'ഇന്ത്യന്‍ സാമ്പത്തികമേഖല നിര്‍ണായക ഘട്ടത്തില്‍'; പ്രതീക്ഷകളുമായി സാമ്പത്തിക സര്‍വേ
രാജ്യം വീണ്ടുമൊരും ബജറ്റ് പ്രസംഗത്തിന് കാത്തിരിക്കുന്നു. മണിക്കൂറുകള്‍ക്ക് അപ്പുറം നരേന്ദ്രമോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷകളും ആകാംക്ഷകളും ഏറെയാണ്.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ നിര്‍ണായക ഘട്ടം എന്നാണ് ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സിതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച എക്കണോമിക് സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുത്തത്. രാജ്യത്തെ മൂലധന വിപണിയുടെ പങ്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടുന്ന സര്‍വേ വായ്പകള്‍ക്ക് മുകളില്‍ ബാങ്കിങ് രംഗത്തിന്റെ ആധിപത്യം കുറയുകയാണ് എന്നും ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഭാവി ശോഭനമാണെന്ന് സൂചന നല്‍കുമ്പോഴും വെല്ലുവിളികള്‍ കാത്തിരിക്കുന്നുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.5 മുതല്‍ 7 ശതമാനം വരെ വളരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2024-25ല്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച മുന്‍ സാമ്പത്തിക വര്‍ഷം കണക്കാക്കിയ 8.2 ശതമാനം എന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വരാനിരിക്കുന്ന നയ മാറ്റങ്ങളെക്കുറിച്ചുള്ള സുചനയും സാമ്പത്തിക സര്‍വേ നല്‍കുന്നു. ഇന്ത്യ 7 ശതമാനം വളരുമെന്ന് അടുത്തിടെ ഐഎംഎഫും ഏഷ്യന്‍ വികസന ബാങ്കും (എഡിബി) വിലയിരുത്തിയിരുന്നു. കോവിഡ് കാലത്തെ ശക്തമായി തന്നെ ഇന്ത്യന്‍ സാമ്പത്തികരംഗം അതിജീവിച്ചുവെന്നും സര്‍വെ വ്യക്തമാക്കുന്നു.