റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം-യുപിഐ ഇടപാടുകള്‍ക്ക് പ്രോത്സാഹനം; 2,600 കോടിയുടെ പദ്ധതിയുമായി കേന്ദ്രം
രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിന് 2,600 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
റുപേ, യുപിഎ എന്നിവയിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും പദ്ധതിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടൂതല്‍ പ്രധാന്യം നല്‍കാന്‍ ഈ പദ്ധതി സഹായകമാകുമെന്നാണ് കേന്ദ്രം നിരീക്ഷിക്കുന്നത്. ഉപയോക്തൃ സൗഹൃദത്തിനും പരാതികള്‍ പരിഹരിക്കുന്നതിനും ഒരു സെല്ലും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ എത്രത്തോളം പ്രധാനമാണ് എന്ന് വ്യക്തമായ വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ ഇത്തരം ഇടപാടുകള്‍ സഹായിച്ചു. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച കാലഘട്ടത്തിലും അകലം പാലിച്ചു കൊണ്ട് ഇടപാടുകള്‍ നടത്താന്‍ ഡിജിറ്റല്‍ ഇടപാടുകളിലൂടെ സാധിച്ചതായും മന്ത്രി സഭായോഗ തീരൂമാനം വിശദീകരിച്ച് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചു.
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ 59 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 5,554 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് നടത്തിയത്. എന്നാല്‍ 2021- 2022 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും അത് 8,840 കോടിയായി ഉയര്‍ന്നു. ഭീം-യുപിഐ ഇടപാടുകള്‍ മുന്‍വര്‍ഷത്തേക്കാള്‍ 106 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതായത് ഒരു വര്‍ഷത്തിനിടയില്‍ 4,457 കോടിയുടെ അധിക വളര്‍ച്ചയാണ് നേടി. 2022-23 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഈ വര്‍ഷത്തെ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.