേണം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ മനസിലാക്കാൻ.

കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് കാലങ്ങളായി സംസ്ഥാനം ഉയർത്തുന്ന ആവശ്യമാണ്. ഇത് തങ്ങളിലൂടെ യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നു. എന്നാൽ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല. സാമ്പത്തിക നയങ്ങളിൽ കേന്ദ്രം കാണിക്കുന്ന വിവേചനങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് കേരളം ഈ ഫെബ്രുവരിയിൽ നടത്തിയ സമരം മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയുൾപ്പെടെ പങ്കാളിത്തത്തിൽ ഏറെ മാധ്യമശ്രദ്ധപിടിച്ചുപറ്റിയിരുന്നു. എന്നാൽ അതിന്റെ പ്രതിഫലനമൊന്നും തന്നെ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. ക്ഷേമപെൻഷനുകൾ മുടങ്ങിയതുൾപ്പെടെയുള്ള സാഹചര്യങ്ങൾ കേരള സർക്കാരിനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കിയ സമയത്താണ് കേന്ദ്ര സർക്കാരിനെതിരെ സമരവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് പോയത്. കേരള സർക്കാർ നടത്തിയ നവകേരള സദസിലുൾപ്പെടെ മുഖ്യചർച്ചാവിഷയമായിരുന്നു കേരളത്തിനോടുള്ള കേന്ദ്ര അവഗണന.

നിർണായക സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും ഭരണത്തിലിരിക്കുന്ന ബിഹാറിനും, ആന്ധ്രപ്രദേശിനും ബജറ്റിൽ വാരിക്കോരിയാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രത്യേക പദവി ആവശ്യപ്പെട്ട രണ്ടു സംസ്ഥാനങ്ങൾക്കും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുകയായിരുന്നു. ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. ആന്ധ്രാ പ്രദേശിനാണെങ്കിൽ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവും പ്രഖ്യാപിച്ചു.

രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കാര്യമില്ല; ബജറ്റിൽ കേരളത്തിന് അവഗണന മാത്രം
ആദായ നികുതി സ്ലാബുകളില്‍ മാറ്റം; മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല, ഇളവ് പരിധി 75,000 ആക്കി

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി കണക്കാക്കുന്ന അമരാവതിയുടെ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം നൽകണമെന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാലങ്ങളായുള്ള ആവശ്യം. 15000 കോടി രൂപയാണ് തലസ്ഥാനവികസനത്തിന് മാത്രമായി കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ അവതരിപ്പിച്ചു. സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്രയും കേന്ദ്രസഹായങ്ങൾ ലഭിച്ചത്, കേരളത്തിലെ ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കുകയാണ്.

logo
The Fourth
www.thefourthnews.in